ഓര്‍മ്മത്തോണിയിലൂടെ
കഥ: അനീബ് നെടിയറ - വൈപ്പിനില്‍ നിന്നും ബോട്ട് യാത്ര.. ഓഫിസ് സമയം ആയത് കൊണ്ടാവും നല്ല തിരക്കുണ്ട്.പരിചയമുള്ള മുഖങ്ങള്‍ പരതി.ഇല്ല.ആരുമില്ല.ബോട്ടിറങ്ങി നടക്കുമ്പോള്‍ പിന്നില്‍ നിന്ന് അനീബേ എന്ന വിളി കേട്ടു തിരിഞ്ഞു നോക്കുമ്പോള്‍ പഴയ സഹപാഠി അനില്‍കുമാറും ചേച്ചിയും
കഥ: അനീബ് നെടിയറ
നല്ല മഴക്കാറുണ്ട്,പതിവിലും കൂടുതല്‍ തിരക്കുണ്ട് ഇന്ന് ബോട്ടില്‍.ഒരുവിധം കയറിപ്പറ്റി.ബോട്ടിന്റെ ഓരത്തായി സീറ്റ് കിട്ടി.കാഴ്ച്ചകള്‍ കണ്ട് യാത്ര ചെയ്യാന്‍ പറ്റിയ ഇടം.ഒന്ന് നീണ്ട് നിവര്‍ന്നു ഇരുന്നു.കാലത്ത് മുതലുള്ള അലച്ചിലാണ്.അരികത്തായി ഒരു മധ്യവയസ്‌ക്കന്‍.സ്രാങ്ക് ബോട്ട് നീങ്ങാനുള്ള ബെല്‍ കൊടുത്തു.ഓളങ്ങളെ കീറിമുറിച്ച് ബോട്ട് തന്റെ പ്രയാണം ആരംഭിച്ചു.
Ex-cu-se m-e... എന്ന് കേട്ടാണ് ഞാന്‍ തിരിഞ്ഞു നോക്കിയത്.തൊട്ടടുത്തു നിന്ന് രണ്ട് വിദേശികള്‍ അവര്‍ക്കുള്ള സംശയം ചോദിക്കുന്നതാണ്.ഭാഗ്യം എന്നോടല്ല. അവര്‍ക്ക് അറിയേണ്ടത് വൈപ്പിന്‍ ദ്വീപിനെയും ഫോര്‍ട്ട് കൊച്ചിയെയും കുറിച്ചാണ്. ''ഞാന്‍ ഈ നാട്ടുകാരനല്ല'' എന്ന ഭാവത്തില്‍ ചുമ്മാ കായലിലേക്ക് നോക്കിയിരുന്നു.
അങ്ങകലെ കടല്‍പ്പന്നികള്‍ കുത്തി മറിയുന്നത് കാണാമായിരുന്നു.കൊച്ചിക്കായലില്‍ മിക്കവാറും ദൃശ്യമാകുന്ന കാഴ്ച്ചയാണിത്.വിദേശികള്‍ ക്യാമറയില്‍ അതൊക്ക ഒപ്പിയെടുക്കുന്നുണ്ടായിരുന്നു.സംശയങ്ങള്‍ക്ക് കൃത്യമായ മറുപടി ലഭിക്കാത്തത് കൊണ്ടോ,പറഞ്ഞു കൊടുത്ത ചേട്ടന്റെ ഇംഗ്ലീഷ് അവര്‍ക്ക് മനസിലാകാത്തത് കൊണ്ടാണോ എന്നറിയില്ല പിന്നീട് സംശയങ്ങള്‍ കുറവായിരുന്നു.
