അറിവിന്റെ പ്രകാശം ചൊരിയുന്ന പുണ്യദിനം -

വാക്ക് അഗ്‌നിയാണ്,ആ അഗ്‌നിയെ സരസ്വതി മന്ത്രത്താല്‍ മനസിന്റെ അകത്തളങ്ങളിലേക്ക് ആവാഹനം നടത്തുന്ന ദിനമാണ് വിജയദശമി.

അറിവിന്റെ പ്രകാശം ചൊരിയുന്ന പുണ്യദിനം -

അജ്ഞതയുടെ ഇരുള്‍ നീക്കി അറിവിന്റെ പ്രകാശം ചൊരിയുന്ന പുണ്യദിനമാണ് വിജയദശമി.നവരാത്രി ആഘോഷങ്ങളുടെ പരിസമാപ്തി കുറിക്കപ്പെടുന്നത് വിജയ ദശമി നാളിലെ വിദ്യാരംഭത്തോടു കൂടിയാണ്.ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടു നില്‍ക്കുന്ന ഈ ഉത്സവത്തില്‍ ആദിപരാശക്തിയുടെ ഒന്‍പത് രൂപങ്ങളെയാണ് ആരാധിച്ചു പോരുന്നത്.

നവരാത്രിയുടെ ആദ്യ മൂന്ന് ദിവസങ്ങളില്‍ സംഹാര ശക്തിയായ ദുര്‍ഗയേയും, തൊട്ടടുത്ത മൂന്ന് ദിവസങ്ങളില്‍ അഷ്ട ഐശ്വര്യവും നല്‍കുന്ന ലക്ഷ്മിയേയും, അവസാന മൂന്ന് ദിനങ്ങളില്‍ അക്ഷരാഗ്‌നിയുടെ ദേവതയായ സരസ്വതിയേയുമാണ് പൂജിക്കുക.

വിദ്യ, കലകള്‍, ജ്ഞാനം, വാഗ്വിലാസം, ബുദ്ധി തുടങ്ങിയവയുടെ അധിപതിയായ സരസ്വതി ദേവിയെയാണ് പത്താം ദിനമായ വിജയദശമി നാളില്‍ ആരാധിക്കുന്നത്.വിദ്യ അഭ്യസിക്കുന്നവരുടേയും വിദ്യ പകര്‍ന്നു നല്‍കുന്നവരുടേയും ആരാധ്യദേവതയാണ് സരസ്വതി ദേവി.

സര്‍വ്വവും പവിത്രീകരിക്കുന്ന യജ്ഞമാണ് നവരാത്രി.നവരാത്രി ആഘോഷങ്ങളില്‍ ജ്ഞാനത്തിന്റെ പ്രാധാന്യത്തെ പ്രതീകാത്മകമായി അവതരിപ്പിക്കുന്ന വിദ്യാരംഭം എന്ന ചടങ്ങ് കേരളത്തിന്റെ മാത്രം സവിശേഷതയാണ്.

വാക്ക് അഗ്‌നിയാണ്,ആ അഗ്‌നിയെ സരസ്വതി മന്ത്രത്താല്‍ മനസിന്റെ അകത്തളങ്ങളിലേക്ക് ആവാഹനം നടത്തുന്ന ദിനമാണ് വിജയദശമി.എട്ടാം ദിനത്തിലെ പുസ്തക പൂജയുടേയും ഒന്‍പതാം ദിനമായ മഹാനവമിയിലെ ആയുധ പൂജയുടേയും ചടങ്ങുകള്‍ക്ക് പര്യവസാനം കുറിക്കപ്പെടുന്ന ഈ പുണ്യദിനമാണ്, ജ്ഞാനത്തിന്റെയും പ്രകാശത്തിന്റെയും വിജയത്തിലേക്ക് വാതായനങ്ങള്‍ മലര്‍ക്കേ തുറന്നിടുന്ന വിജയദശമി.

ദേവീ പൂജക്ക് ഏറ്റവും പ്രാധാന്യമുള്ള ഈ സമയത്ത് ഭക്തിയോടെ ദേവിയെ പൂജിച്ചാല്‍ സര്‍വ്വ ആഗ്രഹങ്ങളും സാധിക്കപ്പെടുമെന്ന് പഴമക്കാര്‍ പറയുന്നു.നവരാത്രി കാലത്ത് ദേവീ പൂജ ചെയ്താല്‍ ഒരു വര്‍ഷം മുഴുവന്‍ ദേവീ പൂജ ചെയ്ത ഫലം സിദ്ധിക്കുമെന്നും വിശ്വാസമുണ്ട്.വിദ്യാ തടസ്സം മാറുക,സന്താനലാഭം, മംഗല്യ ഭാഗ്യം,ശത്രുനാശം, ദാരിദ്ര്യമുക്തി എന്നിവയൊക്കെ നവരാത്രി കാലത്തെ ദേവീ പൂജയിലൂടെ സിദ്ധിക്കുമെന്നാണ് ആചാര്യമതം. 

