തീവണ്ടി കയറി വെണ്ണക്കല്ലിന്റെ നാട്ടിലേക്ക്- ഭാഗം 4

പര്‍വ്വതാരോഹകനായ ഡോ.മുഹമ്മദ് സഹദ് സാലിഹ് തൊടുപുഴ പെരുമ്പിള്ളിച്ചിറ കിഴേടത്ത് സാലിഹ് സുഹദ ദമ്പതികളുടെ മകനാണ്.സിവില്‍ സര്‍വ്വീസിന് ഒരുങ്ങി കൊണ്ടിരിക്കുന്ന സഹദ്, ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള യുവജന പരിശീലന കേന്ദ്രത്തിലെ അധ്യാപകനാണ്.പശ്ചിമഘട്ട പര്‍വ്വതാരോഹകനായ ഇദ്ദേഹം 20 ഓളം ട്രെക്കിംഗുകള്‍ നടത്തിയിട്ടുണ്ട്

തീവണ്ടി കയറി വെണ്ണക്കല്ലിന്റെ നാട്ടിലേക്ക്- ഭാഗം 4

കഥ പറയുന്ന പ്രണയ സൗധം

                                ഡോ.മുഹമ്മദ് സഹദ് സാലിഹ്

തുടര്‍ച്ച....

 ആഗ്രയില്‍ ഡോര്‍മിട്ടറി റൂമാണ് ഞാന്‍ എടുത്തത്.150 രൂപയാണ് ഒരാള്‍ക്ക്.ബിരിയാണി ഓര്‍ഡര്‍ ചെയ്തു വരുത്തിയെങ്കിലും വിശപ്പ് അടക്കാന്‍ പാകത്തിന് ഒന്നും ഉണ്ടായിരുന്നില്ല അതില്‍.ആഗ്രയിലെ വെള്ളത്തിന്  കൊഴുപ്പ് കൂടി ഉപ്പ് രസമാണ്.നിറയെ പ്രതീക്ഷയും ആഗ്രഹവും ആകാംഷയും മനസ്സില്‍ വെച്ച് നാളെ താജ് മഹല്‍ കാണാന്‍ പോകുന്ന കാര്യങ്ങള്‍ സ്വപ്നം കാണുകയാണ് ഞാന്‍.കിടന്നത് മാത്രമേ ഓര്‍മയുള്ളൂ പിറ്റേന്ന് രാവിലെ 7 മണിയുടെ അലാറത്തിലാണ് ഉണരുന്നത്. 

ഇന്നാണ് ആ ദിവസം (28 oct 2021) ബാല്യം മുതല്‍ കേട്ട് ശീലിച്ച പാഠപുസ്തകങ്ങളില്‍ മാത്രം കണ്ടു ശീലിച്ച ലോകാത്ഭുതമായി നിലകൊള്ളുന്ന വെണ്ണക്കല്‍ നിര്‍മിതി കാണാനുള്ള ദിവസം വന്നിരിക്കുന്നു.മഞ്ഞ് മൂടി തണുത്ത കാലാവസ്ഥ.മഞ്ഞ് കാരണം താജ് മഹല്‍ വ്യക്തമായി കാണാന്‍ സാധിക്കുമോ എന്നൊരു പേടി മനസിലുണ്ട്.ഹോട്ടലില്‍ നിന്നും ഒന്നര കിലോമീറ്റര്‍ ദൂരമുണ്ട് താജിലേക്ക്.

നിര്‍മിതിയുടെ 500 മീട്ടറിന് ഉള്ളില്‍ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല.താജ് മഹല്‍ സന്ദര്‍ശകര്‍ക്ക് വേണ്ടി ഇലക്ട്രിക് വാഹനങ്ങളുമുണ്ട് ഇവിടെ. ചുവന്ന നിറത്തിലുള്ള നടപ്പാതയുടെ ഇരുവശവും ധാരാളം മരങ്ങളും ചെടികളും നട്ട് മനോഹരമാക്കിയിരിക്കുന്നു. സുവനീറുകള്‍ വില്‍ക്കുന്നവര്‍,ഭിക്ഷാടനക്കാര്‍,കുതിര സവാരി നടത്തുന്നവര്‍ അങ്ങനെ പോകുന്നു വഴിയോര കാഴ്ചകള്‍.മധുര പലഹാരവും സുവനീറുകളുമായി ധാരാളം കടകള്‍ വഴിയരികിലുണ്ട്,അവരെല്ലാം സഞ്ചാരികളെ തങ്ങളുടെ കടയിലേക്ക് ആകര്‍ഷിക്കുവാനുള്ള തിരക്കിലാണ്.താജ് മഹലിനോട് അടുക്കും തോറും ഗൈഡുകളുടെ നീണ്ട നിരയാണ്.എന്നെ കണ്ടതും ഗൈഡുകള്‍ ചുറ്റിനും നിലയുറപ്പിച്ചു.ഓരോ ആളുകളും തങ്ങളുടെ അറിവ് എത്രത്തോളം ഉണ്ടെന്ന് എന്നെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു.ഗൈഡുകളെ ഒഴിവാക്കി യാത്ര തുടരുക എന്നത് അല്പം ശ്രമകരമാണ്. 

