അക്ഷരങ്ങൾക്കപ്പുറം
മുഹമ്മദ് ഷാബീര്‍
ചോദ്യപേപ്പറുകളിലെ ശരിയുത്തരങ്ങൾക്കപ്പുറം
ജീവിതമെന്നൊരു വലിയ ചോദ്യമുണ്ട്.
എല്ലാവരും നിർത്താതെ ഓടുകയാണ്,
മുന്നിലെത്താൻ, അല്ലെങ്കിൽ
ആരുടെയും പിന്നിലാവാതിരിക്കാൻ.
കറുത്ത ബോർഡിൽ മായ്ച്ചു കളഞ്ഞ അക്ഷരങ്ങൾ പോലെ
എത്രയോ സ്വപ്നങ്ങളാണ് ഓരോ ക്ലാസ്സ്മുറികളിലും ബാക്കിയാകുന്നത്.
ചുമലിലെ പുസ്തകങ്ങളുടെ ഭാരത്തേക്കാൾ വലുതാണ്,
ചുറ്റുമുള്ളവരുടെ പ്രതീക്ഷകളുടെ കനം.
ഓരോ പകലുകളും കൊഴിയുമ്പോൾ,
നാമറിയാതെ നമ്മളിലെ ആ പഴയ ചിരി മായുകയാണ്.
റാങ്ക് ലിസ്റ്റുകളിലെ അക്കങ്ങൾക്ക് താഴെ
ശ്വാസം മുട്ടുന്ന കുറേ ബാല്യങ്ങളുണ്ട്.
തെരഞ്ഞെടുക്കാൻ അവർക്ക് മുന്നിൽ വെച്ചതൊക്കെയും
മറ്റാരൊക്കെയോ വരച്ചുവെച്ച വഴികൾ മാത്രമായിരുന്നു.
പഠിച്ചു തീർത്ത പുസ്തകങ്ങളിലൊന്നും,
അറിവിന്റെ ആഴങ്ങളിലൊന്നും,
സ്വയം കണ്ടെത്താനുള്ള വഴികൾ
ആരും വരച്ചിട്ടിരുന്നില്ല.
മാർക്കുകൾ കൊണ്ട് ഒരിക്കലും അളക്കാൻ കഴിയാത്ത
ജീവിതത്തിന്റെ യഥാർത്ഥ പാഠങ്ങൾ പഠിപ്പിക്കാൻ
ഇനിയും ഏത് പുസ്തകമാണ് നാം തുറക്കേണ്ടത്?
മുഹമ്മദ് ഷാബീര്‍ പികെ



