അല്ല പിന്നെ !!(ആക്ഷേപഹാസ്യ രൂപകം)

സുഹാസിനി.. മനുഷ്യാ, ഇതിൽ എംഎൽഎ. എം പി, പഞ്ചായത്ത് മെംബർ , സിനിമാക്കാർ , വ്യവസായ പ്രമുഖർ തുടങ്ങി സകല വി.ഐ.പി കളെയും ഒഴിവാക്കിയാൽ പിഴയടക്കേണ്ടവർ പത്തിന് താഴെയേ വരൂ.

അല്ല പിന്നെ !!(ആക്ഷേപഹാസ്യ രൂപകം)

രാജൻ കിണറ്റിങ്കര

.............................................

ശശി.. ഇത് കണ്ടോ? ആദ്യ ദിവസം തന്നെ എ ഐ ക്യാമറയിൽ 38520 പേർ കുടുങ്ങിയത്രെ.

സുഹാസിനി.  ഓ , ആറ്റിക്കുറുക്കിയാൽ അതിൽ പിഴ അടക്കാനുളളത് ഒരു പത്തോ പതിനഞ്ചോ വരും

ശശി:  എന്താറ്റിക്കുറുക്കൽ ?

സുഹാസിനി..  മനുഷ്യാ, ഇതിൽ എംഎൽഎ. എം പി,  പഞ്ചായത്ത് മെംബർ , സിനിമാക്കാർ , വ്യവസായ പ്രമുഖർ തുടങ്ങി സകല വി.ഐ.പി കളെയും ഒഴിവാക്കിയാൽ പിഴയടക്കേണ്ടവർ പത്തിന് താഴെയേ വരൂ.

ശശി:  കേരളത്തിൽ എ യും ഐ യും ഒന്നിച്ച് നിർത്താൻ ഹൈക്കമാന്റിന് പറ്റിയില്ല. അതിന് ഇടത് മുന്നണി തന്നെ വേണ്ടി വന്നു. 

സുഹാസിനി :  അവരുടെ പേരിൽ തന്നെ ഗ്രൂപ്പുണ്ടല്ലോ. എ. ഐ. സി സി.

ശശി.. :  എ.ഐ ക്യാമറയിൽ കുടുങ്ങുന്നവർ ഇനിയും കൂടാനാണത്രെ സാധ്യത.

സുഹാസിനി :  ട്രാഫിക് പോലീസ് വിചാരിച്ചാൽ വേണമെങ്കിൽ എണ്ണം കൂട്ടാം.

ശശി:  അതെങ്ങനെ?

സുഹാസിനി.  ക്യാമറക്ക് ചുവട്ടിൽ വച്ച് ബൈക്കിൽ  പോകുന്നവനെ തടഞ്ഞു നിർത്തുക, അപ്പോൾ അയാൾ പോലീസിനോട് സംസാരിക്കാൻ ഹെൽമറ്റ് ഊരും.   ക്യാമറയിൽ ഹെൽമറ്റില്ലാത്ത യാത്രക്ക് ആദ്യത്തെ പിഴ വീണു.  

ശശി.  അതൊന്നും നടക്കില്ല.

സുഹാസിനി :  ആര് പറഞ്ഞു ? പിന്നെ അയാൾ ട്രാഫിക് പോലീസ് പിടിച്ച കാര്യം വീട്ടിലേക്ക് ഫോൺ ചെയ്ത് പറയുന്നു.  യാത്ര ചെയ്യുമ്പോൾ മോബൈൽ ഉപയോഗിച്ചതിന് രണ്ടാമത്തെ പിഴ.

ശശി:  ഇതൊക്കെ നിന്റെ ഭാവനാ സൃഷ്ടികളാണ്. യാഥാർത്ഥ്യമല്ല.

സുഹാസിനി :  എന്റെ ചേട്ടാ, ഇവിടെ ഒരാളെ കുറ്റവാളിയാക്കാൻ  ഏത് പോലീസുകാരനും കഴിയും.. നിരപരാധിത്വം തെളിയിക്കാനാണ് പാട് .. അല്ല പിന്നെ !!