രണ്ട് അമ്മമാര്‍ (ചെറുകഥ)

രചന:ബിന്‍സ് തോമസ്.

രണ്ട് അമ്മമാര്‍ (ചെറുകഥ)

ചെറുകഥ. 

രചന:ബിന്‍സ് തോമസ്. 

--------------------------------------

'ചേച്ചിയേ വരുന്നില്ലേ 

ബസ്സ് കാത്ത് നിന്നിരുന്ന രാധ ഞെട്ടി തല ഉയര്‍ത്തി നോക്കുമ്പോള്‍ ബസ്സിലെ കിളി ഡോര്‍ തുറന്നു പിടിച്ച് നില്‍ക്കുന്നു.എല്ലാ മുഖങ്ങളും തന്നെ നോക്കി ചിരിക്കുന്നുണ്ട്.രാധ പെട്ടന്ന് ബസ്സില്‍ കയറി സീറ്റിലേക്കിരുന്നു.

ബസ്സ് വന്നതുപോലും താനറിഞ്ഞില്ല.കുറച്ച് മുന്‍പ് നടന്ന രംഗങ്ങള്‍ വീണ്ടും മനസ്സിലേക്ക് വന്ന് കൊണ്ടിരിക്കുന്നു.ഇപ്പോഴും ചങ്കിടിപ്പ് മാറിയിട്ടില്ല.എന്നാലും നിതിന് എങ്ങനെ തോന്നി തന്നെ കയറിപ്പിടിക്കുവാന്‍.ആ വീട്ടിലെ വേലക്കാരി ആണെങ്കിലും മോനെപ്പോലെയല്ലേ അവനേ താന്‍ കണ്ടിട്ടുള്ളൂ.എന്നും വൈകി വരാറുള്ള ദീപമാഡം ആ സമയത്ത് വന്നില്ലായിരുന്നെങ്കില്‍ ?.ഓര്‍ത്തപ്പോള്‍ അവളുടെ ശരീരം കിലുകിലാ വിറച്ചു.

ബസ്സ് ഒരു സ്റ്റോപ്പില്‍ നിറുത്തിയപ്പോള്‍ രാധ പുറത്തേക്ക് നോക്കി.ഉണ്ണിശോയുടെ കുരിശുപള്ളിക്കു മുന്‍പില്‍ കുട്ടികള്‍ പുല്‍ക്കൂട് ഉണ്ടാക്കുന്നു.

അവളുടെ മനസ്സിലേക്ക് കുട്ടിക്കാലം വിരുന്നു വന്നു.

അയല്‍വക്കത്തുള്ള റീനയുടെ കൂടെ പുല്‍ക്കൂട് ഒരുക്കാനായി ഈറ്റ വെട്ടാന്‍ പോയപ്പോള്‍ പാമ്പിനെ കണ്ട് പേടിച്ച് ഓടിയത്.ഓട്ടത്തിനിടയില്‍ കമ്പ് കാലില്‍ തട്ടിയപ്പോള്‍ പാമ്പ് ആണെന്നുള്ള വിചാരത്തില്‍ വേഗം കൂട്ടി ഓടിയത്.കയ്യാലപുറത്തുനിന്നും താഴോട്ട് ചാടിയപ്പോള്‍ താഴെ കൂട്ടിയിട്ടിരുന്ന കരിങ്കല്ലില്‍ തല ഇടിച്ചു വീണത്. 

ആശുപത്രിയില്‍ കിടന്ന തനിക്കരികിലേക്കു ക്രിസ്തുമസ്സ് കേക്കുമായി റീനയും,അച്ഛനും, അമ്മയുമൊക്കെ വന്നത്.റീന എവിടെയെന്ന് അറിയില്ലെങ്കിലും അവള്‍ തന്ന ക്രിസ്തുമസ്സ് കാര്‍ഡ് തന്റെ പെട്ടിക്കകത്തു ഇപ്പോഴും താന്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.റീന അതില്‍ എഴുതിയ മഷി പടര്‍ന്ന അക്ഷരങ്ങള്‍ രാധയുടെ കണ്മുന്നില്‍ തെളിഞ്ഞു.

അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി

ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം 

എന്റെ രാധക്കുട്ടിക്ക് ഉണ്ണീശോയുടെ അനുഗ്രഹം എന്നുമുണ്ടാകട്ടെ

രാധ ഒരു നിമിഷം കണ്ണുകള്‍ അടച്ചു. 

എന്റെ ഉണ്ണീശോയെ ഈ രാധക്ക് ഒരു സമാധാനവും ഇല്ലല്ലോ.

അവളുടെ ഉള്ളം ഒന്ന് തേങ്ങി.

എന്താണ് ചെയ്യേണ്ടത് എന്ന് രാധക്ക് ഒരു ഊഹവും കിട്ടിയില്ല. ആരോടാണ് ഒന്ന് മനസ്സ് തുറക്കുക?

സെപ്റ്റിയ്ക്കായി ഒരു കാല്‍ മുറിച്ചുകളഞ്ഞ രഘുവേട്ടനോടോ?.

ഓരോ ദിവസവും കാണുമ്പോള്‍ മനസ്സില്‍ ആധി കൂട്ടുന്ന രണ്ട് പെണ്മക്കളോടോ ?.

രഘുവേട്ടന് ആവുമായിരുന്നെങ്കില്‍ തനിക്ക് ഒരിക്കലും വീട്ടുവേലക്കാരിയായി പോകേണ്ടി വരില്ലായിരുന്നു.നാളെയും ആ വീട്ടിലേക്ക് ചെല്ലുന്ന കാര്യം ഓര്‍ത്തപ്പോള്‍ രാധക്ക് പേടി തോന്നി.

ബസ്സിറങ്ങി വീടെന്ന സുരക്ഷിതത്തിലേക്കു രാധ കാലുകള്‍ നീട്ടിവെച്ചു നടന്നു.ശക്തിയായി വീശുന്ന കാറ്റില്‍ അവളുടെ മുടിയിഴകള്‍ പാറിപ്പറന്നു.കുറേ ദിവസമായി തുടരെയുള്ള മഴയാണ്.മണ്ണ് കൊണ്ടുള്ള കുടില്‍ ഏത് നിമിഷവും നിലം പൊത്തുമെന്നതിനാല്‍ മഴ പെയ്യുമ്പോള്‍ അവളുടെ ആശങ്ക ഏറും.പുല്ലില്‍ ചവിട്ടി തെളിഞ്ഞ വഴിപ്പാടില്‍ കൂടി മുന്നോട്ട് നടക്കുമ്പോള്‍ നാളെ ജോലിക്ക് പോകുന്നില്ലന്ന് മനസ്സില്‍ ഉറപ്പിച്ചെങ്കിലും രഘുവേട്ടനോടും, മക്കളോടും എന്ത് പറയുമെന്ന് അവള്‍ക്കറിയില്ലായിരുന്നു.

-------------------------------------------------------------

രണ്ട് ദിവസം സുഖമില്ലെന്ന് പറഞ്ഞ് രാധ ജോലിക്ക് പോയില്ല.

'അമ്മേ ദീപ ചേച്ചിയാ'

ഫോണ്‍ തന്ന് ഇളയ പെണ്ണ് പറയുമ്പോള്‍ ഇനി എന്ത് കള്ളം പറയും എന്ന് മനസ്സില്‍ പരതുവായിരുന്നു രാധ.

'ഹലോ !.

'ഹലോ ! രാധാ !..കുറഞ്ഞില്ലേ അസുഖം.ഹോസ്പിറ്റലില്‍ പോയില്ലേല്‍ ഞാന്‍ കൊണ്ടുപോകാം. '

'യ്യോ.. വേണ്ട .കുറവുണ്ട്.'

'നാളെ വരുമോ?.അറിയാമല്ലോ രാധ വന്നില്ലേല്‍ ഇവിടത്തെ അവസ്ഥ. മൊത്തം താളം തെറ്റിക്കിടക്കുവാ.'

