കൊയ്ത്ത് പാടത്തൊരു ബാല്യം
നാളത്തെ പുലരിയില്‍ ഉപ്പു ചേര്‍ത്ത് ഭക്ഷിക്കാന്‍ അത് ഊഴം കാത്ത് കിടക്കുമ്പോള്‍,മനസ്സില്‍ കാറ്റില്‍ പൊഴിയുന്ന ഓരോ കണ്ണിമാങ്ങയുടെയും കണക്കെടുപ്പ് നടത്തുകയായിരുന്നു ഇടനാഴികയിലെ സിമന്റു തറയില്‍ അമ്മയോടൊട്ടി കിടന്ന് ഒരു ബാല്യം
രചന: രാജന്‍ കിണറ്റിങ്കര

മറ്റൊരു മാര്‍ച്ച് മാസത്തിന്റെ അസ്തമനത്തിലേക്ക് ഘടികാരസൂചി മെല്ലെ ചലിക്കുമ്പോള്‍ കട്ടവിണ്ട പാടങ്ങളില്‍ ഓര്‍മ്മകളുടെ ആറ്റക്കുരുവികള്‍ നെന്മണികള്‍ കൊത്തിപ്പെറുക്കുന്നു.വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ തുടങ്ങുന്ന അവധിക്ക് മധ്യവേനല്‍ അവധി എന്ന് പേരിട്ടവന്‍ ആരായാലും ബാല്യകൗമാരങ്ങളുടെ അടുക്കളമുറ്റത്തെ താളില കുമ്പിളില്‍ ഒരു മഴത്തുള്ളി വീഴാതെ നിന്ന് തുളുമ്പുന്നു.
ഇരുട്ട് വീണിട്ടും കളി നിര്‍ത്താതെ തുന്നുപൊട്ടിയൊരു പഴയ ഫുട്ബാള്‍ കാലുകളില്‍ നിന്നും കാലുകളിലേക്ക് നിശായാത്ര ചെയ്യുന്നു. വേലിപ്പടര്‍പ്പില്‍ പടം പൊഴിച്ചൊരു പാമ്പിന്റെ ശീല്‍ക്കാരം,മേഘങ്ങള്‍ വഴിമാറിയ ആകാശഗോപുരത്തിന് ചുവട്ടില്‍ ഒരു ബാല്യം നിര്‍ഭയം നക്ഷത്രഭംഗി നുകരുകയാണ്.
പഞ്ചായത്ത് കുളത്തിലെ നീരാട്ട് കഴിഞ്ഞ് ഗ്രാമത്തിലെ പണിക്കാരി പെണ്ണുങ്ങള്‍ കടവൊഴിഞ്ഞപ്പോള്‍ ചൂണ്ടയില്‍ കോര്‍ത്ത ഇരയുമായി ഒരു പരല്‍മീനിനു കാവലിരുന്ന കാലത്തിന്റെ ചെമ്മണ്‍പാതയിലേക്ക് വീണ്ടുമൊരു മടക്കയാത്ര.

പാടത്തിന് അതിര്‍ത്തിപ്പാകുന്ന കവുങ്ങിന്‍ തോപ്പുകള്‍ക്കിടയില്‍ വിഷുവിന്റെ വരവറിയിച്ചുകൊണ്ട് ചില കൊന്നമരങ്ങള്‍ പൂത്തുലഞ്ഞു നില്‍ക്കുന്നു, ആരും ഗൗനിക്കാതെ.വിഷുത്തലേന്ന് മാത്രം ഇതള്‍ പൊഴിയാതെ, തണ്ടൊടിയാതെ സ്‌നേഹിച്ചു കൊല്ലുന്ന മണമില്ലാത്ത പൂക്കള്‍. ഭട്ടിക്കായലിലെ വെള്ളം വറ്റിയ ആമ്പല്‍ പാടങ്ങളില്‍ നിന്നും ചിറകടിച്ചുയരുന്ന ഒരു പറ്റം ഇരണ്ട പക്ഷികള്‍,അവ ലക്ഷ്യമില്ലാതെ എങ്ങോട്ടോ പറന്നകലുമ്പോള്‍ അകലെ കുന്നിന്‍ ചരിവിലെ കുടിലുകളില്‍ റാന്തല്‍ വിളക്കുകള്‍ തെളിഞ്ഞു തുടങ്ങിയിരുന്നു.അങ്ങാടിയിലെ പച്ചമീന്‍ കൊട്ടയിലെ അവസാന മത്തിയും വിലപേശി വാങ്ങി നാടന്‍ കള്ളിന്റെ ആലസ്യത്തില്‍ ആരോടെന്നില്ലാതെ സംസാരിച്ച് ഇടവഴി കയറിപ്പോകുന്ന ചില നിഷ്‌കളങ്ക മനുഷ്യര്‍, ഗ്രാമത്തിന്റെ ചിതലരിക്കാത്ത അടയാളങ്ങളായി അവര്‍ കാലത്തിനൊപ്പം ഇരുട്ടിന്റെ മറവിലൂടെ വെളിച്ചമില്ലാതെ, പരാതിയില്ലാതെ,പരിഭവങ്ങള്‍ ഇല്ലാതെ നിലത്തുറക്കാത്ത ചുവടുകളുമായ് മുള്ളും കല്ലും താണ്ടി വീട് ലക്ഷ്യമാക്കി നീങ്ങുന്നു.
