രണ്ടു കവിതകള്‍
രണ്ടു കവിതകള്‍
രചന: മിഷ്മ
........................................................................
പ്രകൃതി
ചുട്ടുപൊള്ളുന്ന വേദനകളില്‍ ആശ്വാസമായി
പ്രകൃതി കണ്ടെത്തിയതാവാം
ശൈത്യമെന്ന ചങ്ങാതിയെ..
പകലെന്നുമവള്‍ക്ക് ക്രൂരമായ ഓര്‍മയാവാം..
ചൂടും വെയിലും അവളെ നോവിച്ചതിനാലാവാം..
മനുഷ്യന്റെ ദ്രോഹം സഹിക്കവയ്യാതെയുമാവാം..
എന്തെന്നറിയില്ല ശൈത്യം പുണരുമ്പോള്‍
അവളുടെ ഉള്ളം കുളിരുന്നതുപോലെ..
താല്‍കാലികമെന്നറിയുകിലും
അവനെന്നും കൂടെ
ഉണ്ടായിരുന്നെങ്കിലെന്നവള്‍ ആശിക്കുന്നു.

പുലര്‍ച്ചെ ഇലകളില്‍ തപസ്സുചെയ്യുന്ന ജലകണങ്ങള്‍
അവളുടെ കണ്ണീര്‍ത്തുള്ളികളാണെന്ന് ഞാനറിയുന്നു..
ഒരുപക്ഷേ നഷ്ടപ്പെടുത്താന്‍ വയ്യെന്നുള്ള
ഓര്‍മ്മപ്പെടുത്തലാവാം ആ കണ്ണുനീര്‍..
അവന്‍ പുണര്‍ന്നമാത്രയില്‍ അവള്‍
സന്തോഷത്താല്‍ പൊഴിച്ചവയുമാവാം..
അതുമല്ലെങ്കില്‍ അവനോടു പരിഭവം പറയുന്ന
വേളയില്‍ വിങ്ങിപ്പൊട്ടിയതുമാവാം..
എന്തൊക്കെയായാലും
അവളിപ്പോള്‍ സന്തോഷവതിയാണ്..
അവനിലെ കുളിര്‍മ
ഇന്നവള്‍ക്കുമാത്രം സ്വന്തമാണ്.
ഒരു പൂവിന്റെ വിടവാങ്ങല്‍
.................................................................................
വാടിക്കൊഴിഞ്ഞ പൂവിനുമുണ്ടായിരുന്നു
പറയാന്‍ ദളങ്ങളോടൊപ്പം
മണ്ണില്‍ അടര്‍ന്നുവീണുപോയ
ചില സ്വപ്നങ്ങളുടെ കഥ..
ഒരു ആയുഷ്‌ക്കാലം മുഴുവന്‍
പ്രണയിച്ച സൂര്യനെ സ്വന്തമാക്കാനാവാതെയുള്ള
വിടവാങ്ങല്‍ അവളെ അത്രയും വേദനിപ്പിച്ചു ..
അത്രമേല്‍ ഒറ്റപ്പെട്ട നിമിഷങ്ങളില്‍
അത്രയേറെ കൊതിച്ച കാറ്റിന്റെ
തലോടലുമിന്നൊരു നഷ്ട സ്വപ്നമാണ്..
ഓരോ ഇതളും കണ്ണീരോടെ
വിടപറഞ്ഞു അകലുമ്പോഴും
അവള്‍ ഇനി വിരിയാനുള്ള ഓരോ മൊട്ടുകളിലും
തന്റെ സ്വപ്നങ്ങള്‍ വരച്ചുചേര്‍ക്കുകയായിരുന്നു
ഒടുവില്‍ അവള്‍ വിടവാങ്ങി..
വിടരാനിരിക്കുന്ന ഓരോ ഇതളുകളിലും
അവളുടെ സ്വപ്‌നങ്ങള്‍
പുനര്‍ജ്ജനിക്കുമെന്ന പ്രതീക്ഷയോടെ
രചനകള്‍ അയക്കാനുള്ള വിലാസം : helloashachechi@gmail.com
whatsapp: +91 80758 86342





