ലാസ്റ്റ് വര്‍ക്കിംഗ് ഡേ
ജയരാജന്‍ എം. വി തൃശ്ശൂര്‍ - താന്‍ നനച്ചു വളമിട്ടു മക്കളെപ്പോലെ നോക്കിയ ചെടികളേയും മരങ്ങളേയും അവസാനമായി ഒന്നു നോക്കി.നാരായണേട്ടന്‍ തന്റെ പഴയ സൈക്കിളില്‍ വീട്ടിലേക്ക് തിരിച്ചു.
ജയരാജന്‍ എം. വി
തൃശ്ശൂര്‍
...............................................................
നാരായണേട്ടാ ഞങ്ങള്‍ ഇറങ്ങട്ടെ.ഇതിരിക്കട്ടെ.
ഉള്ളംകൈയില്‍ കുറച്ചു പച്ചനോട്ടുകള്‍ വച്ചുതന്ന മേനോന്‍ സാര്‍ കാറില്‍ കയറി.മുന്നോട്ടു നീങ്ങുന്ന വണ്ടിയിലിരുന്ന് സാറും മകനും കൈ വീശി യാത്രപറഞ്ഞു.വണ്ടി കണ്ണില്‍ നിന്നും മറയുന്നതു വരെ നാരായണേട്ടന്‍ നോക്കിനിന്നു.അദ്ദേഹത്തിന്റെ മകനും മരുമകളും അങ്ങോദൂരെയുള്ള നഗരത്തില്‍ സ്ഥിരതാമസമാക്കിയപ്പോള്‍ പഴയ തറവാട്ടുവീട്ടില്‍ മേനോന്‍ സാറും ഭാര്യയും മാത്രമായി.മകളും മരുമകനും കാനഡയില്‍.
ഭാര്യ മരിച്ചപ്പോള്‍ ഏകനായ അച്ഛനെ മകന്‍ പട്ടണത്തിലേയ്ക്ക് കൊണ്ട് പോകുകയാണ്.വീടും പറമ്പും ഫ്‌ളാറ്റ് പണിയുന്ന ഒരു കമ്പനി വാങ്ങി.തറവാടൊക്കെ ഇടിച്ചു നിരത്തി വലിയ കെട്ടിടം പണിയാനാണ് പരിപാടി.താന്‍ നനച്ചു വളമിട്ടു മക്കളെപ്പോലെ നോക്കിയ ചെടികളേയും മരങ്ങളേയും അവസാനമായി ഒന്നു നോക്കി.നാരായണേട്ടന്‍ തന്റെ പഴയ സൈക്കിളില്‍ വീട്ടിലേക്ക് തിരിച്ചു.
ഗള്‍ഫില്‍ പോയി മല്ലടിച്ച് നാലു പെങ്ങന്‍മാരേയും രണ്ടു പെണ്‍മക്കളേയും കെട്ടിച്ചുവിട്ടു. മൂന്നാമത്തെ മകള്‍ പഠിക്കാന്‍ മിടുക്കി.മാന്ദ്യം വന്ന് കമ്പനി നാരായണേട്ടനേയും പിരിച്ചു വിട്ടു.നാട്ടില്‍ വന്നു പണിയൊന്നും കിട്ടാതെ അലഞ്ഞനേരത്ത് മേനോന്‍ സാര്‍ ആയിരുന്നു സഹായം നല്കിയത്. അദ്ദേഹത്തിന്റെ വീട്ടില്‍ അല്ലറചില്ലറ പണികള്‍ ചെയ്തു നാരായണേട്ടന്‍ കഴിയവേയാണ് അവര്‍ വീട് വിറ്റുപോയത്. സൈക്കിളുമുന്തി മുറ്റത്തേക്ക് കയറിയ നാരായണേട്ടന്‍ അവശനായിരുന്നു.
'മോളേ ഇത്തിരി വെള്ളം, തൊണ്ട വരള്ണ്.'
ഉടനെ മകള്‍ മിനി വെള്ളവുമായി ഉമ്മറത്തെത്തി.
