ഹൃദയം വിൽപ്പനയ്ക്ക്
രാജൻ കിണറ്റിങ്കര

..................................................................
വൃദ്ധാശ്രമത്തിന്റെ
വരാന്തയിൽ
ഒരു ബോർഡുണ്ട്
"ഹൃദയം വിൽപ്പനയ്ക്ക് "
പലരാലും
തോൽപ്പിക്കപ്പെട്ടിട്ടും
മരിക്കാത്തൊരു
ഹൃദയം ..
വഴിയാത്രക്കാർ
എത്തിനോക്കി
മുഖം തിരിച്ച്
നടക്കുന്നു...
വാട്സ് ആപ്പിലും
ഫെയ്സ്ബുക്കിലും
വെറുതെ കിട്ടുന്ന
സാധനം എന്തിന്
വില കൊടുത്തു
വാങ്ങണം എന്നാവും?
ചെറിയതെങ്കിലും
മക്കൾക്കും
കൊച്ചുമക്കൾക്കും
ഒരു വീടിനു തന്നെയും
കൂടൊരുക്കിയ
ഹൃദയമാണ്. .
ചുവരിലെ
ഘടികാരസൂചിക്കും
ഹൃദയത്തിനും
ഒരേ താളമാണ്,
എപ്പോഴും
നിശ്ചലമാകാവുന്ന
കയറ്റിറക്കങ്ങൾ...
രാത്രി കനത്തിട്ടും
വഴി വാണിഭക്കാർ
ഒഴിഞ്ഞിട്ടും
പ്രതീക്ഷയോടെ
വൃദ്ധ സദനത്തിന്റെ
വരാന്തയിൽ
ചന്ദ്രനിലാവ് വീഴാതെ
ഒരു ബോർഡ്
"ഹൃദയം വിൽപ്പനയ്ക്ക് "
മുറിവേറ്റിട്ടും
ചോര കിനിഞ്ഞിട്ടും
സ്നേഹം മിടിക്കുന്ന
ഒരു മാതൃഹൃദയം ..
.................................................................................


