ചിരിയുടെ കൊടുങ്കാറ്റടങ്ങുമ്പോള്‍

രാജന്‍ കിണറ്റിങ്കര - മലയാളിക്ക് ചിരി മാത്രം സമ്മാനിച്ച ഇന്നസെന്റ് എന്ന അതുല്യ പ്രതിഭയ്ക്ക് ചിരിച്ചുകൊണ്ട് യാത്രാമൊഴി നല്‍കാനാവാതെ,കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍,താങ്കളുടെ സാമീപ്യത്താല്‍ സ്വര്‍ഗ്ഗം ഇനി ചിരിയുടെ ഉത്സവപ്പറമ്പാകും.????

ചിരിയുടെ കൊടുങ്കാറ്റടങ്ങുമ്പോള്‍

...........................................................................

തയ്യാറാക്കിയത്‌

രാജന്‍ കിണറ്റിങ്കര

.......................................................................

നടന്‍ ഇന്നസെന്റ് വിടവാങ്ങി.ചിരിയുടെ അലകളടങ്ങാത്ത മലയാളിയുടെ മനസ്സിലേക്ക് തേങ്ങലിന്റെ ഒരു കനലെറിഞ്ഞ് ചിരിയുടെ ഹിമപര്‍വ്വം വിടവാങ്ങി.വെള്ളിത്തിരയിലും മിനി സ്‌ക്രീനിലും തന്റെ വരവിനാല്‍ തന്നെ പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിക്കുന്ന വേദനയിലും മനസ്സില്‍ ഹാസ്യം  വിരിയിക്കുന്ന ചിരിയുടെ ചക്രവര്‍ത്തി.വാക്കുകളിലൂടെ മാത്രമല്ല ഇന്നസെന്റ് മലയാളിയെ ചിരിപ്പിച്ചത്,കൈകള്‍കൊണ്ടും,കാലുകള്‍ കൊണ്ടും മുഖം കൊണ്ടും എന്തിന് ശരീര ചലനങ്ങള്‍ കൊണ്ടു പോലും ഇന്നസെന്റ് പ്രേക്ഷകനെ കുടുകുടാ ചിരിപ്പിച്ചു.  

ചിരിക്കാന്‍ മറന്ന പുതു തലമുറയ്ക്ക് ശുദ്ധഹാസ്യത്തിന്റെ പഞ്ചാമൃതമായിരുന്നു ഇന്നസെന്റ് സിനിമകള്‍.വളരെ സീരിയസ് ആയ കഥാപാത്രങ്ങള്‍ ആയാലും വൈകാരികമായ അഭിനയ മുഹൂര്‍ത്തമായാലും  അഭിനയത്തില്‍ പ്രേക്ഷകന്റെ മനസ്സിനെ വലിഞ്ഞുമുറുക്കാത്ത ഒരു ഇന്നസെന്റ് ടച്ച് അദ്ദേഹം സൂക്ഷിച്ചിരുന്നു.  

ജഗതിയും ഇന്നസെന്റും,ഇവര്‍ അഭിനേതാക്കളായി സിനിമയിലുണ്ടോ എന്ന് നോക്കി മാത്രം തീയേറ്ററില്‍ കയറിയിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു.  പഴയ കാല ബഹദൂര്‍ ഭാസി യുഗത്തില്‍ നിന്ന് മലയാളിയുടെ ഹാസ്യ കാഴ്ചപ്പാടുകള്‍ മാറിയപ്പോള്‍ നായകന് മുന്നില്‍ സ്വയം തോല്‍വികള്‍ ഏറ്റുവാങ്ങി ജഗതി നമ്മളെ ചിരിപ്പിച്ചപ്പോള്‍ സ്വന്തം ന്യായാന്യായങ്ങളിലൂടെ വിജയിച്ച കഥാപാത്രങ്ങളായി നമ്മളെ ഓര്‍ത്തോര്‍ത്ത് ചിരിപ്പിച്ച കലാകാരനായിരുന്നു ഇന്നസെന്റ്.  