ജഗ്ഗിലെ അവസാനതുള്ളിയും കുടിച്ചിറക്കിയ അയാള്‍ തിണ്ണയില്‍ ചെന്നിരുന്നു.
'ഇത് എടുത്തു വച്ചോ മോളേ.നിന്റെ ഫീസടയ്ക്കണമെന്ന് പറഞ്ഞിരുന്നല്ലോ.
മിനി അച്ഛന്‍ നീട്ടിയ പൊതിവാങ്ങി തുറന്നുനോക്കി.
ഇത്രയും പണം എവിടന്നു കടം വാങ്ങി അച്ഛാ?
കടമല്ല, മേനോന്‍ സാര്‍ തന്നതാ.അങ്ങേരെ മോന്‍ പട്ടണത്തീ കൊണ്ടോയി. എറങ്ങണനേരത്ത് സാറു തന്ന പണമാണിത്.
അവരാ വീടുവിറ്റല്ലോ. നാളെമുതല്‍ അച്ഛന്‍ വെറുതെയിരിക്കണം.
അയാള്‍ നെടുവീര്‍പ്പിട്ടു.
എന്റെ അച്ഛാ, വിഷമിക്കേണ്ട.എന്തെങ്കിലും ഒരു വഴി കാണിക്കാതിരിക്കുമോ ദൈവം?
അയ്യോ അച്ഛാ ഞാനിപ്പോ വരാം. ഫോണില്‍ നെറ്റ് കിട്ട്‌ണ്ടോന്ന് നോക്കട്ടെ.
മിനി അകത്തേക്ക് പോകുമ്പോളാണ് മുറ്റമടി കഴിഞ്ഞു മാലതിചേച്ചി ഉമ്മറത്തെത്തിയത്.
എന്തു പറ്റി. നല്ല ക്ഷീണണ്ട്‌ല്ലേ.പെണ്ണ് ചായ തന്നില്ലാല്ലേ.ഞാനിപ്പോ കൊണ്ട് രാട്ടോ
അവര്‍ അകത്തുപോയി ചായ കൊണ്ടുവന്നു.
ഞാന്‍ നമ്മടെ മെംബറോട് ചോദിച്ചപ്പോ കുറിക്കമ്പനീല് രണ്ടുനേരോം അടിക്കാനും തൊടയ്ക്കാനും ഒരാളെ വേണംന്ന് പറഞ്ഞു.ഒന്നാന്തി തൊട്ടു പോകാന്ന് തോന്ന്ണ്
അയാള്‍ ഒന്നും മിണ്ടാതെ വഴിയിലേക്ക് നോക്കിയിരുന്നു.
അച്ഛാ അമ്മേ......
ഉച്ചത്തില്‍ വിളിച്ച് മിനി ഓടിവന്നു.
എന്താ നീ ഓളിട്ണ്?
അച്ഛാ ഞാന്‍ പാസ്സായി. ബാങ്ക് ടെസ്റ്റ് ഫൈനല്‍ റൗണ്ട്.
അവള്‍ അച്ഛനേയും അമ്മയേയും കെട്ടിപ്പിടിച്ചു.മൂത്ത മക്കളെ അധികം പഠിപ്പിച്ചില്ല.വേഗം കെട്ടിച്ചയച്ചു.മൂന്നാമത്തെ മോളെ പഠിപ്പിച്ചു ജോലി വാങ്ങണമെന്നായിരുന്നു അയാളുടെ സ്വപ്നം.തുള്ളിച്ചാടുന്ന മോളെ നോക്കിയിരുന്ന നാരായണേട്ടന്റെ കണ്ണുകള്‍ നിറഞ്ഞു.
ഭഗവാന്‍ ഞങ്ങളെ കൈവിട്ടില്ല. മോളേ വിളക്ക് വെയ്ക്ക്.നമുക്ക് നാമം ചൊല്ലാം
കൈകാലുകള്‍ കഴുകി വന്ന് നാരായണേട്ടനും കുടുംബവും നാമം ചൊല്ലാന്‍ തുടങ്ങി.





