അടുപ്പിന്‍ കല്ല് (കവിത)

അടുപ്പിന്‍ കല്ല്  (കവിത)

രാജന്‍ കിണറ്റിങ്കര

..............................................................

 

കരിപുരളാത്ത പുത്തന്‍

ഉടുപ്പായിരുന്നു 

തോളിലേറ്റി

കൊണ്ടുവരുമ്പോള്‍ ..

ചാച്ചും ചരിച്ചും

എന്തൊരു

ശ്രദ്ധയും സ്‌നേഹവും

ആയിരുന്നു

എന്നെയൊന്നു

സ്ഥാനത്തിരുത്താന്‍ ..

നോക്കിനില്‍ക്കെ

എന്റെ കവിളിലൂടെ

ഒലിച്ചിറങ്ങിയ

പാല്‍ തുള്ളികള്‍ക്ക്

ആദ്യപ്രണയത്തിന്റെ

മധുരമായിരുന്നു ..

തട്ടിയും മുട്ടിയും

എന്റെ ദേഹമൊന്നു

നോവാതിരിക്കാന്‍

എത്ര

ക്ഷമയായിരുന്നു

എന്നോട് പെരുമാറുമ്പോള്‍ ..

ഞാനിരിക്കുന്ന

സ്ഥാനത്തിന്റെ

ശ്രേഷ്ഠതയാണത്രെ 

വീട്ടില്‍

ഐശ്വര്യം വരാന്‍ ..

എത്ര പേര്‍ക്ക്

വച്ചുവിളമ്പിയിരിക്കുന്നു

എത്ര ഭാരങ്ങള്‍

ഈ നെഞ്ചില്‍

ചുമന്നിരിക്കുന്നു ..

എത്ര പൊള്ളിച്ചിരിക്കുന്നു

എത്ര തവണ

കനല്‍ കൊണ്ട്

കുത്തി നോവിച്ചിരിക്കുന്നു ..

എല്ലാം സഹിച്ചിട്ടും

ക്ഷമിച്ചിട്ടും

ആളിക്കത്താതിരുന്ന 

എന്റെ കരിമുഖം

ഇപ്പോള്‍

അപശകുനമാണത്രെ ...

അതിനാലാണ്

എന്റെ സ്ഥാനം

മൂന്നു ബര്‍ണറുള്ള

ഒരു ഗ്യാസ് പേഷ്യന്റ്

കയ്യടക്കിയത് ...

എപ്പോഴും 

പൊട്ടിത്തെറിക്കാമെങ്കിലും

തേച്ചുമിനുക്കിയാല്‍

സുന്ദരിയാകുമത്രേ!

............................................................