ഒരു വാക്കു മതി വളര്‍ത്താനും തളര്‍ത്താനും

ജോര്‍ജ്ജ് കാടന്‍കാവില്‍- മറ്റുള്ളവര്‍ നന്നാകുന്നതു കൊണ്ട് എനിക്കെന്താ ഗുണം എന്നു ചിന്തിക്കുന്നവര്‍ക്ക് ഇത് സാധിക്കില്ല കേട്ടോ.അവര്‍ കൂടുതല്‍ പൊരുത്തക്കേടുകള്‍ നേരിട്ടു കൊണ്ടേയിരിക്കും.ഓര്‍ക്കുക,ഒരു മോശം വാക്കോ,ഭാവമോ മതി ബന്ധം വഷളാക്കാന്‍.

ഒരു വാക്കു മതി വളര്‍ത്താനും തളര്‍ത്താനും

ജോര്‍ജ്ജ് കാടന്‍കാവില്‍

(Director Bethlehem Matrimonial

Ernakulam, Kerala, India)

.............................................

ഒരനുഭവം പങ്കു വെയ്ക്കാം.ഞാന്‍ താമസിക്കുന്ന ബ്‌ളെസ്സ് റിട്ടയര്‍മെന്റ് ഹോമിലെ നടപ്പാതയുടെ അരികില്‍ ഒരു കൃത്രിമ വെള്ളച്ചാട്ടമുണ്ട്,അതോട് ചേര്‍ന്ന് കുറേ ഇല്ലിമുളകള്‍ കൂട്ടമായി വളരുന്നു,അലങ്കാര മുളകളാണ് വെച്ചു പിടിപ്പിച്ചിരിക്കുന്നത്.അതില്‍ പുതിയ മുളകള്‍ പൊട്ടി മുളച്ചു വരുന്നത് കാണാന്‍ നല്ല ഭംഗിയാണ്.മണ്ണിനടിയില്‍ നിന്നും തലയൊന്നു പുറത്തേക്കിടാനായി വെമ്പല്‍ കൊണ്ട്,അതങ്ങനെ വിജൃംഭിച്ചു നില്‍ക്കുന്നതു കാണുമ്പോള്‍,ഇവന്‍ ഇന്നു തന്നെ തല പുറത്തിടും എന്നു തോന്നിപ്പോകും.പക്ഷേ ഇന്നു വരും നാളെ വരും എന്നു തോന്നിപ്പിക്കുമെങ്കിലും,തല പുറത്തു വന്ന് ഏതാനും കുഞ്ഞിലകള്‍ വിരിയുമ്പോഴേക്കും മാസങ്ങള്‍ കുറേ എടുക്കും.

ഒരു ദിവസം ഞാനൊരു പരോപകാരം ചെയ്തു.വിരിയാന്‍ എളുപ്പമാകട്ടെ എന്നുദ്ദേശിച്ച്, വിരിയാന്‍ വെമ്പി നിന്ന ഒരു മുളം കൂമ്പിന് ചുറ്റുമുള്ള മണ്ണ് ഞാന്‍ അല്പം ഇളക്കിയിട്ടു കൊടുത്തു.എങ്കിലും എന്റെ അത്ര ആവേശം ഒന്നും ആ മുളയക്ക് ഉണ്ടായില്ല,അത് സാവകാശം അതിന്റേതായ സമയം എടുത്ത് മാത്രമേ തല പുറത്തിട്ടുള്ളു. പക്ഷേ ആ കൂമ്പിന് നല്ല വലുപ്പം ഉണ്ടായിരുന്നിട്ടും,മെലിഞ്ഞ് ശോഷിച്ച വണ്ണം കുറഞ്ഞ ഒരു മുളം തണ്ടായിട്ടാണ് അത് വളര്‍ന്നു വന്നത്.കഷ്ടം! വെളുക്കാന്‍ തേച്ചത് പാണ്ടായല്ലോ എന്ന് എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി.പിന്നൊരിക്കലും മുളയുടെ ചുവട് മാന്താനോ, വളരാന്‍ നിര്‍ബന്ധിക്കാനോ ഞാന്‍ ശ്രമിച്ചില്ല.ഉള്ള വളര്‍ച്ച കണ്ട് ആസ്വദിക്കുകയും, അഭിമാനിക്കുകയും, സന്തോഷിക്കുകയും ചെയ്താല്‍ മതി എന്ന് ഞാന്‍ മനസ്സില്‍ നിശ്ചയിച്ചു.

