അമ്മ മാത്രം

കവിത - രാജന്‍ കിണറ്റിങ്കര

അമ്മ മാത്രം

കവിത

രാജൻ കിണറ്റിങ്കര

എത്ര നിറഞ്ഞിട്ടും

തുളുമ്പാതെ

ഒരു കിണർ

" കണ്ണുകൾ "

എത്ര ഊതിയിട്ടും

അണയാത്ത

തിക്കനൽ

"പുഞ്ചിരി "

എത്ര പുകഞ്ഞിട്ടും

കരി പടരാത്ത

ഒരടുക്കള

"മനസ്സ് "

എത്ര വിളമ്പിയിട്ടും

ഒഴിയാത്ത

മൺകലം

" സ്നേഹം "

എത്ര മുറിവേറ്റാലും

ചോര കിനിയാത്ത

ഒരു ദേഹം

" സഹനം "

കൊടുത്തതൊന്നും

എഴുതി വയ്ക്കാത്ത

കണക്കു പുസ്തകം

" നിസ്വാർത്ഥത "

ഏത് വേനലിലും

പൂത്ത് തളിർക്കുന്ന

നിറവസന്തം

" സഹിഷ്ണുത "

എത്ര പെയ്തിട്ടും

തോർന്നൊഴിയാത്ത

കർക്കിടക മഴ

"അമ്മതൻ കരസ്പർശം.."