'നാളെ ഞാന്‍ വരാം മാഡം'

എന്ന് പറഞ്ഞ് ഫോണ്‍ വെക്കുമ്പോളും രാധാക്കറിയാമായിരുന്നു പോകാന്‍ കഴിയില്ലെന്ന്. പക്ഷേ എത്ര ദിവസം?.വേറെ എവിടെയെങ്കിലും ജോലി തരപ്പെടുത്തണം.രാധ മനസ്സില്‍ പല കണക്കുക്കൂട്ടലുകളും നടത്തി. 

---------------------------------------------------------------

രണ്ട് ദിവസത്തിന് ശേഷം ഏജന്‍സിയില്‍ ഒരു ജോലി അന്വേഷിക്കാന്‍ ടൗണിലേക്ക് ബസ്സ് കാത്തുനില്‍ക്കുകയായിരുന്നു രാധ.പെട്ടന്ന് മുന്‍പില്‍ വന്നുനിന്ന കാറിലേക്ക് രാധ നോക്കുമ്പോള്‍ ഡോറിന്റെ ഗ്ലാസ് താഴ്ന്നു.ദീപ മാഡം

ഓടി ഒളിക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗം ഉണ്ടോന്ന് രാധ ചുറ്റും നോക്കി.എന്ത് കള്ളം പറയും ദീപ മാഡത്തിനോട്.ഇന്നലെ പല പ്രാവശ്യം ഫോണ്‍ വിളിച്ചെങ്കിലും താന്‍ എടുത്തില്ല.

ദീപ ഡോര്‍ തുറന്നു കൊടുത്തപ്പോള്‍ രാധക്ക് കയറാതിരിക്കാന്‍ കഴിഞ്ഞില്ല.ഇതുവരെ കാണാത്ത ഒരു ഗൗരവം ആ മുഖത്തുണ്ടന്ന് രാധക്ക് തോന്നി. അവള്‍ ദൂരേക്ക് മിഴികള്‍ നട്ടിരുന്നു.

എന്താണ് രാധയുടെ പ്രശ്‌നം?.'

ഒന്നുമില്ല മാഡം'

ശമ്പളം കൂടുതല്‍ വേണോ രാധക്ക്?'

വേണ്ട 

പിന്നെ ജോലിക്ക് വരാതിരിക്കാനുള്ള 

കാരണം ?.

എന്ത് പറയണം എന്നറിയാതെ രാധ ഉഴറി.

മോന്‍ നല്ലതുപോലെ എന്തെങ്കിലും കഴിച്ചിട്ട് എത്ര ദിവസമായെന്നറിയുമോ രാധക്ക്?. അവനാണ് എന്നേ പറഞ്ഞ് വിട്ടത് രാധയേ വിളിച്ചുകൊണ്ട് വരാന്‍.

നിതിന്‍ കള്ളം പറയുന്നതാ മാഡം. എനിക്ക് പേടിയാ മോനേ 

 

പറയെല്ലന്ന് ഓര്‍ത്തിരുന്നെങ്കിലും പെട്ടന്ന് രാധ അങ്ങനെ പറഞ്ഞ് പോയി.

ദീപയുടെ കാലുകള്‍ ശക്തിയായി ബ്രേക്കിലമര്‍ന്നു.ദീപ കാര്‍ സൈഡിലേക്ക് വെട്ടിച്ചു നിര്‍ത്തി.പെട്ടന്നുള്ള ബ്രേക്കിടലില്‍ രാധ മുന്നോട്ട് വേച്ചു പോയി.

'എന്താ രാധ പറഞ്ഞത്?അവന്‍ എന്ത് ചെയ്തു? അവന്‍ എന്തെങ്കിലും തെറ്റ് ചെയ്‌തോ? പറ രാധേ.

ദീപയുടെ വായില്‍ നിന്ന് തുരുതുരാ ചോദ്യങ്ങള്‍ വന്നപ്പോള്‍ രാധ പകച്ചുപോയി.

'എന്താ ഉണ്ടായതെന്ന് പറയാന്‍

രാധയേ പിടിച്ചുലച്ചു കൊണ്ട് ദീപ ചോദിച്ചു.

രാധയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. 

