അരിക്കൊമ്പന്നരികിലൂടെ

ഇന്നലെ കുറച്ച് നേരം നീയുമായുള്ള ബന്ധം വിഛേദിക്കപ്പെട്ടപ്പോൾ ഞങ്ങൾ വല്ലാതെ അസ്വസ്ഥരായി.മൂത്രമൊഴിക്കാൻ നേരം നീ നാട്ടാര് കാണുമെന്ന് കരുതി നാണം കൊണ്ട് റേഡിയോ കോളർ ഓഫ് ചെയ്തതാണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധിപോലും ഞങ്ങൾക്കില്ലാതെ പോയി.

അരിക്കൊമ്പന്നരികിലൂടെ
രാജൻ കിണറ്റിങ്കര

...........................................................

അടുത്ത തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ നിന്ന് മത്സരിക്കുകയാണെങ്കിൽ പുഷ്പം പോലെ ജയിച്ചു പോരുന്ന ഒരു സ്ഥാനാർഥിയുണ്ട്, ഇടതും വലതും എൻ.ഡി.എ യും  ചിഹ്നം നോക്കാതെ വോട്ടു ചെയ്യുന്ന ആ പ്രതിഭയാണ് അരിക്കൊമ്പൻ.അരി മോഷ്ടിക്കുക എന്നതൊഴിച്ചാൽ വേറൊരു ദ്രോഹവും ആർക്കും ചെയ്തതായി  അറിവില്ല.മോഷ്ടിച്ചത് പക്ഷെ  അതൊരു തൊഴിലാക്കി കളയാം എന്ന്  കരുതിയൊന്നും അല്ല,വയറു കത്തിയപ്പോൾ  മോഷ്ടിച്ചു അത്രമാത്രം.  വിശന്നപ്പോൾ  ഒരു കഷണം റൊട്ടി മോഷ്ടിക്കുന്നവർക്ക്  മരണശിക്ഷ പോലും കൊടുക്കാൻ മടിയില്ലാത്തവർക്കിടയിൽ നീ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നത് തന്നെ മഹാ അത്ഭുതം.കായംകുളം കൊച്ചുണ്ണി കഴിഞ്ഞാൽ ജനങ്ങൾ ഹൃദയത്തിൽ പ്രതിഷ്ഠിച്ച ഇതുപോലൊരു മോഷ്ടാവിനെ കേരളം ഇതിനു മുമ്പ് കണ്ടിട്ടില്ല,   

കേരളവും മാധ്യമങ്ങളും അരിക്കൊമ്പന് പുറകെയായിരുന്നു കഴിഞ്ഞ മൂന്നു മാസത്തോളമായി.  ഗുരുവായൂർ പദ്‌മനാഭനും   തെച്ചിക്കോട് രാമചന്ദ്രനും പോലും ഇല്ലാത്ത ആരാധനയായിരുന്നു  കുളിക്കാതെയും നെറ്റിപ്പട്ടം കെട്ടാതെയും മണ്ണിൽ പുതഞ്ഞ് നടക്കുന്ന അരിക്കൊമ്പന്.ആ അരിക്കൊമ്പനെയാണ് സർക്കാർ നിർദാക്ഷിണ്യം നാട് കടത്തിയത്.അരിമാത്രം ഭക്ഷിച്ച് കഴിയുന്ന ശുദ്ധ സസ്യാഹാരി,പഞ്ചസാരയും ഗോതമ്പും മൈദയും ഒക്കെ മുന്നിൽ നിരന്നിരിക്കുമ്പോഴും തനിക്ക് വേണ്ട ഒരാഴ്ചയിലെ റേഷനായ  നാല് കിലോ അരി മാത്രം എടുത്ത് സ്ഥലം വിടുന്ന ശുദ്ധാത്മാവ്.തുറന്ന റേഷൻ കടയുടെ ഷട്ടർ തിരിച്ചു പോകുമ്പോൾ താഴ്ത്താറില്ല എന്നത് നേരാണ്, അതത്ര വലിയ കുറ്റമായോന്നും കാണാൻ പറ്റില്ല.  ഏതു കള്ളനാണ് മോഷ്ടിച്ച് കഴിഞ്ഞ് വാതിലടച്ച് കുറ്റിയിട്ട് പോയിട്ടുള്ളത്.

എന്തെല്ലാം പഴികളാണ്, എത്രയെത്ര അപവാദങ്ങളാണ് ജനം പറഞ്ഞു പരത്തിയത്, അരിക്കൊമ്പന് രണ്ടു ഭാര്യമാർ ഉണ്ട്, ഒരെണ്ണം ഗർഭിണിയാണ്. ഒന്ന് കൂടെ നടന്നാൽ പോലും ഭാര്യയാണെന്നും കാമുകിയാണെന്നും വിധിയെഴുതുന്ന മലയാളിയോട് നിനക്ക് പുച്ഛം തോന്നുന്നുണ്ടാവും. അച്ഛനെയും മകളെയും ഒന്നിച്ചു കണ്ടാൽ വരെ സദാചാര പോലീസ് ചമയുന്നവരാണ് ഞങ്ങൾ. അതുകൊണ്ട് നിന്നെ പിടിയാനയുടെ മുന്നിലിട്ട് അപമാനിച്ചില്ലല്ലോ  എന്ന് സമാധാനിക്കാം.  