200 മുതല്‍ 500 രൂപ വരെ ഗൈഡ് ഫീസ് നല്‍കണം.ഏറ്റവും നല്ലൊരു ഗൈഡിനെ തിരഞ്ഞെടുത്ത് ഇതുപോലുള്ള സ്ഥലങ്ങള്‍ കാണുന്നതാണ് ഏറ്റവും നല്ലത്.താജ് മഹല്‍ പ്രവേശന കവാടം വരെ ഇവര്‍ നമ്മെ ക്യാന്‍വാസ് ചെയ്തുകൊണ്ടിരിക്കും.താജ് മഹലിന്  മൂന്ന് പ്രവേശന കവാടങ്ങളാണ് ഉള്ളത്.ഫത്തേബാദ് എന്ന ഈസ്റ്റേണ്‍ ഗേറ്റ്,സിര്‍ഹി ദര്‍വാസയെന്ന സതേണ്‍ ഗേറ്റ് (പ്രവേശനം പൂര്‍ണമായും നിരോധിച്ചിരിക്കുന്നു),ഫത്തേപൂരി എന്ന വെസ്റ്റേണ്‍ ഗേറ്റ് എന്നിവയാണ് അവ.ഈസ്റ്റേണ്‍ ഗേറ്റിലൂടെ പരിശോധനകള്‍ കഴിഞ്ഞ് ഞാന്‍ താജിനുള്ളില്‍ പ്രവേശിച്ചു.പോകുന്ന വഴിയില്‍ ധാരാളം വര്‍ഷങ്ങള്‍ക്ക് മുന്‍പ് എടുത്തത് മുതല്‍ ഇപ്പോലുള്ള താജ് മഹലിന്റെ ചിത്രങ്ങള്‍ വരെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ചുറ്റും കടും ചുവപ്പ് നിറത്തില്‍ താജ് മഹലിനോട് അനുബന്ധമായി ചെങ്കല്ലുകൊണ്ട് നിര്‍മിച്ച  കെട്ടിടങ്ങളും മതിലും.ചുവന്ന നിറമുള്ള കോണ്‍ക്രീറ്റ് നടപ്പാതയാണ് അതിന് ഇരുവശവും പച്ച പുല്ലുകളും കുറ്റി ചെടികളും കൊണ്ട് മനോഹരമാക്കിയ നിലയിലാണ്.വലതു ഭാഗത്ത് വലിയ മതിലിനു പുറകില്‍ ഉദയ സൂര്യന്റെ കിരണങ്ങള്‍ വീണ് വെട്ടി തിളങ്ങുന്ന താജ് മഹല്‍ താഴികക്കുടം കാണാം.ഞാന്‍ പെട്ടെന്ന് തന്നെ മുഖം തിരിച്ചു,പ്രധാന കവാടതിലൂടെ താജ് മഹല്‍ കാണാനാണ് എന്റെ ആഗ്രഹം... 