------------------------------------------------------------------

സ്റ്റിയറിങ്ങില്‍ തല ഇടിപ്പിച്ച് ദീപ വിങ്ങിപ്പൊട്ടി.തന്റെ മകനേക്കുറിച്ച് കേട്ടത് ആ അമ്മക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.

രാധയുടെ ആശ്വസിപ്പിക്കലുകള്‍ ഒന്നും ദീപയുടെ നെഞ്ചിലെ തീയണച്ചില്ല.

ഒന്ന് സ്വന്തം അമ്മയും,മറ്റൊന്ന് അമ്മയേപ്പോലെ അവന്‍ കരുതുന്നുണ്ടന്നു സ്വയം വിശ്വസിച്ച സ്ത്രീയും. 

അപമാനത്തിന്റെ, വിശ്വാസവഞ്ചനയുടെ,ഇരകളായി രണ്ട് അമ്മമാര്‍.

എത്ര തുടച്ചിട്ടും ഒഴുകി വന്നു കൊണ്ടിരുന്ന കണ്ണുനീരുമായി ദീപ തല ഉയര്‍ത്തി.

'രാധ ! ഈ ഉള്ളവളോട് പൊറുക്കണം.എന്ത് പ്രായശ്ചിത്തമാണ് ഞാന്‍ ചെയ്യേണ്ടത് എന്നെനിക്കറിയില്ല. ഞാന്‍ ഒരിക്കലും കരുതിയില്ല എന്റെ മോന്‍ ഇങ്ങനെ, 

അവനേ പെറ്റുവളര്‍ത്തിയ ഞാനും തെറ്റുകാരിയാണ്.എന്നോട് ക്ഷമിക്കൂ രാധേ.

ദീപ രാധയുടെ മടിയിലേക്ക് തല കുമ്പിട്ട് പൊട്ടിക്കരഞ്ഞു.രാധ ദീപയെ കെട്ടിപ്പിടിച്ചു.ഹൃദയം നുറുങ്ങിയ രണ്ട് അമ്മമാരുടെ ഏങ്ങലടികള്‍ ആ കാറിനുള്ളില്‍ ഉയര്‍ന്നു. 

-------------------------------------------------------------------

'സൂപ്പര്‍ ദോശയാ എന്റെ രാധചേച്ചി.മൂന്നാലുദിവസമായി രുചിയോടെ വല്ലതും കഴിച്ചിട്ട്. ഞാന്‍ വൈകിട്ട് വരുമ്പോള്‍ എനിക്ക് ദോശ ചുട്ട് തരണം കേട്ടോ '.

രാധ ഒഴുകി വന്ന കണ്ണുനീര്‍ തുടച്ചു കൊണ്ട് അടുക്കളയിലേക്ക് പോയി.ഇന്ന് ഒരു ദിവസം കൂടി ജോലിക്ക് വരണമെന്ന ദീപയുടെ അപേക്ഷ കേട്ടിട്ട് വന്നതായിരുന്നു രാധ.

മോന്‍ പറഞ്ഞിട്ട് പോകുന്നത് കേട്ട് ദീപ അപ്പുറത്തെ മുറിയില്‍ ഇരിപ്പുണ്ടായിരുന്നു. 

------------------------------------------------------------------

പതിവിലും നേരത്തെ കാളിങ് ബെല്‍ കേട്ട് രാധ വാതില്‍ തുറന്നു.ഒരു വഷളന്‍ ചിരിയോടെ നിതിന്‍ അകത്തേക്ക് കയറി.

'ഇന്ന് കുറച്ച് നേരത്തെ ഇങ്ങു പോന്നു.ഞാന്‍ കുളിച്ചിട്ട് ഇപ്പോള്‍ വരാം കേട്ടോ.'

അവന്‍ ഒന്ന് കണ്ണടച്ച് കാണിച്ച് മുകളിലേക്ക് പോയി.