 

ആശുപത്രിവാര്‍ഡില്‍ കിടന്നുപോലും നമ്മളെ ചിരിപ്പിക്കുന്ന അനുഭവങ്ങളെഴുതി ക്യാന്‍സര്‍ വാര്‍ഡിലെ ചിരിയാവാന്‍ ഇന്നസെന്റിനല്ലാതെ മറ്റാര്‍ക്ക് കഴിയും?അടുത്ത വീട്ടില്‍ ഒരു മരണം നടന്ന് കരയുന്ന ഗൃഹനാഥനോട് സാരല്യ, ഇതിലും വലുത് എന്തോ വരാനുള്ളത് ഇങ്ങനങ്ങട് പോയി കരുതാ,എന്ന ഹാസ്യം പറഞ്ഞ് നമ്മളെ ചിരിപ്പിക്കാന്‍ വേറെയാരുണ്ട് മലയാളത്തില്‍ ?രോഗത്തെ ചിരി കൊണ്ടു തോല്‍പ്പിച്ച ഭിഷഗ്വരന്‍,ജീവിതം ചിരി മാത്രമാണെന്നും മറ്റെല്ലാം മനസ്സിന്റെ ചാപല്യങ്ങളെന്നും കാണിച്ചു തന്ന തത്വജ്ഞാനി.

പേരുപോലെ ഇന്നസെന്റ് ആയ ആ മുഖവും ആ ഭാവങ്ങളും ഇനി  വരും സിനിമകളില്‍ നമ്മള്‍ കാണില്ല.പക്ഷെ തിലകന്‍ ചേട്ടന്റെ ജസ്റ്റിസ് പിള്ളയെ ചീത്തവിളിക്കുന്ന ലോട്ടറിയടിച്ച കിട്ടുണ്ണി നമ്മളെ വീണ്ടും വീണ്ടും ചിരിപ്പിച്ചു കൊണ്ടിരിക്കും.

ഇഷ്ടത്തിലെ  മറിയാമ്മ തോമസിന് മുന്നില്‍ പോലീസ് സ്റ്റേഷനില്‍ അണ്ടര്‍വെയറില്‍  നില്‍ക്കുന്ന നാരായണന്‍ ചേട്ടനായി,  ദേവാസുരത്തിലെയും രാവണപ്രഭുവിലെയും മംഗലശ്ശേരി നീലകണ്ഠന്റെ ആജ്ഞാനുവര്‍ത്തിയായ കാര്യസ്ഥനായി ചിരിക്കാതെ നമ്മളെ ചിരിപ്പിച്ച ഇന്നസെന്റ് നമ്മുടെ വിരഹസന്ധ്യകളില്‍ വീണ്ടും ഹാസ്യത്തിന്റെ ചിരിക്കിലുക്കം തീര്‍ക്കും.

റാംജി റാവു സ്പീകിംഗ്,കാബൂളിവാല , പൊന്‍മുട്ടയിടുന്ന താറാവ്, മണിച്ചിത്രത്താഴ്,മഴവില്‍ക്കാവടി,ഡോ.പശുപതി, കല്യാണ രാമന്‍ ഓര്‍ക്കുംതോറും തികട്ടിവരുന്ന അങ്ങനെ എത്രയെത്ര കഥാപാത്രങ്ങള്‍.

മലയാളിക്ക് ചിരി മാത്രം സമ്മാനിച്ച ഇന്നസെന്റ് എന്ന അതുല്യ പ്രതിഭയ്ക്ക് ചിരിച്ചുകൊണ്ട് യാത്രാമൊഴി നല്‍കാനാവാതെ,കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍,താങ്കളുടെ സാമീപ്യത്താല്‍ സ്വര്‍ഗ്ഗം ഇനി ചിരിയുടെ ഉത്സവപ്പറമ്പാകും.????