ബോട്ട് 'എംബര്‍ക്കേഷന്‍ ജെട്ടി'യിലെത്തി.വിദേശികള്‍ ഇറങ്ങാന്‍ ഭാവിച്ചപ്പോള്‍ 'ഗൈഡ് 'ചേട്ടന്‍ അവരെ തടഞ്ഞു.അവര്‍ക്ക് വൈപ്പിനിലേക്കാ പോകേണ്ടതത്രേ.മഴ ചാറാന്‍ തുടങ്ങി.നശിച്ച മഴ എന്ന് മനസ്സിലോര്‍ത്തു. കാഴ്ചകളെ മറയ്ക്കുന്ന മഴ ബോട്ട് യാത്രയെ കൂടുതല്‍ വിരസമാക്കും.ഓളങ്ങളെ കീറിമുറിച്ച് പായുന്നത് കാണാന്‍ വളരെ ഇഷ്ട്ടമായിരുന്നു.ടാര്‍പോളിന്‍ താഴ്ത്തിത്തുടങ്ങി.എന്‍ജിന്റെ ഞരക്കം മാത്രമായി ഇപ്പോള്‍.
പുറത്ത് ആര്‍ത്തലച്ച് പെയ്യുന്ന മഴ.. കുട എടുത്തില്ലല്ലോ എന്നോര്‍ത്ത് അപ്പോഴാണ്.വീട്ടില്‍ നിന്നും കാലത്ത് ഇറങ്ങിയപ്പോള്‍ അമ്മ പലവട്ടം ഓര്‍മിപ്പിച്ചതാണ്.എടുക്കാമായിരുന്നു.(എടുത്താലും പലപ്പോഴും കുട വീട്ടിലേക്ക് തിരിച്ചെത്താറില്ല എന്ന തിരിച്ചറിവാണ് എന്നെ അതില്‍ നിന്നും പിന്തിരിപ്പിച്ചത്.)
എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് ആണ് ലക്ഷ്യമെങ്കിലും മനസ്സില്‍ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സിനിമ കാണുക എന്ന ലക്ഷ്യം കൂടി ഉണ്ടായിരുന്നു.കൂടെ വരാമെന്ന് ഏറ്റിരുന്ന സുഹൃത്ത് ക്‌ളീറ്റസ്സ് അവസാന നിമിഷം പിന്‍വാങ്ങിയതിന്റെ വിഷമവുമുണ്ട്.8.15ന്റെ 'നോബിമോന്‍' തന്നെ കിട്ടി.കൂളിംഗ് ഗ്ലാസ് ധാരിയായ സ്ഥിരം ഡ്രൈവര്‍.സ്‌കൂള്‍വാസകാലത്ത് സ്ഥിരം പോയിവന്നിരുന്ന ബസ്.കണ്ടക്ടര്‍ പരിചയം പുതുക്കി, കുശാലാന്വേഷണം നടത്തി.
വൈപ്പിനില്‍ നിന്നും ബോട്ട് യാത്ര.. ഓഫിസ് സമയം ആയത് കൊണ്ടാവും നല്ല തിരക്കുണ്ട്.പരിചയമുള്ള മുഖങ്ങള്‍ പരതി.ഇല്ല.ആരുമില്ല.ബോട്ടിറങ്ങി നടക്കുമ്പോള്‍ പിന്നില്‍ നിന്ന് അനീബേ എന്ന വിളി കേട്ടു തിരിഞ്ഞു നോക്കുമ്പോള്‍ പഴയ സഹപാഠി അനില്‍കുമാറും ചേച്ചിയും.അവരും എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലേക്കാണ്.നടക്കാവുന്ന ദൂരമേയുള്ളൂ. രെജിസ്‌ട്രേഷന്‍ നടപടികളൊക്കെ വേഗം നടത്തി സിനിമ കാണണം. ഓഫീസില്‍ ജീവനക്കാര്‍ വന്നു തുടങ്ങിയതേയുള്ളു.നല്ല തണുത്ത കാറ്റ്.. മഴ എവിടെയോ പെയ്യുന്നുണ്ട് അടുത്ത് നിന്ന 'കാലാവസ്ഥ വിദഗ്ധന്‍' പറയുന്നത് കേട്ടു...
