തീവണ്ടി കയറി വെണ്ണക്കല്ലിന്റെ നാട്ടിലേക്ക്- ഭാഗം 7
പര്‍വ്വതാരോഹകനായ ഡോ.മുഹമ്മദ് സഹദ് സാലിഹ് തൊടുപുഴ പെരുമ്പിള്ളിച്ചിറ കിഴേടത്ത് സാലിഹ് സുഹദ ദമ്പതികളുടെ മകനാണ്.സിവില്‍ സര്‍വ്വീസിന് ഒരുങ്ങി കൊണ്ടിരിക്കുന്ന സഹദ്, ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള യുവജന പരിശീലന കേന്ദ്രത്തിലെ അധ്യാപകനാണ്.പശ്ചിമഘട്ട പര്‍വ്വതാരോഹകനായ ഇദ്ദേഹം 20 ഓളം ട്രെക്കിംഗുകള്‍ നടത്തിയിട്ടുണ്ട്
കഥ പറയുന്ന പ്രണയ സൗധം
ഡോ.മുഹമ്മദ് സഹദ് സാലിഹ്
അവസാനഭാഗം
ശില്പഭംഗിയുള്ള വെറുമൊരു കെട്ടിടം മാത്രമല്ല താജ്മഹല്‍,തനിക്കടുത്തെത്തുന്ന ഓരോരുത്തരോടും താജ്മഹല്‍ ഒരുപാട് കഥകള്‍ പറയും അതില്‍ ഭാര്യയെ ജീവനേക്കാളേറെ സ്‌നേഹിച്ച ഷാജഹാന്‍ എന്ന മുഗള്‍ ചക്രവര്‍ത്തിയുണ്ട്,അദ്ദേ ഹത്തിന്റെ സങ്കടങ്ങളുണ്ട്,ശില്‍പികളുടെ ബുദ്ധിവൈഭവമുണ്ട്,22000 തൊഴിലാളികളുടെ 22 വര്‍ഷത്തെ കഠിനാധ്വാനമുണ്ട്.1983 ലാണ് യുനെസ്‌കോ താജ് മഹലിനേ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്.
വെയിലത്ത് താജിന്റെ കല്ലുകള്‍ വെട്ടിത്തിളങ്ങുന്നതിനാല്‍ റൗള- എ - മുനവ്വറ അഥവാ തിളങ്ങുന്ന മഖ്ബറ എന്നാണ് ഷാജഹാന്‍ താജെന്ന എഞ്ചിനീയറിംഗ് വിസ്മയത്തെ വിളിച്ച പേര്. വാസ്തുവിദ്യയില്‍ തല്‍പരനായിരുന്ന ഷാജഹാന്‍ ഒട്ടേറെ നിമിതികള്‍ക്ക് ജന്മം നല്‍കി. അതിനാല്‍ ഭീമമായ തുക ഇതിനെല്ലാം മുടക്കുന്നത് കൊണ്ട് ഷാജഹാന്‍ സാമ്രാജ്യത്തിന്റെ അസ്ഥിവാരം ഇളക്കുകയാണ് ചെയ്തത് എന്ന് ചരിത്രകാരന്മാര്‍ പറയുന്നു.
വാസ്തു ഭംഗി കൊണ്ട് വിസ്മയിപ്പിക്കുന്ന ഈ നിര്‍മിതിയുടെ ഒരു ഭാഗം പോലും മാറ്റി നിര്‍ത്താന്‍ സാധിക്കില്ല. അത്യധികം പൂര്‍ണതയിലാണ് ഇതിന് രൂപം നല്‍കിയത്.ഇന്ത്യയിലെ ആദ്യ വെണ്ണക്കല്‍ നിര്‍മിതിയായ ബേബി താജ് എന്നറിയപ്പെടുന്ന ഇതി മാ ഉദ് ദൗള ടോമ്പ്,ഹുമയൂണിന്റെ ശവ കുടീരം എന്നിവയെല്ലാം താജിന്റെ നിര്‍മാണത്തെ സ്വാധീനിച്ച ഒന്നായി കണക്കാക്കപ്പെടുന്നു.
ശിഹാബ് അല്‍ ദീന്‍ മുഹമ്മദ് ഖുറം രാജകുമാരനെ ഷാജഹാന്‍ അഥവാ ലോകത്തിന്റെ ചക്രവര്‍ത്തി എന്ന പേര് നല്‍കിയത് പിതാവ് ജഹാംഗീര്‍ ചക്രവര്‍ത്തിയാണ്.1612 ലാണ് ജഹാംഗീര്‍ ചക്രവര്‍ത്തിയുടെ പ്രധാനമന്ത്രിയുടെ 19 വയസ്സുള്ള അര്‍ജ്ജുമന്ത് ബാനു ബീഗത്തെ ഷാജഹാന്‍ തന്റെ 20 ആമത് വയസ്സില്‍ വിവാഹം ചെയ്യുന്നത്.ഷാജഹാന്‍ പിന്നീട് കല്പിച്ചു നല്‍കിയ പേരാണ് മുംതാസ് മഹല്‍.1631 ല് സൈനിക ദൗത്യത്തിന് ചുക്കാന്‍ പിടിച്ചു ബുര്‍ഹാന്‍ പൂരിലായിരുന്നു ഷാജഹാന്‍.14 ആമത്തെ കുഞ്ഞിന് ജന്മം നല്‍കിയ മുംതാസ് അസുഖബാധിതയായി.1631 ജൂണ്‍ 17 ന് 30 മണിക്കൂര്‍ നീണ്ട പ്രസവ ശുശ്രൂഷയ്ക്കിടെ പ്രണയ പുഷ്പം ലോകത്തോട് വിടപറഞ്ഞു.

