അരൂപികളുടെ പാട്ട്
ഹരിത പണിക്കര്‍ -താരാപടവുകളൊക്കെയും താണ്ടി ആകാശ ചെരുവിലെ അലുക്കുള്ള കട്ടിലില്‍ ആരവങ്ങളില്ലാതവളുറങ്ങീ

ഹരിത പണിക്കര്‍
**********************
ഒരു കവിതയില്‍ നിന്നും പൊട്ടി
ചിതറി വീണു വക്ക് പൊട്ടിയ
വാക്കുകളുടെ കൊളാഷ്.
മുറിവുകളത്രേയും മുനയുള്ള
അറിവുകളാണ്.
രൂപം ഇല്ലാത്ത ചിന്തകളുടെ
നിഴല്‍പ്പാടില്‍ വേരുകളുടെ
മര്‍മ്മരങ്ങള്‍,കര്‍മ്മ
താപങ്ങളുടെ തിളത്തുള്ളികള്‍.
ഒരു ഈറന്‍ മഴയത്തുമ്മറത്ത്
ഈയലുകളുടെ കളമെഴുത്ത്.
അല്പായുസ്സിന്റെ ജാതകക്കുറി.
പെറുക്കിക്കൂട്ടിയ അക്ഷരങ്ങളില്‍
എവിടെയോ വിടവ് തീര്‍ത്ത വെള്ളിടി.
ചുറ്റുമരൂപികള്‍,ചിലമ്പിച്ച
ചിലപ്പതികാര പദങ്ങള്‍.
മയക്കത്തിലേറ്റവള്‍ തനിയേ
കുളത്തില്‍ മുങ്ങി നിവര്‍ന്നു.
രാപ്പക്ഷി പാടിയ പാട്ടുകളവളെ
കുറിച്ചുള്ളവയായിരിക്കാം.
താരാപടവുകളൊക്കെയും താണ്ടി
ആകാശ ചെരുവിലെ അലുക്കുള്ള
കട്ടിലില്‍ ആരവങ്ങളില്ലാതവളുറങ്ങീ






