ക്ഷമയുടെ പാഠം.. (മിനിക്കഥ)

സിജു ജേക്കബ് - പ്രവാസി എഴുത്തുകാരന്‍, ഓസ്‌ട്രേലിയന്‍ മലയാളി, സഞ്ചാരി, സാമൂഹ്യപ്രവര്‍ത്തകന്‍,മാധ്യമപ്രവര്‍ത്തകന്‍.

ക്ഷമയുടെ പാഠം..   (മിനിക്കഥ)

ന്ന് രാവിലെയും ആ വീട്ടിൽ പതിവുപോലെ അച്ഛന്റെ ദേഷ്യപ്പെടലോടെയാണ് നേരം പുലർന്നത്. അമ്മയില്ലാത്ത ആ വീട്ടിൽ, വീട്ടുപണികളും തന്റെ ജോലിയും ഒന്നിച്ച് കൊണ്ടുപോകേണ്ടി വരുന്നതിന്റെ വലിയൊരു സമ്മർദ്ദത്തിലായിരുന്നു ആ 

മനുഷ്യൻ. അതുകൊണ്ടുതന്നെ രാവിലെ എഴുന്നേറ്റത് മുതൽ അയാൾ മകനോട് തട്ടിക്കയറുകയായിരുന്നു.

"വേഗം എഴുന്നേൽക്ക്! 

പോയി മുഖം കഴുകി, പല്ലുതേച്ച്, മുടിയൊക്കെ ചീകി ആ ഷർട്ട് ഇട്ടേ. സ്കൂളിൽ പോകാൻ സമയമായി, വൈകും!"

അയാൾ ഇടയ്ക്കിടെ ക്ലോക്കിലേക്ക് നോക്കി എന്തൊക്കെയോ പിറുപിറുക്കുകയും നെടുവീർപ്പിടുകയും ചെയ്യുന്നുണ്ട് ..

"ഇനിയിപ്പോ ഇവിടെയിരുന്ന് കഴിക്കാൻ സമയമില്ല. ആ ജ്യൂസും എടുത്ത് വണ്ടിയിൽ കയറിക്കോ—പക്ഷേ, വസ്ത്രത്തിൽ വീഴ്ത്തരുത്, പറഞ്ഞേക്കാം."

തൊട്ടടുത്ത നിമിഷം അയാൾ വീണ്ടും ശബ്ദമുയർത്തി.

"ഞാൻ ഇപ്പോൾ നിന്നോട് എന്താ പറഞ്ഞത്? നിന്റെ ഷർട്ട് നോക്കൂ! നീ അതിൽ കറയാക്കി കഴിഞ്ഞു. സത്യം പറഞ്ഞാൽ, നിനക്കൊന്നും ഒരു കാര്യവും നേരെചൊവ്വേ ചെയ്യാൻ അറിയില്ലേ?"

മകൻ ഒന്നും മിണ്ടിയില്ല.

മിണ്ടാതിരിക്കുന്നതാണ് ഏറ്റവും നല്ലതെന്ന് ആ കുഞ്ഞു മനസ്സ് പഠിച്ചുകഴിഞ്ഞിരുന്നു. അച്ഛന്റെ ദേഷ്യം ഇനിയും കൂടുമെന്ന പേടി കാരണം, അത്രയ്ക്ക് അത്യാവശ്യമുള്ളപ്പോഴല്ലാതെ അവൻ അച്ഛനെ വിളിക്കാൻ പോലും മടിച്ചിരുന്നു.

സ്കൂളിലും ഇതുതന്നെയായിരുന്നു അവസ്ഥ. "ക്ലാസ്സിൽ ശ്രദ്ധിക്കൂ" എന്ന് ടീച്ചർക്ക് അവനെ ഇടയ്ക്കിടെ ഓർമ്മിപ്പിക്കേണ്ടി വന്നു.പഠിപ്പിക്കുന്നതിനിടയിൽ അവൻ പലപ്പോഴും ജനലിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുമായിരുന്നു. മറ്റുള്ള കുട്ടികളൊക്കെ എങ്ങനെയാണ് ഇത്ര എളുപ്പത്തിൽ സന്തോഷമായിരിക്കുന്നത്, തനിക്ക് മാത്രം അതിന് കഴിയാത്തത് എന്തുകൊണ്ട് എന്ന് അവൻ ചിന്തിച്ചു.അന്ന് വൈകുന്നേരം, വീട്ടിലെത്തിയ ശേഷം, ആ മുറിയിലെ നിശ്ശബ്ദത മാറ്റി അവൻ പതുക്കെ ചോദിച്ചു:

"അച്ഛാ... ഇന്ന് സ്കൂളിൽ വെച്ച് ടീച്ചർ എന്നോട് ചോദിച്ചു, അച്ഛന് എന്താ ജോലിയെന്ന്... എനിക്ക് അത് എങ്ങനെ പറയണമെന്ന് അറിയില്ലായിരുന്നു."