ഒരു ചായ കുടിച്ചാലോ എന്ന ആഗ്രഹം ഉടന്‍ നടപ്പാക്കി കൂടെ ഒരു കടിയും. മഴ പെയ്യുന്നതിനു മുന്‍പ് കാര്യം നടക്കുന്ന ലക്ഷണമില്ല,തിരിച്ചു വന്നപ്പോഴേക്കും നീണ്ട നിര രൂപപ്പെട്ടു കഴിഞ്ഞിരുന്നു.അറ്റത്തായി ഞാനും സ്ഥാനം പിടിച്ചു.ചായ കുടിക്കാന്‍ തോന്നിയ നിമിഷത്തെ ശപിച്ചു.'വേഗം ആവണേ' എന്ന് 'കുട്ടിച്ചാത്തനെ' വിളിച്ചു പ്രാര്‍ത്ഥിച്ചു.പ്രാര്‍ത്ഥന കേട്ടത് കൊണ്ടാവും പിന്നീടങ്ങോട്ട് ഒച്ചനങ്ങുന്ന വേഗത്തില്‍ ആയിരുന്നു കാര്യങ്ങള്‍.നൂണ്‍ഷോ പോയിട്ട് മാറ്റിനി പോലും കാണാന്‍ പറ്റുമെന്നു തോന്നണില്ല.മാത്രമല്ല 'കൊളംബസ് ' ഹോട്ടലിലെ ബിരിയാണിയും മനസ്സില്‍ ഉണ്ടായിരുന്നു സിനിമയ്ക്കു മുന്‍പ്.
'കുറച്ചു പേര്‍ ഇങ്ങോട്ട് നിന്നോളൂ' എന്ന ഒരു ജീവനക്കാരന്റെ ശബ്ദം കേട്ടതോടെ നിന്ന നില്‍പ്പില്‍ 'പൂഴിക്കടകന്‍ ' മറിഞ്ഞ് അടുത്ത ക്യുവില്‍ രണ്ടാം സ്ഥാനക്കാരനായി.
തലയ്ക്കു ചുറ്റും പ്രകാശം പരത്തി നില്‍ക്കുന്ന മാലാഖയുടെ മുഖം ആയിരുന്നു ആ സാറിനു അപ്പോള്‍.. പേര് രജിസ്റ്റര്‍ ചെയ്യാതെ ജോലി കിട്ടിയ പ്രതീതി.കാര്യങ്ങള്‍ ദ്രുതഗതിയിലായി പിന്നീട് അങ്ങോട്ട്.എന്റെ ഭാവി കേരള സര്‍ക്കാരിനെ ഏല്‍പ്പിച്ച് കിട്ടിയ രശീതിയും പോക്കറ്റില്‍ ഇട്ട് 'കൊളംബസ്' ഹോട്ടല്‍ ലക്ഷ്യമാക്കി വച്ച് പിടിച്ചു.
ബിരിയാണി കിട്ടുമെന്നോര്‍ത്താവാം വയറ് കാളാന്‍ തുടങ്ങി.അകലെ നിന്ന് തന്നെ ബിരിയാണിയുടെ ഗന്ധം മൂക്കിലേക്ക് അടിച്ചു തുടങ്ങി.പോക്കറ്റിലെ പൈസ അവിടെത്തന്നെയുണ്ടെന്നു ഉറപ്പ് വരുത്തി ബിരിയാണി ഓര്‍ഡര്‍ ചെയ്തു... നടുക്ക് മുട്ട ഫിറ്റ് ചെയ്ത ബിരിയാണി എത്തി... ആസ്വദിച്ച് കഴിക്കാനുള്ള സമയം ഇല്ലാത്തത് കൊണ്ട് വേഗത്തില്‍ കഴിച്ചു തീര്‍ത്തു.. അടുത്ത ലക്ഷ്യം 'സവിത' യാണ്. 'കുട്ടിച്ചാത്തന്' ടിക്കറ്റ് കിട്ടുമോ എന്ന വേവലാതി എന്റെ പാദങ്ങളുടെ വേഗത വര്‍ദ്ധിപ്പിച്ചു.