ഞാനൊരു സംഭവാ എന്നൊക്കെ സന്ധ്യ മയങ്ങിയാൽ തേയിലക്കാടുകൾക്കിടയിൽ പിടിയാനയുടെ ചെവിയിൽ നിനക്ക് മന്ത്രിക്കാം, എന്നിട്ട് തുമ്പി ഉയർത്തി ചിന്നം വിളിച്ച് കാട് വിറപ്പിക്കാം.  ഇടയ്ക്കൊക്കെ താനൊരു കൊമ്പനാണെന്ന് ഇണയെയും നാട്ടാരെയും ബോധിപ്പിച്ചില്ലെങ്കിൽ ആണാണ് പറഞ്ഞ് നടന്നിട്ടെന്ത് കാര്യം. 

ചെവിയിലൊരു റേഡിയോ കോളർ ഘടിപ്പിച്ച് നിന്റെ നീക്കങ്ങൾ നിരീക്ഷിക്കാനായിരുന്നു ഞങ്ങളുടെ പരിപാടി. സ്വകാര്യതാ ലംഘനത്തെ കുറിച്ച് കവല പ്രസംഗം നടത്തുന്ന ഞങ്ങളാണ് നിന്റെ സ്വകാര്യതയിലേക്ക് നിന്റെ സമ്മതമില്ലാതെ കടന്നു കയറുന്നത്  എന്ന് നീ ചിന്തിക്കുന്നുണ്ടാവും. പറയുന്നതും പ്രവർത്തിക്കുന്നതും ഒന്നായാൽ പിന്നെ ഞങ്ങൾ മനുഷ്യരല്ല, ആനയായിപ്പോകും.അതുകൊണ്ട് ഞങ്ങൾ എഴുതുന്നതും പറയുന്നതും ഒന്നും ഞങ്ങളുടെ നിലപാടുകളായി നീ കാണരുത്, കൈയടികൾക്കും ലൈക്കുകൾക്കും അപ്പുറം ഞങ്ങളുടെ പ്രസ്താവനകൾക്ക് ആയുസ്സില്ല എന്ന് നീ മനസ്സിലാക്കണം. അല്ലെങ്കിലും നിനക്കിതൊന്നും മനസിലാക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല, കാരണം ഞങ്ങൾ പൊതുവെ പറയാറുണ്ട്,  ഇതൊക്കെ അരിഭക്ഷണം കഴിക്കുന്നവർക്ക് അറിയാം എന്ന്,  നിന്റെ ഭക്ഷണവും അരിയാണല്ലോ.

അനുനയിപ്പിക്കാനാണോ അതോ വരുതിയിലാക്കാനാണോ എന്നറിയില്ല രണ്ടു കുങ്കിയാനകളെ അരിക്കൊമ്പനടുത്തെക്ക്  വനം വകുപ്പ്  അയച്ചത്. ന്യൂനപക്ഷ സഭയിലെ   സ്വതന്ത്ര എം.എൽ.എ മാരെപ്പോലെ കുങ്കിയാനകൾ കുറച്ച് കാലം അരിക്കൊമ്പന്റെ  ചെലവിൽ റിസോർട്ട് ജീവിതം പോലെ സുഖിച്ചു കഴിഞ്ഞു.പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും വഴങ്ങാതെ നട്ടെല്ല് നിവർത്തി തന്നെ അരിക്കൊമ്പൻ പറഞ്ഞു, ഞാൻ കൂറുമാറില്ല. അരിക്കൊമ്പനെ അയോഗ്യനാക്കാനും വാസസ്ഥലത്തുനിന്ന്  പുറത്താക്കാനും കോടതിവരെ കാര്യങ്ങൾ എത്തി. അരിക്കൊമ്പൻ ഇതൊന്നുമറിയാതെ തേയിലക്കാട്ടിലും പുൽമേടകളിലും കുറ്റിക്കാട്ടിലും സ്വൈരവിഹാരം തുടർന്നു.  

 

മണി പവറും മസിൽ പവറും ഇല്ലാത്ത നീ എന്നും ഒറ്റക്കായിരുന്നു. അതുകൊണ്ട് തന്നെ നിന്റെ ചെറുത്ത് നിൽപ്പിന് പരിധികളും ഉണ്ടായിരുന്നു.    

എന്നാലും കീഴടങ്ങാൻ മനസ്സില്ലാത്ത നിന്നെ ഒളിയിരുന്ന് മയക്കുവെടി വച്ച് വീഴ്ത്തും വരെ നീയെന്ന പോരാളി തല ഉയർത്തി മസ്തകം വിരിച്ചു തന്നെ നടന്നു.വെടിവച്ചിട്ടും നാട് കടത്തിയിട്ടും നിന്റെ സ്വകാര്യതയിലേക്ക് ഞങ്ങൾ ഒളിഞ്ഞു നോട്ടം നടത്തുന്നുണ്ട്,ഇന്നലെ കുറച്ച് നേരം നീയുമായുള്ള ബന്ധം വിഛേദിക്കപ്പെട്ടപ്പോൾ ഞങ്ങൾ വല്ലാതെ അസ്വസ്ഥരായി.മൂത്രമൊഴിക്കാൻ നേരം നീ നാട്ടാര് കാണുമെന്ന് കരുതി നാണം കൊണ്ട്  റേഡിയോ കോളർ ഓഫ് ചെയ്തതാണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധിപോലും ഞങ്ങൾക്കില്ലാതെ പോയി. മനുഷ്യനില്ലാത്ത നാണം ആനക്കെന്തിനാ എന്നാണ് ഞങ്ങൾ ചിന്തിക്കുന്നത്. 

നീയെവിടെ ആയാലും അരിക്കൊമ്പൻ എന്ന പദം  ആന ചരിതത്തിൽ അടിവരയിട്ട് രേഖപ്പെടുത്തപ്പെടും.