അവസാന പ്രഭാതം

മുഹമ്മദ് സ്വാലിഹ് പി - ഒടുവിൽ മറ്റൊരു മുറിയുടെ മൂലയിൽ ചുരുണ്ടിരുന്ന ഉമ്മയെ അവൻ കണ്ടു. ഉമ്മ വിറയ്ക്കുകയായിരുന്നു. കണ്ണുനീർ ഒഴുകിക്കൊണ്ടിരുന്നു. ഹബീബ് ഓടിച്ചെന്ന് ഉമ്മയെ ചേർത്ത് പിടിച്ചു.

അവസാന പ്രഭാതം

വെടിയൊച്ച കേട്ടാണ് ഹബീബ് ആ പ്രഭാതത്തെ വരവേറ്റത്.
പതിമൂന്നാം വയസ്സിൽ അവന്റെ ഉപ്പ മരണപ്പെട്ടിരുന്നു. അതിനുശേഷം അവന്റെ ലോകം ഉമ്മ മാത്രമായിരുന്നു. ഉമ്മയുടെ സ്നേഹവും കരുതലുമായിരുന്നു അവന്റെ ഏക ആശ്രയം. ജീവിതത്തിലെ എല്ലാ പ്രയാസങ്ങളിലും ഉമ്മ അവന് തണലായി നിന്നു.
ആ പ്രഭാതത്തിൽ കേട്ട വെടിയൊച്ച പതിവിലേതിനേക്കാൾ ഭയാനകമായിരുന്നു. ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്ന ഹബീബ് പുറത്തേക്ക് ഓടി. വീടിന്റെ ചുവരുകൾ വിറയ്ക്കുന്നതുപോലെ തോന്നി.പുറത്തിറങ്ങിയ അവൻ കണ്ട കാഴ്ച അവന്റെ നെഞ്ച് തകർത്തു. വീടിന്റെ ഒരു ഭാഗം പൂർണമായും തകർന്നുകിടക്കുകയായിരുന്നു. പൊടിയും പുകയും വായുവിൽ നിറഞ്ഞിരുന്നു. തകർന്നുകിടന്നത് ഉമ്മ ഉറങ്ങാറുള്ള മുറിയായിരുന്നു.
"ഉമ്മാ... ഉമ്മാ...!"
അവൻ ഉറക്കെ വിളിച്ചുകൊണ്ട് വീടിന്റെ ഓരോ കോണിലും തിരഞ്ഞു. മറുപടി ഒന്നും ലഭിച്ചില്ല. ഭയം ഓരോ നിമിഷവും വർധിച്ചു.
ഒടുവിൽ മറ്റൊരു മുറിയുടെ മൂലയിൽ ചുരുണ്ടിരുന്ന ഉമ്മയെ അവൻ കണ്ടു. ഉമ്മ വിറയ്ക്കുകയായിരുന്നു. കണ്ണുനീർ ഒഴുകിക്കൊണ്ടിരുന്നു.
ഹബീബ് ഓടിച്ചെന്ന് ഉമ്മയെ ചേർത്ത് പിടിച്ചു.
"ഉമ്മാ, എന്താണ് സംഭവിച്ചത്? നിങ്ങൾക്ക് ഒന്നും പറ്റിയില്ലല്ലോ?"
ഉമ്മയ്ക്ക് സംസാരിക്കാൻ കഴിഞ്ഞില്ല. അവൾ മകന്റെ മുഖത്തേക്ക് മാത്രം നോക്കി.
"ഉമ്മാ, എന്തിനാണ് കരയുന്നത്? എനിക്ക് ഒന്നും മനസ്സിലാകുന്നില്ല..."
അവൻ പറഞ്ഞുതീരുന്നതിന് മുമ്പ് പുറത്തുനിന്ന് വീണ്ടും ഒരു വലിയ സ്ഫോടനശബ്ദം ഉയർന്നു. വീടാകെ കുലുങ്ങി.
ഉമ്മ പേടിച്ചുകൊണ്ട് ഹബീബിനെ നെഞ്ചോടു ചേർത്തുപിടിച്ചു.
"മോനേ..." എന്നൊരു വാക്ക് മാത്രമേ ഉമ്മയുടെ ചുണ്ടുകളിൽ നിന്ന് പുറത്തുവന്നുള്ളൂ.
അടുത്ത നിമിഷം മറ്റൊരു വെടിയുണ്ട ആ വീട്ടിലേക്ക് പാഞ്ഞെത്തി.
എല്ലാം ഒരു നിമിഷംകൊണ്ട് നിശ്ശബ്ദമായി.

പൊടിപടലങ്ങൾക്കിടയിൽ ഉമ്മയുടെ കൈകളിൽ തലചായ്ച്ച് ഹബീബ് കിടന്നു. അവന്റെ കണ്ണുകൾ പതിയെ അടഞ്ഞു.
അവസാന നിമിഷത്തിൽ അവൻ ഓർത്തത് തന്റെ ഉപ്പയെയായിരുന്നു. വർഷങ്ങൾക്കുമുമ്പ് നഷ്ടപ്പെട്ട ഉപ്പയുടെ മുഖം അവന്റെ മനസ്സിൽ തെളിഞ്ഞു. അങ്ങനെ, കണ്ണീരിന്റെയും വെടിയൊച്ചകളുടെയും നടുവിൽ, ഹബീബ് തന്റെ ഉപ്പയുടെ അടുത്തേക്ക് യാത്രയായി. ഉമ്മയുടെ നിലവിളി മാത്രം ആ തകർന്ന വീടിന്റെ ചുവരുകളിൽ പ്രതിധ്വനിച്ചുകൊണ്ടിരുന്നു.
....................................

മുഹമ്മദ് സ്വാലിഹ് പി
മഅ്ദിൻ സ്കൂൾ ഓഫ് എക്സലൻസ് ,മലപ്പുറം

..................................

പാട്ട് കാണുന്നതിനായി ചിത്രത്തില്‍ ലിങ്ക് ചെയ്യുക

വെറുതെ ഒരു ആലാപനം | VERUTHE ORU ALAPANAM ASHALATHA | SINGER