ആദ്യത്തെ ഒരടി ഉയരം വളര്‍ന്നു കഴിഞ്ഞാല്‍, പിന്നീടുള്ള അതിന്റെ വളര്‍ച്ച ഫാസ്റ്റ് ട്രാക്കിലാണ്.ഇരുപത് ദിവസം കൊണ്ട് ഇരുപതടി ഉയരം വളര്‍ന്നത് ദിവസേന ഫോട്ടോ എടുത്ത് ഞാന്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ട്.എന്നും ഈ മുളം കൂട്ടത്തില്‍ നിന്ന് ഫോട്ടോ എടുക്കുന്നത് ശ്രദ്ധിച്ച എന്റെ സഹവാസികള്‍ ചോദിക്കും,എന്താ ഇവിടെ വിശേഷം എന്ന്. അവരോട് പുതുതായി പുറത്തു വന്ന ഒരു മുളം തൈ കാണിച്ച് ഞാന്‍ മുളയുടെ കഥ പറഞ്ഞു കൊടുത്തു.അനേക മാസങ്ങള്‍ മണ്ണിനടിയില്‍ ഞെരുങ്ങി കിടന്ന് വളരാനുള്ള കരുത്താര്‍ജിച്ചിട്ടാണ് ഇവന്‍ പുറത്തു വരുന്നത്.പുറത്തു വന്നാല്‍ പിന്നെ,മറ്റൊരു സസ്യത്തിനും ഇല്ലാത്ത അത്ര വേഗത്തിലാണ് ഇവന്റെ വളര്‍ച്ച എന്നൊക്കെ വിവരിക്കും. ദിവസവും ആരെയെങ്കിലും വിളിച്ച് ഈ മുളയുടെ അടുത്തു നിര്‍ത്തി ഫോട്ടോ എടുക്കും. അവരെ ഈ മുളയുടെ മുന്‍ ദിവസങ്ങളിലെ പടങ്ങള്‍ കാണിച്ച് വളര്‍ച്ചയുടെ വേഗത്തെക്കുറിച്ച് ചര്‍ച്ച ചെയ്യും.ഇതു കൊള്ളാമല്ലോ എന്ന് എല്ലാവരും തലകുലുക്കും.

അങ്ങിനെ നല്ല ശ്രദ്ധയും ധാരാളം പ്രശംസയും അംഗീകാരവും ഒക്കെ ലഭിച്ചിട്ടാവണം,ആ മുളംതൈ മറ്റുള്ളവയെ അപേക്ഷിച്ച് അല്പം കൂടുതല്‍ കരുത്തിലും വണ്ണത്തിലും വേഗത്തിലും വളര്‍ന്നു വന്നു.ഇപ്പോള്‍ ആ കൂട്ടത്തിലെ ഏറ്റവും ഉയരമുള്ള മുളയായി വളര്‍ന്നിരിക്കുന്നു.

ആ മുളംതൈയ്യിന്,അതിന്റെ ആരുമല്ലാത്ത ചിലരില്‍ നിന്നും അനുകൂലമായ പരിചരണം ലഭിച്ചതു കൊണ്ട് വളര്‍ന്ന് കൂടുതല്‍ ഉയരങ്ങളിലെത്താന്‍ സാധിച്ചു.പ്രതികൂലമായ പരിചരണം ലഭിച്ച മുളംതൈ ശോഷിച്ചു പോവുകയാണ് ചെയ്തത്.

മനുഷ്യരുടെ കാര്യത്തിലും ഇതു തന്നെയല്ലേ അവസ്ഥ.നമ്മള്‍ ഇടപെടുന്ന ഓരോ മനുഷ്യരെയും, വളര്‍ത്താനോ തളര്‍ത്താനോ ഉള്ള നിമിത്തങ്ങള്‍ ആണ് നമ്മുടെ ഓരോ വിധത്തിലുള്ള പെരുമാറ്റം വഴി,നമ്മള്‍ നടത്തി കൊണ്ടിരിക്കുന്നത്.പലപ്പോഴും വളര്‍ത്തുന്നതിനേക്കാള്‍ കൂടുതല്‍, തളര്‍ത്തുന്ന പെരുമാറ്റമല്ലേ നമ്മള്‍ കാണിക്കാറുള്ളത്?

ഓരോ മനുഷ്യനും,അവരുടെ ജന്മസിദ്ധമായ വാസനകളും,വളര്‍ച്ചക്കിടയില്‍ അവരുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ,അവരിടപഴകിയ എല്ലാവരിലും നിന്നുമായി ലഭിച്ച്,അവരെ സ്വാധീനിച്ച ചിന്തകളും,സ്വഭാവ രീതികളും ആണ് സ്വായത്തം ആക്കുന്നതും, പ്രകടിപ്പിക്കുന്നതും.അതു പക്ഷേ, നമുക്ക് പരിചയം ഇല്ലാത്തതോ,ഇഷ്ടമില്ലാത്തതോ ആയ രീതികള്‍ ആണെങ്കില്‍,സ്വാഭാവികമായും അവരോട് ഇടപെടാന്‍ നമുക്ക് മടിയും ഭയവും വെറുപ്പും ഒക്കെ തോന്നും.

