തീവണ്ടി കയറി വെണ്ണക്കല്ലിന്റെ നാട്ടിലേക്ക്- ഭാഗം 5
പര്‍വ്വതാരോഹകനായ ഡോ.മുഹമ്മദ് സഹദ് സാലിഹ് തൊടുപുഴ പെരുമ്പിള്ളിച്ചിറ കിഴേടത്ത് സാലിഹ് സുഹദ ദമ്പതികളുടെ മകനാണ്.സിവില്‍ സര്‍വ്വീസിന് ഒരുങ്ങി കൊണ്ടിരിക്കുന്ന സഹദ്, ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള യുവജന പരിശീലന കേന്ദ്രത്തിലെ അധ്യാപകനാണ്.പശ്ചിമഘട്ട പര്‍വ്വതാരോഹകനായ ഇദ്ദേഹം 20 ഓളം ട്രെക്കിംഗുകള്‍ നടത്തിയിട്ടുണ്ട്
കഥ പറയുന്ന പ്രണയ സൗധം
ഡോ.മുഹമ്മദ് സഹദ് സാലിഹ്
തുടര്‍ച്ച....
ഗസ്റ്റ് ഹൗസ് വരാന്തയുടെ തണലില്‍ ഞാന്‍ താജ് മഹലിന്റെ ഭംഗി ഞാന്‍ ആവോളം ആസ്വദിച്ചു.താജ് മഹലിലെ ഓരോ ചിത്രങ്ങളും സൂക്ഷ്മമായ കൊത്തുപണികളും,ചെറുതും വലുതുമായ പാളികളും എല്ലാം എല്ലാ വശങ്ങളിലും ഒരേ അളവില്‍ ഒരേ രൂപത്തില്‍ അത്യധികം കൃത്യമായി ഒരു ചെറിയ കുറ്റം പോലും കണ്ടെത്താനാവാതെ നിര്‍മിച്ചത് എന്നെ ആശ്ചര്യപ്പെടുത്തി.ഒരു മനുഷ്യന് ഇത്രയധികം പൂര്‍ണതയില്‍ ഇങ്ങനെ ചെയ്യാന്‍ സാധിക്കുമോ എന്ന് ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ല യന്ത്രങ്ങള്‍ വരെ തോറ്റുപോകുന്ന കൃത്യത.

വലിയ താഴികക്കുടത്തിന് മുകളില്‍ പൊന്മാന്‍ പക്ഷികള്‍ എന്തൊക്കെയോ കുസൃതി കാണിക്കുന്ന തിരക്കിലാണ്.പിന്നില്‍ പാതി ജീവനുള്ള യമുനാ നദി കാണാം യമുനാ നദിക്ക് അക്കരെ ഷാജഹാന്‍ തനിക്ക് വേണ്ടി നിര്‍മിച്ചു എന്ന് കരുതപ്പെടുന്ന ബ്ലാക്ക് താജിന്റെ ഫൗണ്ടേഷനും ചുറ്റും മെഹ്താബ് ബാഗ് പൂന്തോട്ടവും.
യമുനാ നദിക്കരയിലാണ് താജ് മഹല്‍ തല ഉയര്‍ന്ന് നില്‍ക്കുന്നത് എങ്കിലും യമുന യുടെ നേട്ടം മറ്റൊരു നദിയുടെ നഷ്ടംകൂടിയാണ്. മുംതാസ് മഹല്‍ മരണ മടഞ്ഞ ബുര്‍ഹാന്‍പൂരില്‍ താപ്തി നദിയുടെ തീരത്താണ് താജ് മഹല്‍ നിര്‍മിക്കാന്‍ ഷാജഹാന്‍ തീരുമാനിച്ചത്. എന്നാല്‍ അവിടത്തെ നദീ തീരം അത്തരമൊരു സ്മാരകത്തിന്റെ നിര്‍മാണത്തിന് ഉറപ്പുള്ളതായിരുന്നില്ല.യമുനാ നദി തീരത്തെ സ്ഥലം രജ്പുത്താനയിലുള്ള ആമെറിലെ ഭരണാധികാരി രാജാ മാന്‍ സിംഗ് കച്ച് വാഹയുടെ ഉടമസ്ഥതയിലായിരുന്നു.അദ്ദേഹത്തിന്റെ കൊച്ചുമകനായ രാജ ജയ് സിംഗാണ് അത് കൈവശം വെച്ചിരുന്നത്.പകരം നാലിടങ്ങളില്‍ ഭൂമി നല്‍കികൊണ്ട് ഈ സ്ഥലം ഏറ്റെടുത്തു.
ഭൂമി കൈമാറ്റ രേഖകള്‍ ജയ്പൂര്‍ കൊട്ടാര മ്യുസിയത്തിലും ബിക്കാനീറിലെ ആര്‍ക്കൈവ് സിലും സൂക്ഷിച്ചിരിക്കുന്നു.താജ് മഹലിന്റെ നടുവില്‍ രണ്ടു വശങ്ങളില്‍ ചെറിയ കുളം നിര്‍മിച്ചി്ട്ടുണ്ട്,എന്നാല്‍ അതില്‍ ജലമൊന്നും കാണുന്നില്ല..
താജ് മഹലിന്റെ പുറകില്‍ ഇരുമ്പ് കമ്പികൊണ്ട് നിര്‍മിച്ച സുഷിരങ്ങളുള്ള അടച്ചിട്ടിരിക്കുന്ന ഒരു ഭാഗം കാണാം,വിടവിലൂടെ നോക്കിയപ്പോള്‍ അത് ഉള്ളറയിലേക്ക് ഉള്ള നടപ്പാതയാണെന്ന് തോന്നുന്നു,ആളുകള്‍ അതിനുള്ളിലേക്ക് നാണയങ്ങളും നോട്ടുകളും ഇട്ടിട്ട് പോകുന്നുന്നുണ്ട്.വലിയൊരു തുകയിലുള്ള ഇന്ത്യന്‍ രൂപ അവിടെ കുന്നുകൂടി കിടക്കുന്നു.അല്പസമയം കഴിഞ്ഞപ്പോള്‍ ഉള്ളില്‍ നിന്നും ജീവനക്കാര്‍ വലിയൊരു ചൂലുപയോഗിച്ച് ഇതെല്ലാം വാരിയെടുത്ത് കൊണ്ടുപോകുന്ന കാഴ്ചയും എന്നില്‍ കൗതുകമുണര്‍ത്തി.

