കമ്മ്യൂണിസ്റ്റ് പച്ച ആള് പൊളിയാണ് കേട്ടോ
കമ്മ്യൂണിസ്റ്റ് പച്ച എന്ന പേരില്‍ മാത്രമല്ല മുറിപ്പച്ച, അപ്പ, കാട്ടപ്പ, ഐമു പച്ച, വേന പച്ച, നീലപ്പീലി,പൂച്ചെടി എന്നിങ്ങനെ പ്രാദേശിക പേരുകളില്‍ അറിയപ്പെടുന്നതും ഈ സസ്യം തന്നെ
തയ്യാറാക്കിയത്

ഒരിടം വെബ്‌ഡെസ്‌ക്
........................................................
നമുക്ക് ആരോഗ്യം പ്രധാനം ചെയ്യുന്ന ഒട്ടനവധി സസ്യങ്ങള്‍ നമ്മള്‍ പോലും അറിയാതെ നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലും എല്ലാം തഴച്ചു വളരുന്നുണ്ട്.കളയാണ്ന്നും കാട്ടു ചെടിയാണെന്നും കരുതി നാം പിഴുതെറിയുന്ന ഈ ചെടികള്‍ സത്യത്തില്‍ അമൂല്യമായ ഔഷധങ്ങളാണെന്ന് നാം അറിയുന്നില്ല. ഈ സസ്യങ്ങളുടെ പൂവോ,തണ്ടോ അല്ലെങ്കില്‍ ചെടി മൊത്തത്തിലോ ഉപയോഗിച്ചാല്‍ ഒട്ടനവധി രോഗങ്ങള്‍ക്ക് മരുന്നാണ്.
ഈ സസ്യങ്ങളെ കുറിച്ചുള്ള അറിവ് നമ്മള്‍ക്കു ഉണ്ടായാല്‍ മാത്രമേ അവയേതെല്ലാം എന്ന് തിരിച്ചറിയാനും അതിന്റെ പ്രാധാന്യം മനസിലാക്കി വച്ചു പിടിപ്പിക്കാനും കഴിയും. അത്തരത്തില്‍ ഗുണങ്ങള്‍ ഏറെ ഉള്ള ഒരു ഔഷധസസ്യം ആണ് 'കമ്മ്യൂണിസ്റ്റ് പച്ച'.

Chromolaena odorata, Eupatorium odoratum എന്ന ശാസ്ത്ര നാമമുള്ള ഈ ചെടി കമ്മ്യൂണിസ്റ്റ് പച്ച എന്ന പേരില്‍ മാത്രമല്ല മുറിപ്പച്ച, അപ്പ, കാട്ടപ്പ, ഐമു പച്ച, വേന പച്ച, നീലപ്പീലി,പൂച്ചെടി എന്നിങ്ങനെ പ്രാദേശിക പേരുകളില്‍ അറിയപ്പെടുന്നതും ഈ സസ്യം തന്നെ. സംസ്‌കൃതത്തില്‍ 'തീവ്രഗന്ധ' എന്നും ഇതറിയപ്പെടുന്നു. ഇതിന്റെ ഇലകള്‍ കയ്യിലിട്ട് ഞെരിക്കുമ്പോള്‍ ഉണ്ടാവുന്ന ഒരു പ്രത്യേക ഗന്ധമാണ് ഇത്തരത്തിലുള്ള ഒരു പേര് വരാന്‍ ഇതിന് കാരണമായത്.
കമ്മ്യൂണിസ്റ്റ് പച്ച എന്ന പേര് പലപ്പോഴും നമ്മളില്‍ കൗതുകം ഉണര്‍ത്താറുണ്ട്.ഇതിനു പിന്നിലുമുണ്ട് പഴമക്കാര്‍ പറയുന്ന ഒരു കഥ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചാ കാലഘട്ടങ്ങളില്‍ ഒളിവില്‍ താമസിക്കേണ്ടി വന്ന സഖാക്കളുടെ ശരീരത്തിനേറ്റ പല മുറിവുകളും ഭേദമാക്കിയ ഒരൊറ്റമൂലിയാണ് ഈ സസ്യം.