പേരാല്‍ പോലെ തോന്നിക്കുന്ന വലിയൊരു  വൃക്ഷം അതിന് മുന്‍പില്‍ താജിലേക്കുള്ള പ്രധാന പ്രവേശന കവാടമായ ദര്‍വാസ-ഇ റൌസ അല്ലെങ്കില്‍ ഗേറ്റ്വേ ടു താജ് മഹല്‍ എന്നറിയപ്പെടുന്ന ഒരു മഹാ നിര്‍മിതി.പ്രധാന പ്രവേശന കവാടത്തിന് സമാന്തരമായി സതേണ്‍ ഗേറ്റ് സ്ഥിതി ചെയ്യുന്നു.ഖുര്‍ആന്‍  സൂക്തങ്ങളും പല നിറത്തിലുള്ള പുഷ്പ ചിത്രങ്ങളും ചുവന്ന നിറത്തിലുള്ള കവാടത്തിന്റെ ഭാഗങ്ങളില്‍ പല നിറത്തിലുള്ള മാര്‍ബിളുകളില്‍  കൊത്തി വെച്ച് മനോഹരമാക്കിയ ഭീമന്‍ പ്രവേശനകവാടം.ഗോത്തിക് വാസ്തുകലയിലുള്ള പ്രവേശന ഭാഗത്തിന് ഉള്ളിലൂടെ നടന്നു കയറുംതോറും താജ് മഹല്‍ പയ്യെ പയ്യെ തെളിഞ്ഞു വരുന്നതായി കാണാം.അതി മനോഹരമായ വെണ്ണക്കല്‍ കൊട്ടാരം എന്റെ കണ്മുന്‍പില്‍,പണ്ട് വായിച്ചറിഞ്ഞ,പുസ്തകത്തിന്റെ ഒരു കോണില്‍  കണ്ടു പരിചയമുള്ള പ്രണയ കഥകളിലും മാത്രം കേട്ടിട്ടുള്ള അഭിമാന നിര്‍മിതി കണ്മുന്‍പില്‍ കാണുമ്പോള്‍ അഭിമാനവും ആകാംഷയും മനസ്സിലൂടെ കടന്നു പോകുന്നു.അതിരാവിലെ ആയത് കൊണ്ട് ആള്‍ക്കൂട്ടം വളരെ കുറവാണ്.സമയം വൈകുന്തോറും ആളുകളുടെ എണ്ണവും വര്‍ധിക്കും.താജ് മഹല്‍ ആസ്വദിച്ചു കാണാന്‍ അത് തടസ്സമാകും.

പ്രധാന പ്രവേശന കവാടം കഴിഞ്ഞാല്‍ ജ്യാമിതീയമായ  കൃത്യത പാലിക്കുന്ന ചാര്‍ ബാഗ് എന്നുവിളിപ്പേരുള്ള വലിയൊരു ഉദ്യാനം.അതിന് ഇടതു ഭാഗത്ത് നടുവില്‍ താജ് മ്യൂസിയം.താജ് മഹലിനുള്ളില്‍ ധാരാളം ഫോട്ടോ ഗ്രഫര്‍മാരുണ്ട്.അവര്‍ക്ക് താജ് മഹല്‍ ഗാര്‍ഡന്‍ കഴിഞ്ഞ് മുന്‍പോട്ട് പോകാന്‍ അനുമതിയില്ല.50 രൂപയാണ് ഫോട്ടോ എടുക്കാന്‍.ഞാനും  ചന്തമുള്ള നിര്‍മിതിയെ പശ്ചാത്തലമാക്കി ഒരു ഫോട്ടോ പകര്‍ത്തി.ഫോട്ടോ ഗ്രാഫര്‍ പല ഫോട്ടോ മാതൃക കളും കാണിച്ചു തരുന്നുണ്ട്.സഞ്ചാരികള്‍ താജിനെ പശ്ചാത്തലമാക്കി പല രീതിയില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്ന തിരക്കിലാണ്.മറ്റു ചിലര്‍ ഇതിനൊന്നും സമയം കളയാതെ മഹാ നിര്‍മിതിയുടെ  സൗന്ദര്യം സസൂക്ഷ്മം നിരീക്ഷിക്കുന്ന തിരക്കിലും , മറ്റുചിലര്‍ ഉദ്യാനത്തിലിരുന്ന് സമയം ചിലവൊഴിക്കുന്നു.

ഏകദേശം 17 ഏക്കര്‍ സ്ഥലത്താണ് താജ് മഹല്‍ സ്ഥിതി ചെയ്യുന്നത്. അതില്‍ താജ് മഹലിന്റെ മുന്‍പില്‍  300 സ്‌ക്വകയര്‍ മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ പരന്നു കിടക്കുന്ന ഉദ്യാനമാണ് ചാര്‍ ബാഗ് ഉദ്യാനം.ഇത്  യഥാര്‍ഥ മുഗള്‍ ഉദ്യാന മാതൃകയായി കണക്കാക്കപ്പെടുന്നു. ഈ ഉദ്യാനത്തിന്റെ നടുവിലൂടെ  ഉയരത്തില്‍ നിര്‍മിച്ച വഴികള്‍ കൊണ്ട് ഉദ്യാനത്തിന്റെ നാലു ഭാഗങ്ങളായും അതിനെ 16 പൂത്തടങ്ങളായും തിരിച്ചിരിക്കുന്നു. ഇതിന്റെ നടുക്കായി മാര്‍ബിളില്‍ ഉയരത്തില്‍ പണിതിരിക്കുന്ന വലിയൊരു മാര്‍ബിള്‍ ടാങ്ക് സ്ഥിതി ചെയ്യുന്നു. അല്‍ ഹവ്ദ് അല്‍-കവ്താര്‍ എന്നാണ് അതിന്റെ വിളിപ്പേര്. 