ഗ്രാമത്തിന് അതിര് കാക്കുന്ന ഭാരതപ്പുഴയില്‍ തെളിനീരിന്റെ വേനല്‍ ഉറവകള്‍. അകലെ ആല്‍മരങ്ങള്‍ക്ക് മുകളില്‍ വട്ടമിട്ടു പറക്കുന്ന കഴുകന്‍ കൂട്ടങ്ങള്‍, പരീക്ഷ ചൂടില്‍ വിയര്‍ത്തു പൊള്ളുന്ന മനസ്സിലേക്ക് നിലാവിന്റെ കുളിരുമായി പുഴ കടവിനെ ചുംബിച്ചുകൊണ്ടൊഴുകി.
ആനയെ തന്റെ മുളം തോട്ടിയില്‍ നിയന്ത്രിച്ചു നിര്‍ത്തുന്ന പാപ്പാനെ പോലെ ഒരു പുഴയെ തന്റെ തുഴക്കോലില്‍ ഒതുക്കി നിര്‍ത്തുന്ന തോണിക്കാരന്‍ കുഞ്ഞുമാനിക്കായും ഒരു ബീഡിക്ക് തീ കൊളുത്തി നടന്നകന്നിരിക്കുന്നു. മുനിഞ്ഞു കത്തുന്ന മെഴുകുതിരിക്കും ചിമ്മിനി വിളക്കിനും മുന്നില്‍ സിമന്റ് തറയില്‍ കമിഴ്ന്നു കിടന്ന് പുസ്തകം നിവര്‍ത്തിവച്ച് പരീക്ഷ കണ്ടുപിടിച്ചവനെ ശപിച്ചിരുന്ന ബാല്യത്തിന്റെ ഓര്‍മ്മപച്ചകള്‍ ഇനിയും കരിഞ്ഞിട്ടില്ല.പരീക്ഷകളില്‍ നിന്ന് പരീക്ഷണങ്ങളിലേക്ക് നടന്നു കയറിയ യൗവനത്തിന്റെ നടവഴികളില്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ചുവപ്പു മഷിപുരണ്ടു കിടക്കുന്നു.
ഓര്‍മ്മകളുടെ ഇല പൊഴിയാത്ത മേല്‍ക്കൂരയില്‍ നിന്നും കാറ്റ് പൊഴിച്ച ഒരു കണ്ണിമാങ്ങ തകരപ്പാത്തിയിലൂടെ രാത്രിയുടെ താളത്തിനൊപ്പം നടുമുറ്റത്തേക്ക് ശയനപ്രദക്ഷിണം ചെയ്യുന്നു.
നാളത്തെ പുലരിയില്‍ ഉപ്പു ചേര്‍ത്ത് ഭക്ഷിക്കാന്‍ അത് ഊഴം കാത്ത് കിടക്കുമ്പോള്‍,മനസ്സില്‍ കാറ്റില്‍ പൊഴിയുന്ന ഓരോ കണ്ണിമാങ്ങയുടെയും കണക്കെടുപ്പ് നടത്തുകയായിരുന്നു ഇടനാഴികയിലെ സിമന്റു തറയില്‍ അമ്മയോടൊട്ടി കിടന്ന് ഒരു ബാല്യം. കണക്കുകള്‍ തെറ്റുന്ന യൗവന വാര്‍ദ്ധക്യത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ക്ക് മേലെ മനക്കണക്കുകളില്‍ തോല്‍വി അറിയാത്ത ഒരു സ്‌കൂള്‍ കാലം നെഞ്ചുവിരിച്ച് നില്‍ക്കുന്നു.