വെളുത്ത നിറത്തിലുള്ള പുഷ്പങ്ങളാണ് ഈ ചെടിയില്‍ കാണപ്പെടുക. ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് ഇതിന്റെ ഇല. 'അപ്പോ മുറിഞ്ഞാല്‍ അപ്പേടെ ഇല' എന്ന ഒരു ശൈലി നമ്മുടെ നാട്ടിന്‍പുറത്തുണ്ട്. 'അപ്പോ' എന്നാല്‍ ഉടനെ എന്നാണ് അര്‍ത്ഥമാക്കുന്നത്. ഇതിന്റെ ഇല ഇടിച്ചു പിഴിഞ്ഞ എടുക്കുന്ന നീരിന് ഏതു വലിയ മുറിവിനെയും ഭേദമാക്കാനുള്ള അതിവിശേഷാല്‍ കഴിവുണ്ട്.
ഇതൊരു അധിനിവേശ സസ്യമാണ്. 1840-കളില്‍ കരീബിയന്‍ നാടുകളില്‍ നിന്ന് അലങ്കാരസസ്യമെന്ന രൂപേണ ഭാരതത്തിലേക്ക് എത്തിയെന്ന് കരുതപ്പെടുന്നു. സൂര്യകാന്തി കുടുംബത്തില്‍ പെട്ട ഈ സസ്യം ഉഷ്ണമേഖലാ രാജ്യങ്ങളില്‍ വളരെ സമൃദ്ധമായി കാണപ്പെടുന്നു.
തീവ്രമായ വംശവര്‍ധനശേഷിയുള്ള ഈ സസ്യം വിത്തുകളിലൂടെയും തണ്ടുകളിലൂടെയും പ്രജനനം നടത്തുന്നു. വിത്തുകളുടെ അറ്റത്തുള്ള ഒരു പറ്റം ചെറിയ നാരുകളുടെ സഹായത്തോടെ കാറ്റില്‍ പറന്നാണ് വിദൂരസ്ഥലങ്ങളിലേക്ക് വിത്തുവിതരണം നടത്തുന്നത്. അതേ സമയം, നനവുള്ള മണ്ണില്‍ വീഴുന്ന ഒരു ചെറിയ കഷണം തണ്ടു പോലും പെട്ടെന്നു കിളിക്കുകയും ചെയ്യുന്നുണ്ട്. സാധാരണയായി കുറ്റിച്ചെടി പോലെ വളരുന്ന കമ്യൂണിസ്റ്റ് പച്ച മറ്റു മരങ്ങളുടെ തണലില്‍ നിന്ന് രക്ഷപെടാനായി ആ മരങ്ങളുടെ മുകളിലേക്ക് ഒരു വള്ളി പോലെ പടര്‍ന്നു കയറുന്നതായും കണ്ടുവരുന്നു.
കുലകളായുണ്ടാകുന്ന പൂക്കള്‍ക്ക് വെള്ളനിറമാണ്. ഇലകള്‍ പൊട്ടിച്ചു ഞെരുടുമ്പോള്‍ ഒരു പ്രത്യേക ഗന്ധം പ്രസരിക്കുന്നുണ്ട്. അതിനാല്‍ സംസ്‌കൃതത്തില്‍ ഇതിനെ തീവ്രഗന്ധ എന്നു വിളിക്കുന്നു.