കുളിച്ചിട്ട് ഇറങ്ങി വന്ന നിതിന്‍ രാധയേ കാണാഞ്ഞിട്ട് രാധ ഡ്രസ്സ് മാറാറുള്ള മുറിയിലേക്ക് വന്നു.കതക് പകുതി ചാരി ഇട്ടിരിക്കുന്നു.രാധ തിരിഞ്ഞു നിന്ന് സാരി ഉടുക്കുവാണ്.മുടി അഴിച്ചിട്ടിരിക്കുന്നു.രാധ പെട്ടന്ന് പോകാനുള്ള ഒരുക്കത്തിലാണന്നു നിതിന് തോന്നി.ഈ അവസരം ഇനി കിട്ടിയെന്ന് വരില്ല. അവന്‍ അകത്തേക്ക് പതിയെ കാലുകള്‍ ചലിപ്പിച്ചു.രാധയുടെ തൊട്ട് പിന്നിലെത്തി അവന്‍ നിന്നു.നിതിന്റെ ശ്വാസഗതി വേഗത്തിലായി. 

പിറകില്‍ നിന്ന് പെട്ടന്ന് അവന്‍ രാധയെ കെട്ടിപ്പിടിച്ചു.ഒട്ടും എതിര്‍പ്പ് കാണാതായപ്പോള്‍ അവന്‍ അമ്പരന്നു.

'ഇത്ര പെട്ടന്ന് സമ്മതിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല ന്റെ രാധചേച്ചിയേ.

നിധിന്‍ രാധയെ പതിയെ തനിക്കഭിമുഖമായി തിരിച്ചു നിറുത്തി.

ഒന്നേ നോക്കിയുള്ളൂ അവന്‍.

'അമ്മേ 

അതൊരലര്‍ച്ചയായിരുന്നു. 

കണ്ണുനീര്‍ ചാലുകള്‍ ധാരയായി ഒഴുകുന്ന ദീപയേ കണ്ട് നിതിന്‍ മുഖം പൊത്തി നിലത്തേക്കിരുന്നു.

'നീ എന്തിനു വേണ്ടി വന്നുവോ അത് പൂര്‍ത്തീകരിച്ചു മടങ്ങുക.ഞാന്‍ എതിര്‍ക്കില്ല.വേറൊരു സ്ത്രീയുടെ ശാപം എന്റെ മോന്റെ തലയില്‍ പതിക്കാതിരിക്കട്ടെ '.

നിതിന് വാക്കുകള്‍ ഇല്ലായിരുന്നു.അവന്‍ ദീപയുടെ കാലുകളില്‍ മുഖം അമര്‍ത്തി വിങ്ങിക്കരഞ്ഞു.

നീ മാപ്പ് ചോദിക്കേണ്ടത് എന്നോടല്ല.നിന്നേ മകനെപ്പോലേ കരുതി വാത്സല്യം കാണിച്ച ഒരു സ്ത്രീ ഉണ്ടായിരുന്നു ഇവിടെ.അന്ധത ബാധിച്ച നിന്റെ കണ്ണുകള്‍ക്ക് തിരിച്ചറിയാനാവാതെ പോയ ഒരമ്മ.ഉള്ള് ഉരുകിയിരിക്കുന്ന ആ അമ്മയുടെ കാലില്‍ പോയി എന്റെ മോന്‍ മാപ്പ് ചോദിക്ക്.നിനക്കുവേണ്ടി ഞാന്‍ പലവട്ടം ആ കാലുകളില്‍ വീണു കഴിഞ്ഞു. 

ഒരു ഏങ്ങലടി ശബ്ദം കേട്ട് നിതിന്‍ നോക്കുമ്പോള്‍ മുറിയുടെ കോണില്‍ രാധ. 

രാധയുടെ മുന്‍പില്‍ മുട്ട് കുത്തി തല കുമ്പിട്ട് ഇരിക്കുമ്പോള്‍ നിലത്തേക്ക് വീണ കണ്ണുനീര്‍തുള്ളികളില്‍ പശ്ചാത്താപത്തിന്റെ മണം ഉണ്ടായിരുന്നു. 

