ചിന്താബന്ധനത്തടവുകാരോട്

ആശാലത- ചിന്തകളെ നാം സൃഷ്ടിക്കേണ്ടതില്ല.അവ നമുക്കരികിലേക്ക് വരും.സ്വീകരിച്ചാല്‍ മാത്രം മതി.അതാണ് നല്ല സൂത്രം.

ചിന്താബന്ധനത്തടവുകാരോട്

ആശാലത

...............................................................

മനുഷ്യരുടെ ചിന്തകളെക്കുറിച്ച് പറഞ്ഞാലും പറഞ്ഞാലും തീരില്ലല്ലോ.ഒരു തിരയില്‍ നിന്ന് മറ്റൊന്നിനെ ഒഴിവാക്കാന്‍ ശ്രമിക്കുന്തോറും നാം അനന്തമായ കടലില്‍ എത്തിച്ചേരുംവിധമാണ് ചിന്തകളുടെ ഒഴുക്ക്.ചിന്തകളെ നാം സൃഷ്ടിക്കേണ്ടതില്ല.അവ നമുക്കരികിലേക്ക് വരും. സ്വീകരിച്ചാല്‍ മാത്രം മതി.അതാണ് നല്ല സൂത്രം.കയറുകൊണ്ട് കെട്ടിയിട്ട കഴുത സ്വതന്ത്രയാവാന്‍ വേണ്ടി തൂണിനു ചുറ്റും ഉഴറി നടക്കുകയാണ്.ഓരോ തവണ നടക്കുന്തോറും അത് തൂണുമായി കൂടുതല്‍ ബന്ധനത്തിലാവുകയാണ്.നടക്കാനുള്ള ഇടം ചുരുങ്ങുകയാണ്.

ഇതുപോലെയാണ് ചിന്തകളുടെ കെട്ടുപാടുകളില്‍ നിന്നും സ്വയം ഒഴിവാകാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളുടെ പരിണത ഫലവും.ഇനി എന്താണൊരു വഴിയെന്ന് ചോദിച്ചാല്‍ സമൃദ്ധിയോടെയും ഔദാര്യത്തോടെയും ചിന്തകളെ സ്വീകരിക്കുക.വന്നുപൊയ്‌ക്കോട്ടെ. സ്വീകരണച്ചടങ്ങോ യാത്ര അയപ്പോ സംഘടിപ്പിക്കേണ്ടതില്ല.വന്നവര്‍ തനിയേ പൊയ്‌ക്കോളും.

.................................................................