വെയില്‍ ഒരു പുഴയാണ്

രാവേറെച്ചെന്ന് വെയില്‍പ്പുഴ നീലക്കയമായ്ഉ റങ്ങുന്ന നേരത്ത്, കുളിച്ചീറന്‍ മാറിയപെണ്ണിന്റെ ഉടലിന് വെയിലിന്റെ മണമായിരുന്നു. വെയില്‍ അവളെ ചുംബിച്ചിരിയ്ക്കാം.

വെയില്‍ ഒരു പുഴയാണ്

എഴുത്ത് : ശിവജ.കെ.നായര്‍ 

വെയില്‍

ഒരു പുഴയാണ്.

കാറ്റത്തെ കരിയിലയനക്കം

ഒഴുക്കിന്റെ ഒച്ചയാണ്.

നേര്‍ത്ത ഇലയനക്കങ്ങള്‍

ചെറുമീനുകളാണ്.

മരക്കൊമ്പുകളുലയുന്നത്

ചുഴികളും മലരികളുമാണ്.

കാടിനടിയിലെ

കീരിപ്പാച്ചിലുകള്‍

മുങ്ങാംകുഴികളും ,

പച്ചത്തണുപ്പിലെ

വെയില്‍ മയക്കം

കരുമാലിക്കയത്തില്‍ 

പൂതമുറങ്ങുന്നതുമാണ്

വൃക്ഷനിബിഡമായ

ഇടങ്ങളില്‍

പുഴയ്ക്ക് കടലാഴമാണ്.

മരങ്ങളില്ലാത്തിടം

മണല്‍പ്പുറമാണ് .

കാറ്റിനവിടെ

കനല്‍ച്ചൂടാണ്.  

ഇലകൊഴിഞ്ഞ മരങ്ങള്‍  

വെയില്‍ ചോര്‍ന്ന വെള്ളം 

തളം കെട്ടിയ വീടുകളാണ്

കാറ്റിനോടും

വേനലൊഴുക്കിനോടും

മല്ലടിച്ച് പിടിച്ചു നിന്നൊരില ,

രണ്ടോ മൂന്നോ

പച്ച ഞരമ്പുകള്‍

മാത്രമുള്ളൊരു

പഴുത്തയില,

ഇന്നലെയും

ഞാന്‍ കണ്ടതാണ്.

ഇന്നു പകലിലെപ്പോഴോ

അത്

വേനല്‍പ്പുഴയില്‍

വീണു പോയിരുന്നു !

രാവേറെച്ചെന്ന്

വെയില്‍പ്പുഴ

നീലക്കയമായ്

ഉറങ്ങുന്ന നേരത്ത്,

കുളിച്ചീറന്‍ മാറിയ

പെണ്ണിന്റെ ഉടലിന്

വെയിലിന്റെ മണമായിരുന്നു.

വെയില്‍ അവളെ

ചുംബിച്ചിരിയ്ക്കാം.