പ്രണയച്ചിറകിലെ ഈയാം പാറ്റകൾ

പ്രണയച്ചിറകിലെ ഈയാം പാറ്റകൾ

ജയശ്രീ രാജേഷ്

      മുംബൈ

..........................................

നീയെന്ന മഷിതൊട്ട്
ഞാനെന്റെ ഹൃദയത്തിൽ 
കുറിച്ചിരുന്നതെല്ലാം
നിന്നിലേക്ക് മാത്രം നീളുന്ന വരികളായിരുന്നു
നിനക്ക് മാത്രം 
വായിച്ചെടുക്കാനാകുന്ന
എന്നിലെ 
മൊഴികളായിരുന്നു .
നിന്നിലുദിച്ച്‌
 എന്നിലസ്തമിക്കുന്ന
എന്റെ സന്ധ്യകളിൽ 
ചേക്കേറിയിരുന്ന 
മൗനത്തിന്റെ 
കുഞ്ഞാറ്റ കിളികൾക്ക് 
സന്ധ്യയുടെ
 വർണ്ണരാജിയിൽ 
പ്രണയത്തിന്റെ
 ആർദ്രരാഗം .
പാതി വഴിയിൽ
ദിശാ ഭംഗം വന്ന 
 എന്റെ കിനാവിന്റെ
 നിലാവരമ്പത്ത്
കാത്തിരിപ്പിന്റെ  
രാപ്പാടികൾ മൂളിയത്
പ്രണയത്തിന്റെ
നിലാ നൊമ്പരങ്ങൾ .
കാലം ചവിട്ടിമെതിച്ച
ഓർമ്മകളുടെ ഇരുണ്ട
 ഇടനാഴികകളിൽ
നീയെന്ന വെളിച്ചത്തിലേക്ക്
അറിയാതെ 
പാറിയെത്തുന്ന
എന്റെ പ്രണയത്തിൻ ഈയാംപാറ്റകൾക്ക് 
യാഥാർത്ഥ്യങ്ങളുടെ
മൺ വിളക്കിൽ
ആത്മാഹുതി .....