പ്രണയമഴ
കവിത - നസീറ ഷാജി കാളിയാർ.
നസീറ ഷാജി
കാളിയാർ.
മഴ പെയ്തു തോർന്നൊരീ സായന്തനത്തിൽ
ഓർമ്മകൾ മഴയായ് പെയ്തു നിൽക്കെ
മഴയുടെ കുളിരും പൂവിൻ സുഗന്ധവും
മനതാരിൽ പ്രണയമഴ പെയ്ത പോലെ .....
വാക്കിലും നോക്കിലും പ്രണയം തുളുമ്പുമീ
കഥകളൊരായിരം മുന്നിൽ വന്നൂ ...
ആ കഥകളിലാദ്യം തെളിഞ്ഞു വന്നൂ
നിലാവു പോൽ രമണനും ചന്ദ്രികയും ....
കാനനഭംഗിയിൽ പ്രണയാർദ്രരായി
നിൽക്കുന്നിതാ കണ്ണൻ രാധയുമായ്
അരയന്നം നീന്തുമീ അരുവിതന്നോരത്ത്
നളദമയന്തിയെ കാണുന്നുവോ ....
ദർഭമുന കൊണ്ടൊരീ ശകുന്തളയും
ദുഷ്യന്തനെ കാത്തിരിക്കുന്നുവോ
ശിവപാർവ്വതീപരിണയ കഥകളും ....
പിന്നെ... ശ്രീരാമ സീതാ ത്യാഗങ്ങളും...
അറേബ്യൻ കഥയിലെ ലൈലാ മജ്നുവും ....
ബദ്റുൽ മുനീറും ഹുസ്നുൽ ജമാലും
കഥകളടങ്ങുമീ ഇശലുകളും..
അഴകോലും മൊഞ്ചോടെ മിന്നിടുന്നൂ...
ഈ പ്രണയകാവ്യങ്ങൾ ഓർത്തു നിൽക്കെ മെല്ലെ ....
മഴ മുത്തുകൾ വീണ്ടും പെയ്തിറങ്ങി
ആ മുത്തുകൾ പതിയെ തലോടവേ ഞാനും ....
ഓർമ്മയിൽ നിന്നുമുണർന്നു പോയീ ....
പ്രണയവർണ്ണംപോലെ പെയ്തൊരു മുത്തുകൾ
നീർമാതളത്തിന്റെ പൂത്തൊരു ചില്ലയെ
പ്രണയാർദ്രമായി പുണർന്നുപോയി....
കൂട്ടായി തെന്നലും വന്നുചേർന്നു....