അകലെ ഏതോ ക്ഷേത്രത്തില്‍ നിന്നും പൂരം കഴിഞ്ഞ അവസാനത്തെ വെടിക്കെട്ടിന്റെ പ്രകമ്പനങ്ങള്‍. ആകാശത്ത് വിരിഞ്ഞു പൊട്ടുന്ന ചിത്ര കുടകളില്‍ കരവിരുതിന്റെ മാന്ത്രിക ദണ്ഡുമായി ഉത്സവപ്പറമ്പിലെ ഒരു കോണില്‍ വിശ്രമിക്കുന്ന മരുന്ന് പണിക്കാര്‍.
പൂരപ്പറമ്പിലെ അവസാന പടക്കവും പൊട്ടിച്ചിതറും വരെ നെഞ്ചിടിപ്പോടെ പ്രാര്‍ത്ഥനാ നിരതരായി കൈകള്‍ കൂട്ടിപ്പിണച്ച് ഇരിക്കുന്ന അവര്‍ക്ക് തിരിയണഞ്ഞ ഒരു പടക്കം ഒടുവില്‍ ശബ്ദമില്ലാത്തെ പൊട്ടിയണയുമ്പോള്‍ അവരുടെ ഉറക്കമിളച്ച രാത്രികള്‍ക്കും വിയര്‍പ്പൊഴുക്കിയ പകലുകള്‍ക്കും ആശ്വാസത്തിന്റെ നെടുവീര്‍പ്പുകള്‍.
അടുത്ത ആഴ്ച പരീക്ഷ തുടങ്ങാത്രെ,ഈ കുട്ടിക്ക് പഠിക്കാനൊന്നും ഇല്ലേ, എന്ന ചോദ്യങ്ങള്‍ പലവുരു വീട്ടിനകത്തു നിന്നും ഉമ്മറമുറ്റത്തേക്ക് നീണ്ടു വന്നു.വല്യ ആളാവണമെങ്കില്‍ പഠിക്കണം,പരീക്ഷ പാസാവണം,ജോലി കിട്ടണം എന്നൊക്കെ വാത്സല്യത്തോടെ ചില ഉപദേശങ്ങള്‍ വേറെയും,വീട്ടുകാരുടെ മാത്രമല്ല നാട്ടുകാരുടെ ഉപദേശങ്ങള്‍ക്കും ഒരു കരുതലിന്റെ, സ്‌നേഹത്തിന്റെ തലോടലുണ്ടായിരുന്നു.
മുറ്റത്തെ ഗോമാവും തൊടിയിലെ പ്ലാവും വലുതായത് പഠിച്ചിട്ടും പരീക്ഷ എഴുതിയിട്ടും ഒന്നും അല്ലെന്ന് ബാല്യത്തിന്റെ കുസൃതികള്‍ ഓര്‍മ്മപ്പെടുത്തിയെങ്കിലും അനുസരണയുള്ള കുട്ടിയായി തലയാട്ടി ഉപദേശങ്ങളെ സ്വീകരിക്കാനായിരുന്നു ഇഷ്ടം.
മാര്‍ച്ചിന്റെ സന്ധ്യാംബരത്തിന് പഴയ തുടുപ്പില്ല, നിറം മങ്ങിയ കാഴ്ചകളിലേക്ക് ഒരു പരീക്ഷക്കാലം നിസ്സംഗതയോടെ പടി കയറിവരുന്നു. ചോദ്യങ്ങള്‍ കൊണ്ട് വീര്‍പ്പു മുട്ടിക്കുന്ന കാഴ്ചവട്ടങ്ങളില്‍ ഒരു കൈതോല പമ്പരവുമായി ഒരു പൊട്ടിയ സൈക്കിള്‍ ചക്രമുരുട്ടി ഗ്രാമത്തിന്റെ ആളൊഴിഞ്ഞ കൊയ്ത്ത് പാടങ്ങളില്‍ ഞാനെന്റെ ബാല്യത്തിന് കൂട്ടിരിക്കുന്നു.