അച്ഛൻ മകനെ നോക്കി പറഞ്ഞു.

"ഞാൻ നായ്ക്കളെ പരിശീലിപ്പിക്കുന്ന ആളാണ്."

"അച്ഛൻ അവയെ എന്തൊക്കെയാ പഠിപ്പിക്കുന്നത്?"

"പറയുന്നത് അനുസരിക്കാനും, ഇരിക്കാനും, നിൽക്കാനും, തടസ്സങ്ങൾ ചാടിക്കടക്കാനുമൊക്കെ ഞാൻ അവയെ പഠിപ്പിക്കുന്നു. വീട്ടുസാധനങ്ങൾ കടിച്ചുകീറാതിരിക്കാനും, വീടിന് കാവൽ നിൽക്കാനും, കുട്ടികളെ കാത്തുരക്ഷിക്കാനും ഞാൻ അവയെ ശീലിപ്പിക്കാറുണ്ട്."

അയാൾ മുഖത്ത് നേരിയൊരു പുഞ്ചിരിയോടെ തുടർന്നു:

"ചില നായ്ക്കൾ പോലീസുകാരെ സഹായിക്കുന്നു. ചിലത് അപകടങ്ങളിൽ പെട്ടവരെ രക്ഷിക്കാൻ ഫയർഫോഴ്സിനൊപ്പം പോകുന്നു. വേറെ ചിലത് സ്ഫോടകവസ്തുക്കൾ കണ്ടെത്താനും, കാഴ്‌ചയില്ലാത്തവർക്ക് വഴികാട്ടാനും മിടുക്കരാണ്. 

അവ വളരെ വലിയ കാര്യങ്ങളാണ് ചെയ്യുന്നത്."

അതുകേട്ടപ്പോൾ ആ കുട്ടിയുടെ കണ്ണുകൾ തിളങ്ങി.

"ആ നായ്ക്കൾക്ക് ശമ്പളം കിട്ടുമോ അച്ഛാ?"

അച്ഛൻ ചെറുതായൊന്ന് ചിരിച്ചു.

"ഇല്ലല്ലോ, അവയ്ക്ക് ശമ്പളമൊന്നും കിട്ടില്ല."

"പിന്നെ അവ എന്തിനാ ഇതൊക്കെ ചെയ്യുന്നത്?"

"കാരണം, നമ്മൾ അവയെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. നന്നായി നോക്കുന്നുണ്ട്. അവയെ പഠിപ്പിക്കുന്നവർ വളരെ ക്ഷമയുള്ളവരാണ്. അവർ ആ മൃഗങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നു, അത്രയേയുള്ളൂ."

മകൻ ഒരു നിമിഷം  എന്തോ ചിന്തിച്ചതിനുശേഷം

"അച്ഛൻ എങ്ങനെയാ അവയെ ഇതൊക്കെ പഠിപ്പിക്കുന്നത്?"

"അത് വളരെ എളുപ്പമാണ്," അച്ഛൻ പറഞ്ഞു. "ഞാൻ അവയുടെ കഴുത്തിൽ ഒരു ബെൽറ്റിട്ട് കൂടെക്കൂട്ടി ഒരുപാട് ദൂരം നടക്കാൻ കൊണ്ടുപോകും. അവയോട് സംസാരിക്കും, ഓരോന്നായി പറഞ്ഞു മനസ്സിലാക്കും. അവയ്ക്ക് തെറ്റുപറ്റുമ്പോൾ ഞാൻ ഗൗരവത്തിൽ തിരുത്തും

പക്ഷേ ഒരിക്കലും അവയെ വേദനിപ്പിക്കില്ല. അതിനുശേഷം, എനിക്ക് അവയോട് ദേഷ്യമില്ലെന്ന് അറിയാൻ ഞാൻ അവയെ കെട്ടിപ്പിടിച്ച് തലോടും. ഇതിന് സമയമെടുക്കും. എല്ലാറ്റിലുമുപരി, നല്ല ക്ഷമ വേണം."

ആ കുഞ്ഞു മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.തന്റെ അച്ഛന്റെ ജോലിയെക്കുറിച്ച് കൂട്ടുകാരോടെല്ലാം ഓടിച്ചെന്ന് പറയാൻ ആഗ്രഹിക്കുന്നതുപോലെ അവൻ നിന്നു.പക്ഷേ, പെട്ടെന്ന് ആ പുഞ്ചിരി മാഞ്ഞുപോയി.അവന്റെ കണ്ണുകൾ നിറഞ്ഞു.ഹൃദയം സങ്കടപ്പെടുമ്പോൾ കുട്ടികൾ മാത്രം സംസാരിക്കുന്ന ആ പാവം ശബ്ദത്തിൽ, അവൻ അച്ഛന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു:

"അച്ഛാ... എന്നെയും ആ ബെൽറ്റിൽ കെട്ടി കൂടെ കൂട്ടാമോ?"

