പ്രകൃതിയും മനുഷ്യനും
വീണ വിനോദ്
നന്മ തൻ പൂഞ്ചോലയൊഴുക്കിടുമീ മണ്ണിൽ,
നമ്മളുണർന്നു വിഹരിച്ചിടുന്നു.
പച്ചയാം പട്ടുടുത്തമ്മയാം ധരണിതൻ,
അമ്മിഞ്ഞപ്പാലുണ്ടു ജീവിപ്പൂ നാം.
തെന്നലായ് വന്നു തലോടിടും കാറ്റുമീ,
വിണ്ണിലെ താരകപ്പൂക്കളെല്ലാം,
കണ്ണു ചിമ്മാതെ നമ്മെ നോക്കിക്കൊണ്ടു,
പുഞ്ചിരി തൂകി നില്പൂ നിരന്തരം.
എങ്കിലും മാനവൻ സ്വാർത്ഥതയാൽ ഇന്ന്,
അമ്മതൻ മാറകം കീറിടുന്നു.
പച്ചപ്പുഴകളെ ചോരയാക്കീടുന്നു,
പച്ചയാം കാനനം വെട്ടിടുന്നു.
ആർത്തി പൂണ്ടോടിടും മാനവപ്പൈതലേ,
ഓർക്കുക നീ നിന്റെ നാളെയെയൊന്ന്.
വൃക്ഷമില്ലെങ്കിൽ ശ്വാസമില്ലെന്നുള്ള,
സത്യം മറന്നു നീ പോയിടല്ലേ.
ഇനിയുമീ ഭൂമിയെ സ്നേഹിച്ചിടാം നമ്മൾ,
ഇനിയുമൊരു പുലരിയുണ്ടാകുവാൻ.
പൂക്കളും പക്ഷിയും പുഴകളും വാഴുന്ന,
ലോകം നമുക്കായ് കാത്തിടേണം.
വീണ വിനോദ്
എസ്. എസ് നിവാസ്
വടക്കേവിള, ബാലരാമപുരം
...........................................................