സാമാന്യം നല്ല തിരക്കുണ്ട് സിനിമ കാണാന്‍.. ടിക്കറ്റ് എടുത്ത് 3ഉ കണ്ണടയും വാങ്ങി എറ്റവും ആദ്യം കാണാവുന്ന തരത്തിലുള്ള സീറ്റില്‍ ഇരിപ്പുറപ്പിച്ചു. നല്ല ഒരു ദൃശ്യാനുഭവം. കണ്ണട തിരിച്ചേല്‍പ്പിച്ച് അടുത്ത ബസില്‍ കയറി 'ജെട്ടിയിലേക്ക്'.എത്രയും പെട്ടെന്ന് വീട് പിടിക്കണം അല്ലെങ്കില്‍ താമസിച്ചതിന്റെ കാരണം അമ്മയെ ബോധിപ്പിക്കേണ്ടി വരും.
ണിം... ണിം.. ണിം... ബോട്ട് അടുപ്പിക്കാനുള്ള മണി ശബ്ദം കേട്ടാണ് ചിന്തയില്‍ നിന്നുണര്‍ന്നത്... മഴ ശമിച്ചിട്ടുണ്ട്.. യാത്രക്കാര്‍ സീറ്റ് വിട്ട് വാതിലിനരികിലേക്കു നീങ്ങിത്തുടങ്ങി... ഞാനും ആ ഒഴുക്കില്‍ ചേര്‍ന്നു... വിദേശികള്‍ വാ തോരാതെ എന്തോക്കെയോ പറയുന്നുണ്ട്... 'ഗൈഡ് ' ചേട്ടന്‍ സംസാരിച്ചു പെടാപ്പാട് പെടുന്നുണ്ട്...
ബോട്ട് ജെട്ടിയില്‍ അടുത്തു... പതിവ് തെറ്റിക്കാതെ എല്ലാ യാത്രക്കാരും ഇറങ്ങി ഓടാന്‍ തുടങ്ങി.. സ്ത്രീകള്‍ അടക്കം എല്ലാവരും ഓടുന്നത് കണ്ട വിദേശികള്‍ ഒരു നിമിഷം പകച്ചു നിന്നെങ്കിലും അവരും കൂടെ ഓടാന്‍ തുടങ്ങി (ബോട്ട് മുങ്ങിത്തുടങ്ങി എന്ന പോലെ)..കാര്യം അറിയാതെ ഓടുന്ന വിദേശികളെ കണ്ട് ചിരി അടക്കാന്‍ വയ്യാതെ ഞാനും... മുതുകില്‍ അത്യാവശ്യം കനമുള്ള ബാഗ് തൂക്കി രണ്ട് പേരും ഓടുന്നത് കൗതുകത്തോടെ കൂടെ ഓടുന്നവരും സാകൂതം നോക്കുന്നുണ്ടായിരുന്നു... ഓട്ടത്തിന്റെ ഉദ്ദേശ്യം വിദേശികള്‍ക്കൊഴിച്ച് ബാക്കി എല്ലാവര്‍ക്കും അറിയാവുന്നത് കൊണ്ട് കാരണം അറിയാതെ ഓടുന്ന വിദേശികള്‍ മറ്റുള്ളവര്‍ക്ക് തമാശയായി...
ആദ്യം ഓടി എത്തിയവര്‍ ബസ്സില്‍ തങ്ങളുടെ സീറ്റ് ഉറപ്പിച്ചു... എനിക്കും കിട്ടി സൈഡ് സീറ്റ്... ഓട്ടത്തിന്റെ യഥാര്‍ത്ഥ കാരണം മനസ്സിലായ വിദേശികള്‍ ഇളിഭ്യതയോടെ ചിരിച്ച് ഓട്ടം അവസാനിപ്പിച്ചു.. ജീവിതത്തില്‍ എന്നും ഓര്‍ത്ത് ചിരിക്കാന്‍ വക നല്‍കിയ കുറച്ച് നിമിഷങ്ങള്‍....
ബസ് നീങ്ങിത്തുടങ്ങി.... കാഴ്ചകള്‍ക്ക് വേഗം കൂടി വരുന്നു... വേലിത്തലപ്പുകളില്‍ നിന്ന് ചിതറിത്തെറിക്കുന്ന മഴത്തുള്ളികള്‍... ആ യാത്ര തുടര്‍ന്നു.....
രചനകള്‍ അയക്കാനുള്ള വിലാസം : helloashachechi@gmail.com
whatsapp: +91 80758 86342