കേരളത്തിലെ നവരാത്രി ആഘോഷങ്ങളില്‍ ഏറെ പ്രധാനം അഷ്ടമി, നവമി ദശമി എന്നീ ദിവസങ്ങള്‍ക്കാണ്. അഷ്ടമി ദിവസം ഗ്രന്ഥങ്ങളും, നവമി നാളില്‍ പണിയായുധങ്ങളും ദേവിക്ക് സമര്‍പ്പിച്ച് പ്രാര്‍ഥിക്കുന്നു. ദശമി ദിനം രാവിലെ വിദ്യാദേവതയായ സരസ്വതിയെയും വിഘ്‌നേശ്വരനായ ഗണപതിയെയും ലോക ഗുരുവായ ദക്ഷിണാമൂര്‍ത്തിയെയും വേദവ്യാസനെയും പൂജിച്ച് തൃപ്തിപ്പെടുത്തണമെന്നാണ് പണ്ഡിതമതം. ഇവരുടെ അനുഗ്രഹം വാങ്ങി വിദ്യയും കര്‍മ്മവും സ്വീകരിക്കുന്നു എന്നാണ് വിശ്വാസം. കര്‍മ്മങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ പുനരാരംഭിക്കുക, കുട്ടികളെ ആദ്യമായി വിദ്യ കുറിപ്പിക്കുക, പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികള്‍ പഠനം ശക്തമാക്കുക എന്നിവയെല്ലാമാണ് വിജയദശമിയുടെ ലക്ഷ്യമായി കണക്കാക്കപ്പെടുന്നത്.  

മഹാനവമിയിലെ ആയുധ പൂജ

മഹാനവമി ദിനത്തില്‍ എന്തുകൊണ്ട് ആയുധപൂജ നടത്തുന്നു എന്നതിനെപ്പറ്റി ഒരു ഐതിഹ്യമുണ്ട്.പഞ്ചപാണ്ഡവര്‍ വനവാസ കാലത്ത് ആയുധങ്ങളെല്ലാം വലിയൊരു വഗ്‌നി മരത്തിന്റെ പൊത്തില്‍ ഒളിപ്പിച്ചു വെച്ചു.പന്ത്രണ്ട് വര്‍ഷം നീണ്ടു നിന്ന വനവാസത്തില്‍ പാണ്ഡവരുടെ ദിവ്യായുധങ്ങള്‍ക്ക് സംരക്ഷണം നല്‍കിയത് ഈ വഗ്‌നി മരമായിരുന്നുവത്രേ.

രക്ഷയ്ക്കായി പാണ്ഡവര്‍ നിത്യവും ദുര്‍ഗ്ഗാദേവിയോട് പ്രാര്‍ത്ഥിച്ചിരുന്നു. ദേവി അവരെ അനുഗ്രഹിക്കുകയും ചെയ്തു. വനവാസം പൂര്‍ത്തിയാക്കിയപ്പോള്‍ മരപ്പൊത്തില്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങളെല്ലാം ആ വരച്ചുവട്ടില്‍ വച്ച് തന്നെ അവര്‍ പൂജിച്ചു. വനദുര്‍ഗ്ഗയായും തിന്മകളെ ഇല്ലാതാക്കി നന്മകള്‍ക്ക് വിജയമേകുന്നവളായും സങ്കല്‍പ്പിച്ച് ഒമ്പത് ദിവസം ദേവിയെ ആരാധിച്ച് ദശമി നാളില്‍ ആയുധങ്ങള്‍ തിരിച്ചെടുത്തു.

പഞ്ചപാണ്ഡവന്മാര്‍ നവരാത്രി ദിവസം ആയുധങ്ങള്‍ വച്ച് പൂജിച്ചതിനാല്‍ ആയുധപൂജ എന്നും അറിയപ്പെടുന്നു. നവരാത്രിയെ വിജയനവരാത്രിയെന്നും ദുര്‍ഗ്ഗാ നവരാത്രിയെന്നും വിശേഷിപ്പിക്കാറുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് ഇന്നും ആയുധപൂജയും നവരാത്രി ആഘോഷങ്ങളും നടക്കുന്നതെന്നാണ് വിശ്വാസം.

മൂന്ന് ലോകവും അടക്കിവാണ അസുര രാജാവായിരുന്നു മഹിഷാസുരന്‍.ഇന്ദ്രാദി ദേവകളെ സ്വര്‍ഗ്ഗത്തില്‍നിന്നും മഹിഷാസുരന്‍ ആട്ടിപ്പായിച്ചു.ഇതേ തുടര്‍ന്ന് ത്രിമൂര്‍ത്തികളുടെ നിര്‍ദ്ദേശ പ്രകാരം ദേവകളുടെ എല്ലാ തേജസും ഒന്നായി ചേര്‍ന്ന് മഹിഷ നിഗ്രഹത്തിനായി രൂപമെടുത്തതാണ് ദുര്‍ഗ്ഗാദേവി.യുദ്ധത്തിനെത്തിയ മഹിഷാസുരന്റെ മന്ത്രിമാരെ ദേവി ഒന്നൊന്നായി കൊന്നൊടുക്കി.ഒടുവില്‍ മഹിഷാസുരന്‍ തന്നെ നേരിട്ടെത്തി.യുദ്ധത്തില്‍ ദേവി വിഷ്ണുചക്രത്താല്‍ മഹിഷാസുരനെ വധിച്ചു.ദേവി വിജയം വരിച്ച കാലമാണ് വിജയദശമി. മഹിഷാസുരന്‍, ചണ്ഡാസുരന്‍, രക്തബീജന്‍, ശുംഭനിശുംഭന്മാര്‍ ,ധൂമ്രലോചനന്‍, മുണ്ഡാസുരന്‍ എന്നിവരുടെ നിഗ്രഹത്തിനായി ദേവി എടുത്ത അവതാരങ്ങളും അതില്‍ നേടിയ വിജയവുമാണ് നവരാത്രി ആഘോഷത്തിന് കാരണമായത്.