അച്ഛൻ എന്തുപറയണമെന്നറിയാതെ തരിച്ചുനിന്നുപോയി.

"എനിക്കും അച്ഛന്റെ കൂടെ നടക്കാൻ വരണം. അച്ഛൻ എന്നോട് സംസാരിക്കണം. അച്ഛന് അറിയാവുന്നതെല്ലാം എനിക്കും പഠിപ്പിച്ചു തരണം."

"എനിക്ക് തെറ്റുപറ്റിയാൽ അച്ഛന് എന്നെ ശകാരിക്കാം... 

പക്ഷേ, അതിനുശേഷം അച്ഛന് എന്നോട് ദേഷ്യമില്ലെന്ന് എനിക്ക് മനസ്സിലാകാൻ എന്നെ ഒന്നു കെട്ടിപ്പിടിക്കാമോ?"

"ഞാൻ ഇനിയും നന്നായി ശ്രമിക്കാം അച്ഛാ..."

"ഞാൻ പറയുന്നതെല്ലാം അനുസരിക്കാം."

"വീട്ടിലെ കാര്യങ്ങളിലൊക്കെ ഞാൻ സഹായിക്കാം."

"ഞാൻ സ്നേഹിക്കുന്നവരെയെല്ലാം ഞാൻ നോക്കിക്കൊള്ളാം."

"പിന്നെ... എപ്പോഴെങ്കിലും അച്ഛന് കാഴ്‌ചയില്ലാതെയായാൽ..."

"അച്ഛന്റെ കൈപിടിച്ച് വഴിനടത്താൻ ഞാനുണ്ടാകും."

"അതുകൊണ്ട്... പ്ലീസ് അച്ഛാ..."

"എന്നോടും കുറച്ച് ക്ഷമ കാണിക്കാമോ?"

ആ അച്ഛന്റെ ഹൃദയം തകർന്നുപോയി.

അയാൾ തന്റെ മകനെ ഓടിച്ചെന്ന് വാരിപ്പുണർന്ന്, നെഞ്ചോട് ചേർത്തു നിർത്തി. അയാളുടെ കണ്ണുകളിൽ നിന്നും കണ്ണീർ ഒഴുകി.ആ നിമിഷത്തിൽ അയാൾ ഒരു വലിയ കാര്യം തിരിച്ചറിഞ്ഞു: തന്റെ മകന് ഒട്ടും ആവശ്യമില്ലായിരുന്നത് കർശനമായ നിയമങ്ങളും ദേഷ്യവുമായിരുന്നു.അവന് ആവശ്യമായിരുന്നത് അച്ഛന്റെ കുറച്ചു സമയമായിരുന്നു.കുറച്ചു പ്രോത്സാഹനമായിരുന്നു.കരുതലോടെയുള്ള സ്നേഹമായിരുന്നു.കൂടെയുണ്ടെന്ന ഉറപ്പായിരുന്നു.അതിലുമുപരി, ഒരല്പം ക്ഷമയായിരുന്നു.

ആ കുഞ്ഞു മകൻ തന്റെ തല അച്ഛന്റെ നെഞ്ചിലേക്ക് ചായ്ച്ചുവെച്ച് പതുക്കെ പറഞ്ഞു "നന്ദി, അച്ഛാ..."

നമ്മുടെ ഉള്ളിലെ ഏറ്റവും ശാന്തവും ദയയുള്ളതുമായ പെരുമാറ്റം, നമുക്ക് ഏറ്റവും പ്രിയപ്പെട്ടവർക്കായി മാറ്റിവെക്കാൻ നമുക്ക് കഴിയട്ടെ

നമ്മുടെ മക്കൾക്ക്, പങ്കാളിക്ക്, മാതാപിതാക്കൾക്ക്, സുഹൃത്തുക്കൾക്ക് ഒക്കെയും.

കാരണം, ജീവിതത്തിലെ വലിയ പാഠങ്ങൾ ഒരിക്കലും പേടിപ്പിച്ച് പഠിപ്പിക്കാൻ കഴിയില്ല.

അവ പകരേണ്ടത് സ്നേഹത്തിലൂടെയും, ക്ഷമയിലൂടെയും, അവരോടൊപ്പം നമ്മളുണ്ട് എന്ന ലളിതമായ ആ സാന്നിധ്യത്തിലൂടെയുമാണ്.

...................................................................................................

സിജു ജേക്കബ് 

(പ്രവാസി എഴുത്തുകാരന്‍, ഓസ്‌ട്രേലിയന്‍ മലയാളി, സഞ്ചാരി, സാമൂഹ്യപ്രവര്‍ത്തകന്‍,മാധ്യമപ്രവര്‍ത്തകന്‍.)

.......................................................................

Click on the image below to watch the video