ഇതു പോലെ തന്നെ ആയിരിക്കും നമ്മുടെ പെരുമാറ്റവും മറ്റുള്ളവര്‍ കാണുന്നത് എന്ന് മറക്കരുത്. കാരണം അവരില്‍ നിന്നും വ്യത്യസ്തമായ വിധത്തില്‍ ആയിരിക്കും നമ്മള്‍ വളര്‍ന്നു വന്നിരിക്കുന്നത്.നമുക്കും ഉണ്ട് പലതരം ജന്തു പ്രകൃതങ്ങള്‍. ഇങ്ങിനെ രണ്ടു കുട്ടരുടെ പ്രകൃതങ്ങള്‍ തമ്മില്‍ ചേരാന്‍ പ്രയാസപ്പെടുന്നതിനെയാണ് പൊരുത്തക്കേട് എന്ന് പറയുന്നത്.

നമ്മളോട് സഹകരിക്കാന്‍ മടിയുള്ളവരുടെ പോലും സഹകരണം നേടി, അവരുടെ കഴിവും ശക്തിയും സിദ്ധികളും നമ്മുടെ ഏതെങ്കിലും ആവശ്യത്തിന് പ്രയോജനപ്പെടുത്തണമെങ്കില്‍, അവരുടെ വളര്‍ച്ചയ്ക്കു സഹായിക്കുന്ന നിലപാടെടുക്കുക എന്നതാണ് ഏറ്റവും ഉത്തമ മാര്‍ഗ്ഗം. അവരുടെ നന്മകളെ തിരിച്ചറിയുക,അംഗീകരിക്കുക,പ്രശംസിക്കുക, അതില്‍ അഭിമാനിക്കുക.ഇത്രയും മതി, പൊരുത്തക്കേടിന്റെ അസ്വസ്ഥതകള്‍ മാറ്റിയെടുക്കാന്‍.

Nur-tur-in-g   പരിചരിക്കല്‍, ഈ വാക്ക് മനസ്സിരുത്തി ശ്രദ്ധിക്കണം.ഉചിതമായ പരിചരണം കൊണ്ട് ജീവിത പങ്കാളിയെയും മക്കളെയും നിങ്ങള്‍ക്ക് സ്ഥിരമായി ഇടപെടേണ്ട ആരെയും, നിങ്ങള്‍ക്കു യോജിക്കുന്ന പ്രകൃതമുള്ളവരാക്കി വളര്‍ത്താനും, അതു വഴി പൊരുത്തക്കേടുകള്‍ മയപ്പെടുത്താനും സാധിക്കും എന്ന് വിശ്വസിക്കണം.അതിനു വേണ്ടി മടുപ്പില്ലാതെ ദീര്‍ഘനാള്‍ പരിശ്രമിക്കാനും തയാറാകണം.

പ്രിയപ്പെട്ടവരെ നമുക്ക് വളര്‍ത്തുന്ന സ്വഭാവമുള്ളവരാകാം.നമ്മുടെ ചുറ്റുമുള്ള, നമ്മള്‍ ഇടപെടുന്ന ഏതൊരാള്‍ക്കും,അവരുടെ അറിവോ, കഴിവോ,സിദ്ധികളോ വളരാന്‍ അനുകൂലമായ സാഹചര്യം ഒരുക്കുക.അപ്പോള്‍ അവരുടെ വളര്‍ച്ചയില്‍ നമുക്കും അഭിമാനം തോന്നും. അതു വഴി സ്വയം ബഹുമാനം തോന്നും.അവരുമായുള്ള പൊരുത്തക്കേടുകള്‍ അപ്രസക്തമായി മാഞ്ഞുപോകും.നമ്മള്‍ ചെയ്ത് കൊടുത്തതിന് ഒക്കെ കണക്ക് പറഞ്ഞ് മുഷിപ്പിക്കാതിരുന്നാല്‍,അത് മനസ്സിലാക്കുന്നവരില്‍ നിന്നും നമുക്ക് തിരികെയും ബഹുമാനം ലഭിക്കും.

മറ്റുള്ളവര്‍ നന്നാകുന്നതു കൊണ്ട് എനിക്കെന്താ ഗുണം എന്നു ചിന്തിക്കുന്നവര്‍ക്ക് ഇത് സാധിക്കില്ല കേട്ടോ.അവര്‍ കൂടുതല്‍ പൊരുത്തക്കേടുകള്‍ നേരിട്ടു കൊണ്ടേയിരിക്കും.ഓര്‍ക്കുക,ഒരു മോശം വാക്കോ,ഭാവമോ മതി ബന്ധം വഷളാക്കാന്‍.

മറക്കല്ലേ, ഒരു നല്ല വാക്കോ ഭാവമോ മതി ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