ബുര്‍ഹാന്‍പൂരിലെ ആഹുഖാനയിലാണ് മുംതാസിനെ ഈയവും ചെമ്പും ചേര്‍ത്ത പേടകത്തില്‍ മൈലാഞ്ചിയും ചന്ദനവും നിറച്ച് താല്‍കാലികമായി താപ്തി നദീ തീരത്ത് അടക്കം ചെയ്തത്.പിന്നീട് 1632 ജനുവരി 8 ന് ഷാജഹാന്റെ മകന്‍ ഷൂജാ രാജകുമാരന്‍ മുംതാസിന്റെ ശരീരം യമുനാ നദി തീരത്ത് പുന സംസ്‌കരിച്ചു.മുംതാസിന്റെ വിയോഗം ഷാജഹാന്റെ ജീവിതത്തെ തളര്‍ത്തി,ആഡംബരവും വിനോദവും ഉപേക്ഷിച്ചു 39 വയസ്സായിരുന്നു അന്ന് ഷാജഹാന് എന്നാല്‍ പില്‍കാലത്ത് ഷാജഹാന്‍ എല്ലാ സുഖഭോഗങ്ങളിലും മുഴികിയെന്ന് യൂറോപ്യന്‍ സഞ്ചാരികള്‍ പറയുന്നുണ്ട്.

താജ് മഹല്‍ നിര്‍മാണ സമയത്ത് ഓരോ ഘട്ടത്തിലും ഷാജഹാന്‍ നേരിട്ട് ശ്രദ്ധ പതിപ്പിച്ചു, ആവശ്യമായ മാറ്റങ്ങളും കൂട്ടി ചേര്‍ക്കലുകളും അദ്ദേഹം നിര്‍ദേശിച്ചു.1632 ലാണ് താജിന്റെ നിര്‍മാണം ഔപചാരികമായി ആരംഭിച്ചത്.ഇന്ത്യയുടെയും ഒട്ടോമന്‍ സാമ്രാജ്യത്തില് നിന്നും പേര്‍ഷ്യയില്‍ നിന്നും പ്രധാനമായും തൊഴിലാളികളെ കൊണ്ടുവന്നു.അലങ്കാര പണികള്‍ക്ക് വേണ്ടി യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരെ ഉപയോഗിച്ചു.ഭാരമേറിയ മാര്‍ബിള്‍ വലിക്കാന്‍ ആയിരത്തില്‍ അധികം ആനകളെ ഉപയോഗിച്ചുവെന്നും ചരിത്രം പറയുന്നു.ഒരു ശില്‍പിയുടെ മാത്രം കഴിവല്ല താജ്മഹല്‍.ധാരാളം ആളുകളുടെ കൂട്ടായ്മയായിരുന്നു ഈ മഹാ നിര്‍മിതി.
ഉസ്താദ് ഈസയുടെ കൈകള്‍ ഷാജഹാന്‍ വെട്ടിമാറ്റി എന്ന് പറയുന്നു എങ്കിലും അതിനുള്ള തെളിവുകള്‍ ഒന്നും ലഭ്യമല്ല.പ്രണയത്തിന്റെ പ്രതീകമാണ് താജ് എങ്കിലും അതിലുപരി ഷാജഹാന്‍ തന്റെ അധികാരത്തിന്റെയും പ്രതാപത്തിന്റെയും പ്രതീകമായാണ് താജ് മഹല്‍ നിര്‍മിച്ചത് എന്നും പറയപ്പെടുന്നു.ഷാജഹാന്‍ ചക്രവര്‍ത്തിയെ ഔറംഗസേബ് ആഗ്ര കോട്ടയില്‍ തടവിലാക്കിയ 6 വര്‍ഷങ്ങളില്‍ അദ്ദേഹം താജ് മഹല്‍ നോക്കിയിരിക്കുമായിരുന്നു എന്നും,ഇല്ല എന്നും വാദങ്ങളുണ്ട്.