പലരും പല വശങ്ങളില്‍ നിന്നും ലോകാത്ഭുതത്തെ പശ്ചാത്തലമാക്കി ഫോട്ടോയും വീഡിയോയും എടുക്കുന്ന തിരക്കിലാണ്.മറ്റു ചിലര്‍ മാര്‍ബിളിന്റെ ആകൃതിയും വാസ്തുവിദ്യയും സസൂക്ഷ്മം നിരീക്ഷിക്കുന്നു.രാവിലെ 9 മണിയായി എങ്കിലും ശക്തമായ വെയിലും ചൂടുമാണ് പരിസരത്ത്.ഖുര്‍ആന്‍ സൂക്തങ്ങള്‍ കൈലിപികള്‍ കൊണ്ട് വെണ്ണകല്ലില്‍ കറുത്ത കല്ലില്‍ കൊത്തിയെടുത്ത് പതിച്ചിരുന്നു,അമാനത് ഖാന്‍ എന്ന കാലിഗ്രാഫറാണ് ഇതിന്റെ ശില്പി.പല നിറത്തിലുള്ള കല്ലുകള്‍ ഉപയോഗിച്ച് പുഷ്പങ്ങളും മറ്റും ഇതേ രീതിയില്‍ വെണ്ണക്കല്ലില്‍ പതിച്ചിരിക്കുന്ന കാഴ്ച അതി സൂക്ഷ്മമായ കലയുടെയും കഴിവിന്റെയും കൃത്യതയുടെയും പ്രതിരൂപമാണ്.ഇരുട്ടില്‍ മറ്റു പ്രകാശത്തില്‍ ഈ കല്ലുകള്‍ അതി ഗംഭീരമായ കാഴ്ച സമ്മാനിച്ചു മിന്നിത്തിളങ്ങും. താജ് മഹലിന്റെ ഉള്ളില്‍ പ്രവേശിക്കുമ്പോള്‍ ലൈറ്റ് ഉപയോഗിച്ച് മാര്‍ബിളില്‍ നോക്കിയാല്‍ അതിമനോഹരമായ ഭംഗി നമുക്ക് ആസ്വദിക്കാം.അതിനാല്‍ തന്നെ പൂര്‍ണ ചന്ദ്ര ദിവസങ്ങളില്‍ താജ് മഹലിന്റെ ഉള്ളിലേക്ക് രാത്രി പ്രത്യേക പ്രവേഷനമുണ്ട്.
നിറങ്ങള്‍ നൃത്തം വെക്കുന്ന നിര്‍മിതിയാണ് താജ് മഹല്‍ സൂര്യ ചന്ദ്ര പ്രകാശങളുടെ തീവ്രതക്കനുസരിച്ച് വെണ്ണക്കല്ലുകള്‍ ദൃശ്യ വിസ്മയം തീര്‍ക്കും.സൂര്യോദയ സമയത്ത് പിങ്ക് നിറവും വൈകുന്നേരങ്ങളില്‍ തൂവെള്ള നിറവും പൂര്‍ണ ചന്ദ്ര നിറത്തില്‍ സ്വര്‍ണ വര്‍ണം അണിയുമെന്നും സഞ്ചാരികള്‍ രേഖപ്പെടുത്തുന്നു.രാജസ്ഥാനിലെ മക്രാനയില്‍ നിന്നാണ് പ്രധാനമായും താജ് മഹലിന്റെ മാര്‍ബിള്‍ കൊണ്ടുവന്നത്.താജ് മഹലില്‍ പതിച്ചിട്ടുള്ള കല്ലുകള്‍ പലതും ടിബറ്റില്‍ നിന്നും ചൈനയില്‍ നിന്നും ശ്രീലങ്കയില്‍ നിന്നും കൊണ്ടുവന്നതാണത്രേ..

പരസ്യങ്ങള്‍ക്കും രചനകള്‍ പ്രസിദ്ധീകരിക്കാനും ബന്ധപ്പെടുക:
Phon: 8157000888, E- mail - helloashachechi@gmail.com


