അല്ല പിന്നെ !! ആക്ഷേപഹാസ്യപരമ്പര 4

രാജൻ കിണറ്റിങ്കര -ആക്ഷേപഹാസ്യപരമ്പര സുഹാസിനി : ഇതിലിത്ര ആലോചിക്കാനെന്ത് ? രാജാവായാലും ഭഗവാനായാലും മനസമാധാനം വേണമെങ്കിൽ കാട്ടിൽ പോകണം . അത്ര തന്നെ.

അല്ല പിന്നെ !!  ആക്ഷേപഹാസ്യപരമ്പര 4

രാജൻ കിണറ്റിങ്കര 

സുഹാസിനി : എന്താ രാവിലെ മഹാഭാരതം തുറന്ന്  ഇരിക്കുന്നത് ?

ശശി: ഇടയ്ക്കൊക്കെ ഇതു പോലുള്ള ഇതിഹാസങ്ങൾ എടുത്ത് വായിക്കണം.  പാരമ്പര്യവും സംസ്കാരവും ഓർത്ത് വയ്ക്കാൻ.

സുഹാസിനി..  അപ്പോൾ അതൊക്കെ മറന്നു എന്ന് സ്വയം ബോധ്യപ്പെട്ടു തുടങ്ങി, അല്ലേ.

ശശി : മഹാഭാരതത്തിലെ ഏത് രംഗമാ നിന്നെ ഏറ്റവും സ്പർശിച്ചത് ?

സുഹാസിനി.. രാമൻ കാട്ടിൽ പോകുന്ന രംഗം .

ശശി : രാമൻ രാമായണത്തിലാ മഹാഭാരതത്തിലല്ല, മഹാഭാരതത്തിൽ കാട്ടിൽ പോയത് പാണ്ഡവരാ .

സുഹാസിനി.. എന്തായാലും പോയത് കാട്ടിലേക്കാണല്ലോ.

ശശി :   നമ്മുടെ രണ്ട് പുരാണങ്ങളിലും നന്മ ചെയ്തവർക്ക് കാട്ടിൽ പോകേണ്ടി വന്നത് എന്തായിരിക്കും, ഊഹിച്ചിട്ടുണ്ടോ?

സുഹാസിനി :  ഇതിലിത്ര  ആലോചിക്കാനെന്ത് ?  രാജാവായാലും ഭഗവാനായാലും മനസമാധാനം വേണമെങ്കിൽ കാട്ടിൽ പോകണം . അത്ര തന്നെ.

ശശി :  അനീതിയും തിന്മയും പെരുകിയിട്ടും ഈ കാലത്ത് രാമൻമാർ പുനർജനിക്കാത്തതെന്താ   എന്നാലോചിക്കാ ഞാൻ. 

സുഹാസിനി..  ഇന്നത്തെ രാമൻ കാട്ടിൽ നിന്ന് മാനിന്റെ ഒപ്പമുള്ള ഒരു സെൽഫിയെടുത്ത് സ്റ്റാറ്റസിടും..Running After a Deer, Excited ???? എന്ന് . അല്ല പിന്നെ !!