ദേവീ ഉപാസനയാണ് നവരാത്രി ആഘോഷത്തിന്റെ കാതല്‍. ഉത്തരഭാരതത്തില്‍ ഇത് രാവണ നിഗ്രഹവുമായി ബന്ധപ്പെട്ട ആഘോഷമാണെങ്കിലും രാവണനെ വധിക്കാനുള്ള ശക്തി സംഭരിക്കാന്‍ ശ്രീരാമന്‍ ഒന്‍പത് ദിവസം ദേവിയെ ഉപാസിച്ച് വരം വാങ്ങി എന്ന സങ്കല്‍പ്പമാണ് അടിസ്ഥാനം. ദേവിയുടെ ഒന്‍പത് ഭാവങ്ങളേയും പൂജിച്ച രാമന്‍ സര്‍വ്വ ശക്തിമാനായെന്നും രാവണനെ ജയിക്കാനുള്ള ശക്തി നേടിയെന്നുമാണ് വിശ്വാസം. രാമകഥയുടെ ഓര്‍മയ്ക്കായാണ് ഈ ദിനത്തില്‍ രാവണ പ്രതിമ അഗ്‌നിക്കിരയാക്കുന്ന ചടങ്ങ് വടക്കേ ഇന്ത്യയില്‍ ആചരിക്കുന്നത്.

വിദ്യാസമ്പന്നതയ്ക്കും ഐശ്വര്യത്തിനും വേണ്ടിയാണ് നവരാത്രി വ്രതം നോല്‍ക്കുന്നത്.പഠിച്ച വിദ്യകള്‍ ഫലവത്താകാന്‍ വിദ്യാദേവതയുടെ കടാക്ഷം ഉണ്ടാകണം. അതിന് നവരാത്രി വ്രതം നോല്‍ക്കുന്നത് ഉത്തമമായി കരുതുന്നു. വ്രതം തുടങ്ങുന്ന നാളില്‍ കുളിച്ച് ശുദ്ധിയോടെ ദേവിയെ ഉപാസിക്കുന്നു. വിജയദശമി ദിവസം വിദ്യാരംഭത്തോടെ വ്രതാനുഷ്ഠാനം അവസാനിക്കുകയും ചെയ്യും.

വ്രത നാളുകളില്‍ ക്ഷേത്രദര്‍ശനവും, ലളിതാ സഹസ്രനാമം, ദേവീമാഹാത്മ്യം, സൗന്ദര്യലഹരി തുടങ്ങിയ ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുന്നത് ഉത്തമമാണ്. വിജയദശമി നാളില്‍ ക്ഷേത്രങ്ങളില്‍ സരസ്വതീ പൂജയ്ക്കു ശേഷമാണ് പൂജയെടുപ്പ്

മഹാനവമിയിലെ അടച്ചുപൂജയില്‍ നിന്ന് ജ്ഞാനത്തിന്റേയും പ്രകാശത്തിന്റേയും വിജയത്തിലേക്ക് തുറക്കുന്ന ദിവസമാണ് വിജയദശമി. കേരളത്തില്‍ കുരുന്നുകള്‍ വിദ്യാരംഭം നടത്താറുള്ളത് വിജയദശമീ ദിനത്തിലാണ്. വാദ്യ-നൃത്തൃ സംഗീത കലകളുടേയും ആദ്യാക്ഷരം കുറിക്കാന്‍ വിജയദശമി നാളില്‍ ഉത്തമമാണ്. തേനില്‍ മുക്കിയ പവിത്രമോതിരം കൊണ്ട് നാവില്‍ സരസ്വതീ മന്ത്രം എഴുതിയാണ് കുരുന്നുകള്‍ അറിവിന്റെ ലോകത്തേക്ക് പിച്ചവെക്കുന്നത്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, കോട്ടയം പനച്ചിക്കാട് ദേവീക്ഷേത്രം, തിരൂര്‍ തുഞ്ചന്‍ പറമ്പ്, പറവൂര്‍ ദക്ഷിണ മൂകാംബിക ക്ഷേത്രം, തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകം എന്നിവിടങ്ങളിലെ വിദ്യാരംഭ ചടങ്ങുകള്‍ പ്രശസ്തമാണ്. കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും മറ്റു സാംസ്‌കാരിക കേന്ദ്രങ്ങളിലും എഴുത്തിനിരുത്താനുള്ള സൗകര്യമുണ്ട്.