സമചതുരാകൃതിയുള്ള ടാങ്കിന് മുകളില്‍ കയറി താജ് മഹലിന്റെ ഭംഗി ആസ്വദിച്ചിരിക്കാന്‍ മാര്‍ബിളില്‍ തീര്‍ത്ത ഇരിപ്പിടങ്ങളും നിര്‍മിച്ചിട്ടുണ്ട്. ഇവിടെ നിന്നുകൊണ്ട് താജിന്റെ ഭംഗി പൂര്‍ണമായും ആസ്വദിക്കാന്‍ കഴിയും,മനോഹര പശ്ചാത്തലത്തില്‍ ചിത്രങ്ങളെടുക്കാം, പ്രണയജോടികള്‍ ഇരിപ്പിടത്തില്‍ ഇരന്നു താജിനേ നോക്കി വിശേഷങ്ങള്‍ പങ്കിടുന്നു.താജ് മഹലിന്റെയും പ്രധാന  കവാടത്തിനും ഏകദേശം പകുതി വഴിയിലായിട്ടാണ് ഈ മാര്‍ബിള്‍ ടാങ്ക് സ്ഥിതി ചെയ്യുന്നത്.ഈ മാര്‍ബിള്‍ ടാങ്കിലെ വെള്ളത്തില്‍ താജ് മഹലിന്റെ പ്രതിഫലനം  കാണാവുന്നതാണ്. മറ്റു ഭാഗങ്ങളില്‍ ഉദ്യാനം പലവിധ മരങ്ങള്‍ കൊണ്ടും ചെറിയ ഫൗണ്ടനുകള്‍ കൊണ്ടും അലങ്കരിച്ചിരിക്കുന്നു.പേര്‍ഷ്യന്‍ ഉദ്യാനങ്ങളുടെ മാതൃകയില്‍ നിന്നും പ്രചോദനം കൊണ്ടിരിക്കുന്നതാണ് ചാര്‍ബാഗ് ഉദ്യാനം.

ഈ രീതി ഇന്ത്യയിലേക്ക് കൊണ്ടുവന്നത് മുഗള്‍ ചക്രവര്‍ത്തിയായ ബാബര്‍ ആയിരുന്നു... മുഗള്‍ സാമ്രാജ്യ പതനത്തിനു ശേഷം താജ് മഹലിന്റെ  അവസ്ഥയും പരിതാപകരമായി മാറി. ചാര്‍ ബാഗ് ഉദ്യാനം സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായിരുന്നു. അവര്‍ സമ്മാനിച്ച മാലിന്യങ്ങള്‍ അവിടെ നിറഞ്ഞു കിടന്നു. കഴ്‌സന്‍ പ്രഭുവിന്റെ വരവോടെ അതിനെല്ലാം മാറ്റം സംഭവിച്ചു . താജിനു ചുറ്റുമുള്ള മനോഹരമായ മുഗള്‍ ശൈലിയിലുള്ള ഉദ്യാനത്തില്‍ ലണ്ടന്‍ ഉദ്യാനങ്ങളുടെ മാതൃകയും കൊണ്ടുവന്നു അദ്ദേഹം.. അല്പം മൂടല്‍ മഞ്ഞും തണുത്ത കാറ്റും കൊണ്ട് താജിന്റെ പൂന്തോട്ടത്തിലൂടെ നടക്കുന്നത് പ്രത്യേക അനുഭവം തന്നെയാണ്..  താജ് മഹലിന്റെ തറ  ഭാഗത്തിന് പോലും രണ്ടാളില്‍ കൂടുതല്‍ ഉയരമുണ്ട്.. എന്നാല് താജ് മഹലിന്റെ വലുപ്പം മൂലം ദൂരേ നിന്നാല്‍ ഉയരക്കൂടുതല്‍ അനുഭവപ്പെടില്ല. താജിന് താഴെ ചെറിയ വാതിലുകളും പ്രവേശന കവാടങ്ങളും കാണുന്നു. കിഴക്ക് ഭാഗത്ത്  ഗസ്റ്റ് ഹൗസും പടിഞ്ഞാറ് ഭാഗത്ത്  മുസ്ലിം ദേവാലയവും ചുവന്ന കല്ലുകള്‍ കൊണ്ട് നിര്‍മിച്ചിരിക്കുന്നു. നടുവില്‍ താജ് മഹലും സ്ഥിതിചെയ്യുന്ന കാഴ്ച. 