--------------------------------------------------------------------

'രാധേ ! ഇനി ഇവിടെ ജോലിക്ക് നില്‍ക്കണമെന്ന് ഞാന്‍ പറയില്ല.രാധ പൊക്കോളൂ. റോഡിന്റെ എതിര്‍ വശത്തുള്ള ഫ്‌ലാറ്റില്‍ പുതിയ താമസക്കാര്‍ വരുന്നുണ്ട്.നാളെ തൊട്ട് രാധ അവിടെ ജോലിക്ക് ചെന്നോളൂ.എനിക്കറിയാവുന്ന ഫാമിലി ആണവര്‍.എന്റെ മകനെപ്പോലൊരാള്‍ അവിടെ ഇല്ല.രണ്ട് പെണ്മക്കളാണവര്‍ക്ക്.

രാധ നിശബ്ദമായി തല കുലുക്കി.കണ്ണുകള്‍ കൊണ്ട് യാത്ര പറഞ്ഞിട്ട് അവള്‍ ഇറങ്ങി നടന്നു.

 

---------------------------------------------------------------------

എന്നിട്ടോ അമ്മയുടെ കൂട്ടുകാരിക്ക് എന്തെങ്കിലും പറ്റിയോ ?.

'പിന്നെ പറ്റാതിരിക്കുമോ?.അച്ചാച്ചന്‍ പറമ്പില്‍ കയ്യാല കെട്ടാന്‍ കൊണ്ട് വന്ന് ഇട്ടിരുന്ന കല്ലിന്റെ പുറത്തേക്കല്ലേ അവള്‍ ഓടി വന്ന് വീണത്.നെറ്റിയില്‍ നാല് സ്റ്റിച്ച് ഉണ്ടായിരുന്നു.കുറേ ദിവസം ഹോസ്പിറ്റലില്‍ ആയിരുന്നു.

എന്നിട്ട് ?.

അന്ന് ക്രിസ്തുമസിന് ഞാനും,അച്ചാച്ചനും,അമ്മയും കൂടി അവളെ ഹോസ്പിറ്റലില്‍ പോയി കണ്ടു.അമ്മ അവള്‍ക്ക് ഒരു ക്രിസ്തുമസ്സ് കാര്‍ഡ് ഒക്കെ കൊടുത്തു.കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ അവര്‍ അവിടത്തെ സ്ഥലമൊക്കെ വിറ്റിട്ട് വേറെ എങ്ങോട്ടോ പോയി.

'പിന്നെ അമ്മ അവരെ കണ്ടിട്ടേ ഇല്ല?.

'ഇല്ല.അമ്മ വലുതായപ്പോള്‍ കുറേ അന്വേഷിച്ചു.ഒരു വിവരവും കിട്ടിയില്ല.

എവിടെ എങ്കിലും സുഖമായി ജീവിക്കുന്നുണ്ടാവും എന്റെ രാധ.

'കഴിഞ്ഞോ അമ്മയുടെയും,മോളുടെയും കഥ പറച്ചില്‍ ?.നമ്മള്‍ എത്തി റീനാ.അതാ ഫ്‌ലാറ്റ് '.

ജോസഫ് പറഞ്ഞതു  കേട്ട് തങ്ങളുടെ ഫ്‌ലാറ്റിലേക്ക് നോക്കിയിട്ട് റീന എതിര്‍വശത്തേക്ക് നോക്കി.റോഡിനിരുവശവും ഒരേപോലത്തെ രണ്ട് ഫ്‌ലാറ്റുകള്‍.

അപ്പോള്‍ ദീപയുടെ ഫ്‌ലാറ്റില്‍ നിന്നും ഇറങ്ങി വന്ന രാധ റോഡിലേക്കിറങ്ങി .

എതിര്‍ വശത്ത് തനിക്കുള്ള ക്രിസ്തുമസ്സ് സമ്മാനം ഉള്ളതറിയാതെ. 

ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് മാത്രം അവകാശപ്പെട്ട സമാധാനം നാളെ തനിക്കും ലഭിക്കുമെന്നറിയാതെ രാധ ബസ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു.

പരസ്യങ്ങള്‍ക്കും, രചനകള്‍ പ്രസിദ്ധീകരിക്കാനും ബന്ധപ്പെടുക

8157000888, E-mail- helloashachechi@gmail.com