ഇതിന്റെ ഇലയും തണ്ടും പൂവും എല്ലാം ഔഷധയോഗ്യം തന്നെ. എന്നാല്‍ ആഹാരമായി അതായത് ശരീരത്തിനുള്ളിലേക്ക് ഉപയോഗിക്കാവുന്നത് ഇതിന്റെ ഇല മാത്രമാണ്. ഈ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും അതില്‍ കുളിക്കുന്നതും ആരോഗ്യത്തിന് ഏറെ ഗുണമെന്ന് പഴമക്കാര്‍ അഭിപ്രായപ്പെടുന്നു.
ഇതിന്റെ ഇലയിട്ട് തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ കുളിച്ചാല്‍ ചിക്കന്‍ ഗുനിയെയോ അല്ലെങ്കില്‍ പനി മാറിയതിനു ശേഷം ശരീരത്തിനുണ്ടാകുന്ന വേദനകള്‍ ഇല്ലാതാക്കും. കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പ്രമേഹം, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതചര്യാ രോഗങ്ങളില്‍ നിന്ന് മുക്തി നേടാന്‍ പ്രാപ്തമെന്ന് പറയപ്പെടുന്നു. ഇതിന്റെ ഇലയില്‍ പല പോഷകഘടകവും അടങ്ങിയിട്ടുണ്ട്. കാല്‍സ്യം, മാംഗനീസ്, ഇരുമ്പ്, ഫൈറ്റിക് ആസിഡ്, ഫ്‌ളോവിനോയിഡുകള്‍ തുടങ്ങിയവ ധാരാളമായി അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഈ ഇലയിട്ട് തിളപ്പിച്ച വെള്ളം ശരീരത്തിനുള്ളിലെ ടോക്‌സിനുകള്‍ ഇല്ലാതാക്കുമെന്ന് മാത്രമല്ല ഉദരത്തിലെ ജലാംശത്തിന്റെ പി എച്ചു മൂല്യം ക്രമപ്പെടുത്തുകയും ചെയ്യുന്നു. വയറ്റിലെ അള്‍സര്‍, മൂത്രാശയ രോഗങ്ങള്‍ എന്നിവയ്ക്ക് ഈ സസ്യം ഒരു ആശ്വാസം ആയി കരുതപ്പെടുന്നു.

കമ്മ്യൂണിസ്റ്റ് പച്ച അരച്ച് സമം വെളിച്ചെണ്ണ ചേര്‍ത്ത് ലേപനമായി പുരട്ടിയാല്‍ ഏത് പഴുത്ത മുറിവ് പോലും ഭേദമാവും.ഇതുപോലെ ഇതിന്റെ ഇല അരച്ച് അല്പം മഞ്ഞള്‍ കൂടി ചേര്‍ത്ത് ഉപയോഗിച്ചാല്‍ ത്വക്ക് രോഗകളില്‍ നിന്ന് മുക്തി നേടാന്‍ ഏറെ ഗുണപ്രദം തന്നെ. ഇതിന്റെ വേര് ഇടിച്ചു പിഴിഞ്ഞ നീര് ഒരൗണ്‍സും കറന്ന ഉടനെയുള്ള പശുവിന്‍പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ മൂത്രക്കല്ല് ഇല്ലാതാവുമെന്നും പറയുന്നു.
രോഗശാന്തി മാത്രമല്ല ഈ സസ്യം മികച്ച ഒരു ജൈവ വളം കൂടി ആണ്. നെല്ല്, തെങ്ങ്, വാഴ തുടങ്ങി എല്ലാ കൃഷിക്കും അടിവളമായി ഇതിന്റെ ഇലകള്‍ ഉപയോഗിക്കാം. ഇത് മണ്ണിനോട് പെട്ടെന്ന് അലിഞ്ഞു ചേരുന്നവെന്ന പ്രത്യേകതയാണ് ഇതിനെ അടിവളമായി തിരഞ്ഞെടുക്കുവാനുള്ള കാരണം. ഇത്തരം സസ്യങ്ങളുടെ മഹിമ അറിഞ്ഞു അതിനെ സംരക്ഷിക്കാനായി ശ്രമിക്കാം






