പത്രത്തിലും ചുവന്ന ഹെഡിങ്

അഹമ്മദ് സിനാൻ കെ, പൊന്മുണ്ടം - പെട്ടെന്ന് അവൾ നിലവിളിച്ചു. മൗനത്തിൽ മുങ്ങിക്കിടന്ന ഗ്രാമത്തിന്റെ ആകാശത്ത് മിസൈലുകളുടെ കാതടപ്പിക്കുന്ന ശബ്ദം ഉയർന്നു.

പത്രത്തിലും ചുവന്ന ഹെഡിങ്


ഉറക്കച്ചടവിൽ നിന്ന് ഉണർന്നപ്പോൾ അവൾ കണ്ടത് രക്തം വാർന്നൊരു പ്രഭാതമായിരുന്നു. മുഖത്ത് ഭയം നിഴലിച്ചു. ചുറ്റുമെല്ലാം എന്തോ അസ്വാഭാവികത. മരങ്ങളിലെ ഇലകളിൽ രക്തക്കറകൾ പതിഞ്ഞതുപോലെ. മുറ്റത്തെ പൊടിപടലങ്ങൾക്കും ചുവപ്പിന്റെ നേരിയ ചായം. പൂക്കളുടെ സുഗന്ധം പോലും മങ്ങിപ്പോയിരുന്നു.
മുറ്റത്തേക്ക് ഓരോ ചുവടും വെക്കുമ്പോൾ അവളുടെ ഹൃദയമിടിപ്പ് കൂടിക്കൊണ്ടിരുന്നു. എവിടെയോ എന്തോ ഭയാനകമായത് സംഭവിക്കുന്നുവെന്ന തോന്നൽ അവളെ വിട്ടുമാറിയില്ല.
പെട്ടെന്ന് അവൾ നിലവിളിച്ചു. മൗനത്തിൽ മുങ്ങിക്കിടന്ന ഗ്രാമത്തിന്റെ ആകാശത്ത് മിസൈലുകളുടെ കാതടപ്പിക്കുന്ന ശബ്ദം ഉയർന്നു.
ഭയന്ന് അവൾ വീടിനുള്ളിലേക്ക് ഓടിക്കയറി. നിലത്ത് കിടന്നിരുന്ന പത്രം എടുത്ത് നിവർത്തി. അതിലെ ചുവന്ന വലിയ ഹെഡിങ് അവളുടെ കണ്ണുകളെ തറപ്പിച്ചു.
"അമേരിക്ക - ഇറാൻ; യുദ്ധക്കളത്തിൽ 452 മരണം."
വാർത്ത വീണ്ടും വീണ്ടും വായിച്ചുകൊണ്ടിരിക്കെ പുറത്തുനിന്ന് മിസൈലുകളുടെ ശബ്ദം വീണ്ടും അവളുടെ കാതുകളിലെത്തി.
ഉപ്പയെ നഷ്ടപ്പെട്ട ഓർമ്മ അവളെ ഉമ്മയുടെ അടുത്തേക്ക് ഓടിച്ചെത്തിച്ചു.
"ഉമ്മ..."
നീണ്ട ആ വിളിക്കുശേഷം അവൾ വിറയുന്ന ശബ്ദത്തിൽ ചോദിച്ചു.
"ഇന്നത്തെ പത്രം പറയുന്നു... നമ്മുടെ ഗ്രാമത്തിലും യുദ്ധത്തിൽ കുറേ ആളുകൾ മരിച്ചുവെന്ന്."
ഉമ്മ അവളെ നെഞ്ചോടുചേർത്തു.
"മോളേ... കുറേ കാലമായി സ്കൂളുകളും കളിസ്ഥലങ്ങളും അടഞ്ഞുകിടക്കുകയാണ്. മോൾക്ക് വേണ്ട പഠനമെല്ലാം ഉമ്മ ഇവിടെ നിന്ന് തന്നെ പഠിപ്പിച്ചുതരാം."
എന്നാൽ അവളുടെ മനസ്സിലുണ്ടായിരുന്ന ചോദ്യം മറ്റൊന്നായിരുന്നു.
"ഉമ്മ... ഉപ്പ പോയിട്ട് ഒരുപാടായില്ലേ? ഉപ്പ എവിടെയാ? എപ്പോഴാ തിരികെ വരുന്നത്?"
ആ ചോദ്യം കേട്ടപ്പോൾ ഉമ്മയുടെ മുഖം വാടിപ്പോയി. മറുപടി പറയാൻ വാക്കുകൾ കിട്ടിയില്ല.
അവൾ വീണ്ടും ചോദ്യം ആവർത്തിച്ചു.
ഒടുവിൽ വിങ്ങിപ്പൊട്ടിയ ശബ്ദത്തിൽ ഉമ്മ പറഞ്ഞു:
"മോളേ... നമ്മുടെ ഉപ്പ... യുദ്ധത്തിൽ..."
അതിന് അപ്പുറം വാക്കുകൾ പുറത്തുവന്നില്ല.
ഉമ്മയുടെ കവിളിലൂടെ കണ്ണീർ ഒഴുകി.
സത്യം മനസ്സിലാക്കിയ അവൾ പൊട്ടിക്കരഞ്ഞു. അടുത്ത നിമിഷം, സ്വന്തം ദുഃഖം മറന്ന് അവൾ ഉമ്മയെ ചേർത്തുപിടിച്ചു. ആ മൗന ആലിംഗനത്തിൽ യുദ്ധം കവർന്നെടുത്ത ഒരു കുടുംബത്തിന്റെ മുഴുവൻ വേദനയും നിറഞ്ഞുനിന്നു.

രചന :അഹമ്മദ് സിനാൻ കെ, പൊന്മുണ്ടം
മഅദിൻ സ്കൂൾ ഓഫ് എക്സലൻസ്

.........................................

പാട്ട് കാണുന്നതിനായി ചിത്രത്തില്‍ ലിങ്ക് ചെയ്യുക

വെറുതെ ഒരു ആലാപനം | VERUTHE ORU ALAPANAM ASHALATHA | SINGER