അല്ലാപിന്നെ

ഹാസ്യരൂപകം - രാജന്‍ കിണറ്റിന്‍കര

രാജൻ കിണറ്റിങ്കര

...........................................................................

ശശി:  ദേ, ഇത്തവണ വിഷുക്കണി ഞാൻ ഒരുക്കിക്കൊള്ളാം

സുഹാസിനി:  അതെന്താ, എല്ലാവർഷവും ഞാനല്ലേ ഇത് ചെയ്യുന്നത്

ശശി:   നിന്റെ കണി കണ്ടിട്ടാ മൂന്നുവർഷം കണി തന്നെ ഇല്ലാതെ പോയത്.

സുഹാസിനി:  ഓ,  അമേരിക്കയിലും ചൈനയിലും ഒക്കെ ആളുകൾ കണി കണ്ടിട്ടല്ലേ?

ശശി:   ഈ കണി എന്ന് പറഞ്ഞാൽ കുറെ കൊന്നപ്പൂവും വെള്ളരിക്കയും ചക്കയും മാങ്ങയും ഒക്കെ കൂട്ടി വയ്ക്കലല്ല, അതിനൊക്കെ കണക്കുണ്ട്, സ്ഥാനമുണ്ട്

സുഹാസിനി: ഹേ, പിന്നെ.... അതൊക്കെ പണ്ട്, ഇപ്പോൾ കാണാൻ ഭംഗിവേണം അത്ര തന്നെ.

ശശി:  പണ്ടല്ല, ഇപ്പോഴും അങ്ങനെ തന്നെയാണ്

സുഹാസിനി:  പണ്ട് കവിതക്ക് ചില ചിട്ടവട്ടങ്ങളും  വൃത്തവും ഒക്കെ ഉണ്ടായിരുന്നല്ലോ, ഇപ്പോൾ അങ്ങനെയാണോ?

ശശി:  കവിതപോലെയാണോ വിഷുക്കണി

സുഹാസിനി: നിങ്ങടെ കവിതയും കണിയും ഒരുപോലെതന്നെ.  രണ്ടും അരമണിക്കൂർ നേരത്തേക്കേ ഉള്ളു.

ശശി:  ഞാൻ വാങ്ങിയ  കണിവെള്ളരിക്ക വലുപ്പം കൂടി എന്ന് പറഞ്ഞ് നീ പോയി വാങ്ങികൊണ്ടുവന്നത് അതിലും വലുതാണല്ലോ.

സുഹാസിനി:  ഓ അതൊക്കെ സംഭവിക്കും.  ആയിരം വലിയ നോട്ടാണെന്ന് പറഞ്ഞ് നിരോധിച്ചിട്ട് സർക്കാർ ഇറക്കിയത് അതിലും വലിയ രണ്ടായിരത്തിന്റെ നോട്ടല്ലേ, അല്ല പിന്നെ !!!