തേജോ മഹാലയ എന്ന ഹിന്ദു ക്ഷേത്രമായിരുന്നു താജ് മഹല്‍ എന്ന് പ്രൊഫസര്‍ പി എന്‍ ഓക്ക് എന്ന വ്യക്തി താജ് മഹല്‍ ദ് ട്ര്യു സ്റ്റോറി എന്ന പുസ്തകത്തില്‍ പറയുന്നു.താജിലെ അലങ്കാര പണികളും വാസ്തു വിദ്യയും കാണിച്ചാണ് ഈ വാദം. എന്നാല് സുപ്രീം കോടതി ഈ വാദം തള്ളി കളഞ്ഞു.ഒരു പക്ഷെ ഇന്ന് വെറും ഓര്‍മയായി മാറേണ്ട പ്രണയ നിര്‍മിതി സംരക്ഷിച്ചു നിര്‍ത്തിയവരുടെ പങ്ക് വളരെ വലുതാണ് സര്‍ വില്യം ജോണ്‍സും,കഴ്‌സന്‍ പ്രഭുവും താജിനേ നിലനിര്‍ത്താന്‍ ശ്രമിച്ചവരാണ്.ഭൂകമ്പവും ഇടിമിന്നലും താജ് മഹലിന്റെ കെട്ടുറപ്പിനെ ബാധിച്ചിരുന്നു,ഈസ്റ്റ് ഇന്ത്യാ കമ്പനി താജ് മഹല്‍ പൊളിച്ചു വില്‍ക്കാന്‍ തീരുമാനിച്ചതായിരുന്നു എന്നും പലരും ചരിത്രത്തില്‍ രേഖപ്പെടുത്തുന്നു.അതില്‍ കൗതുക കരമായ ധാരാളം ചരിത്രമുണ്ട്.
രണ്ടാം ലോക മഹായുദ്ധ സമയത്ത് ബോംബര്‍ വിമാനങളുടെ കാഴ്ചയില്‍ പെടാതിരിക്കാന്‍ മുളകള്‍ ഉപയോഗിച്ചും,ഇന്ത്യ പാക്ക് യുദ്ധ സമയത്ത് കറുത്ത തുണിയും പുല്ലും ഉപയോഗിച്ച് താജ് മഹല്‍ ശത്രുക്കളില്‍ നിന്നും മറച്ചിരുന്നു.താജ് മഹല്‍ വില്‍ക്കാനുണ്ട് എന്ന് പറഞ്ഞു വിദേശ സഞ്ചാരികളുടെ കയ്യില്‍ നിന്നും പണം വാങ്ങിയ ഒരാളുടെ കഥ 'നടുവര്‍ലാല്‍' പാര്‍ലമെന്റ് മന്ദിരം പോലും ഇത്തരത്തില്‍ വില്‍പനക്ക് വെച്ച വ്യക്തിയാണ് അദ്ദേഹം.നൂറ്റാണ്ടുകളെ അതിജീവിച്ച താജ്മഹല്‍ ഇന്നും പഴമയുടെ പ്രൗഡിയില്‍ യമുനയുടെ തീരത്ത് നിലകൊള്ളുന്നു.തന്നേ കാണാന്‍ എത്തുന്ന ആയിരക്കണക്കിന് സഞ്ചാരികളെ അല്‍ഭുതപ്പെടുത്താന്‍,പ്രണയത്തിന്റെ പ്രതീകമായി, സൂക്ഷ്മ കലയുടെ മാതൃകയായി, രാജ്യത്തിന് തന്നെ അഭിമാനമായി അവന്‍ അങ്ങനെ നിലകൊള്ളുന്നു...

ഞാന്‍ തിരികെ യാത്രയായി.. താജിന്റെ കാഴ്ച കണ്ണില്‍ നിന്നും മായുന്തോറും ഞാന്‍ മഹാ നിര്‍മിതിയെ നോക്കി അകലങ്ങളിലേക്ക് നടന്നകന്നു.. സഞ്ചാരികളുടെ വലിയൊരു നിരതന്നെയുണ്ട് ഇപ്പോള്‍.. കാലം കടന്നുപോകുന്തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെ താജ് മഹല്‍ ഇന്ത്യയുടെ ഒരു ഭാഗത്ത് നിലകൊള്ളുന്നു.താജ് മഹലിന്റെ ചുവട്ടില്‍ വെണ്ണ കല്ലിന്റെ തണുപ്പില്‍ ഹൃദയത്തിലൂടെ കടന്നു പോകുന്ന ആ ഒരു വികാരത്തെ പറഞ്ഞറിയിക്കാന്‍ ആര്‍ക്കും സാധിക്കില്ല.എത്ര തവണ കണ്ടാല്‍ പോലും മതിവരാത്ത മനസ്സ് മടുക്കാത്ത വെണ്ണ കല്ലില്‍ തീര്‍ത്ത സ്വര്‍ഗ്ഗത്തോട് ഞാന്‍ യാത്ര പറഞ്ഞു വലിയൊരു ആഗ്രഹം നേടിയെടുത്ത സന്തോഷവും അഭിമാനവും.. ഇന്ത്യയുടെ മണ്ണില്‍, അതങ്ങനെ നിലകൊള്ളട്ടെ വരും തലമുറക്ക് പ്രണയത്തിന്റെ കഥ പറയാന്‍ നൂറ്റാണ്ടുകളോളം
അവസാനിച്ചു.....

പരസ്യങ്ങള്‍ക്കും രചനകള്‍ പ്രസിദ്ധീകരിക്കാനും ബന്ധപ്പെടുക:
Phon: 8157000888, E- mail - helloashachechi@gmail.com