ദൂരേ തൂവെള്ള നിറത്തില്‍ കാണുന്നെങ്കിലും  അടുത്ത് നിന്ന് നോക്കിയാല്‍ ചെറു മഞ്ഞ നിറമാണ് താജിന്, വാഹനപെരുപ്പവും വ്യവസായ ശാലകളും മാലിന്യങ്ങള്‍ കത്തിക്കുന്നതും തുടങ്ങി മലിനീകരണങ്ങള്‍ വെണ്ണ കല്ലിന്റെ ധവളിമക്ക് മങ്ങലേല്‍പ്പിചു. പച്ചയും തവിട്ടും കലര്‍ന്ന പാടുകള്‍ മാര്‍ബിളില്‍ പതിഞ്ഞു തുടങ്ങി. നാല് ഭാഗവും ഒരേ പോലെയാണ് താജ് മഹല്‍ കാണാന്‍.  എന്നാല്‍ യമുനാ നദിയുടെ നേരെ നില്‍ക്കുന്ന വടക്ക് ഭാഗത്തില്‍ മതില്‍ നിര്‍മിച്ചു മറച്ചിട്ടില്ല. ബാക്കി താജിന്റെ പരിസരം  മൂന്നു വശവും മതിലുകള്‍ കൊണ്ട് മറച്ചിരുന്നു.. കാല പഴക്കം കൊണ്ട് മാര്‍ബിള്‍ കല്ലുകള്‍ ചില ഭാഗങ്ങളില്‍ പൊടിഞ്ഞു പോയിരിക്കുന്നു .. ചിത്ര പണികള്‍ എല്ലാം ചിലയിടങ്ങളില്‍ ദ്രവിച്ചുപോയി.. ചില സഞ്ചാരികള്‍ അവരുടെ നാമങ്ങള്‍ താജിന്റെ ശരീരത്തില്‍ എഴുതി ചേര്‍ത്ത കാഴ്ചയും സങ്കടകരം തന്നെയായിരുന്നു. പറഞ്ഞറിയിക്കാന്‍ പറ്റാത്ത വികാരത്തോടെ ഞാന്‍ താജ്മഹലിനടുത്തേക്ക് നടന്നു.. കൈകള്‍ ആദ്യമായി താജിന്റെ മാര്‍ബിള്‍ ഭിത്തിയില്‍ വെച്ചൊന്ന് തലോടി.. എന്റെ കവിള്‍ തടം മാര്‍ബിളില്‍ ഞാന്‍ ചേര്‍ത്തുവച്ചു അതി ശക്തമായ ചൂടില്‍ മാര്‍ബിളില്‍ നിന്നും ഒരു പ്രത്യേക തണുപ്പ് എന്റെ കവിളിലേക്ക് പടര്‍ന്നു....  നിര്‍മിതിയുടെ ചുറ്റുമുള്ള നടപ്പാത വെള്ളയും ചുമപ്പും ഇടകര്‍ത്തി നിര്‍മിച്ചിരിക്കുന്നു.  സ്വപ്ന യാത്രയുടെ സന്തോഷം പ്രിയപ്പെട്ടവരെ വീഡിയോ കോള്‍ വിളിച്ചു കാണിക്കുന്ന തിരക്കിലാണ് ഞാന്‍. ആദ്യം വിളിച്ചത് എന്റെ ഏറ്റവും വലിയ സുഹൃത്തിനെയായിരുന്നു. ഷാമി ഷാജു , പ്രിയപെട്ടവള്‍ക്ക് ഏറ്റവും വലിയ ആഗ്രഹമായിരുന്നു താജ് മഹല്‍ കാണാന്‍ , താജിന്റെ മുന്‍പില്‍ നിന്നും വീഡിയോ കോള്‍ ചെയ്യണം എന്ന് പോകുന്ന ദിനം എന്നോട് പ്രത്യേകം പറഞ്ഞയിച്ചിരുന്നു അവള്‍... വയറ്റില്‍ തന്റെ ജനിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ള കുട്ടിയുമായി താജ് കണ്ടപ്പോലുള്ള അവളുടെ സന്തോഷം ഇന്നും എന്റെ മനസ്സിലുണ്ട്. പക്ഷേ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ എന്നെ കാത്തിരുന്നത് അവളുടെ മരണവാര്‍ത്തയായിരുന്നു.. 

തുടരും.....

പരസ്യങ്ങള്‍ക്കും രചനകള്‍ പ്രസിദ്ധീകരിക്കാനും ബന്ധപ്പെടുക:

Phon: 8157000888, E- mail - helloashachechi@gmail.com